സാഫ് കപ്പ് കിക്കോഫ് മത്സരത്തില്‍ പാകിസ്താനെതിരായ ഹാട്രിക് പ്രകടനത്തിലൂടെ റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി. അന്താരാഷ്ട്ര ഗോൾ വേട്ടക്കാരിൽ താരം നാലാം സ്ഥാനത്തെത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോ (123), അലി ദേയ് (109), ലയണൽ മെസ്സി (103) എന്നിവരാണ് ഗോളുകളുടെ എണ്ണത്തിൽ ഇനി ഛേത്രിക്ക് മുന്നിലുള്ളത്. ദേശീയ ടീമിനായുള്ള ഛേത്രിയുടെ ഗോൾ നേട്ടം 138 മത്സരങ്ങളിൽ നിന്ന് 90 ആയി.
89 ഗോളുകളുള്ള മുൻ മലേഷ്യൻ താരം മൊക്തർ ദഹാരിയെയാണ് ഛേത്രി മറികടന്നത്. സജീവ കളിക്കാരുടെ ലിസ്റ്റിൽ താരം മൂന്നാം സ്ഥാനത്താണ്. പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോയും അർജന്റീന സൂപ്പർ താരം മെസ്സിയും മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്.
സാഫ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്യുന്ന രണ്ടാമത്തെ താരമാണ് ഇന്ത്യൻ നായകൻ
ഈ മത്സരത്തോടെ പാകിസ്താനെതിരെ ഹാട്രിക് നേടുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും ഛേത്രി സ്വന്തമാക്കി. ബഹദൂർ താപ്പ, ജെജെ ലാൽ പെഖുല, മലയാളിയായ ഐ എം വിജയൻ എന്നിവരാണ് പാക് പടയ്ക്കെതിരെ ഹാട്രിക് നേടിയ മറ്റ് താരങ്ങൾ. ഇന്ത്യൻ കുപ്പായത്തിൽ ഛേത്രിയുടെ നാലാമത്തെ ഹാട്രിക്കാണ് ഇത്. സാഫ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്യുന്ന രണ്ടാമത്തെ താരമാണ് ഇന്ത്യൻ നായകൻ. ടൂർണമെന്റിൽ 20 ലധികം ഗോളുകൾ നേടിയ രണ്ട് കളിക്കാരിൽ ഒരാളാണ് അദ്ദേഹം. 21 ഗോളുകളുള്ള ഛേത്രി മാലിദ്വീപിന്റെ അലി അഷ്ഫാഖിന്റെ (23) പിന്നിലാണ്.
നായകൻ ഛേത്രിയുടെ ഹാട്രിക്ക് ഉൾപ്പെടെ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്ത്യ പാകിസ്താനെ ചാരമാക്കിയത്. ആദ്യ 10 മിനിറ്റിനുള്ളിൽ തന്നെ ഇന്ത്യയ്ക്കായി ഗോൾ കണ്ടെത്തിയ ക്യാപ്റ്റൻ പിന്നീട് 16-ാം മിനിറ്റിലും 74-ാം മിനിറ്റിലും ലഭിച്ച പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ച് ഹാട്രിക് തികച്ചു.