കാലവും താരങ്ങളും ക്രിക്കറ്റ് നിയമങ്ങളും മാറി. പക്ഷെ ഒരു ലോകകപ്പ് എത്തുമ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ കിരീടസാധ്യത എന്ന ചോദ്യത്തിന് ഉത്തരം ഒന്നുമാത്രമാണുള്ളത്, ഓസ്ട്രേലിയ. കഴിഞ്ഞ അഞ്ച് ലോകകപ്പുകളില്‍ മൂന്ന് തവണയും കപ്പുയര്‍ത്തിയത് ഓസീസാണെന്നത് തന്നെ അവരുടെ ആധിപത്യത്തിന് അടിവരയിടുന്നതാണ്. ഇപ്രാവശ്യം ഓസ്ട്രേലിയക്ക് അല്‍പ്പം വൈകാരികം കൂടിയാണ് ടൂര്‍ണമെന്റ്. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയ പ്രമുഖ താരങ്ങളുടെ അവസാന ഏകദിന ലോകകപ്പ് കൂടിയാകും ഇത്.
കരുത്തുറ്റ ടീമുമായി തന്നെയാണ് ഓസ്ട്രേലിയ ഇന്ത്യയിലേക്ക് വണ്ടി കയറിയിരിക്കുന്നത്. പതിവിന് വിപരീതമായി കംഗാരുപ്പടയ്ക്കായി തന്ത്രങ്ങള്‍ മെനയുന്നത് ഇത്തവണ പാറ്റ് കമ്മിന്‍സെന്ന ബൗളറാണ്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയെടുത്തത് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സി മികവിനെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു. ഓള്‍റൗണ്ട് മികവുള്ള ടീമുമായി കിരീടം തിരിച്ചുപിടിക്കുക എന്ന ദൗത്യമാണ് കമ്മിന്‍സിന് മുന്നിലുള്ളത്.
ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓപ്പണര്‍മാരിലൊരാളായ ഡേവിഡ് വാര്‍ണറിനൊപ്പം കൂട്ടാളിയായി ആര് ഇറങ്ങുമെന്നതാണ് ചോദ്യം. ട്രാവിസ് ഹെഡ്, മിച്ച് മാര്‍ഷ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് ഓസ്ട്രേലിയക്ക് മുന്നിലുള്ളത്. വാര്‍ണര്‍-ഹെഡ് കൂട്ടുകെട്ട് സ്കോറിങ് വേഗതയ്ക്ക് സഹായകരമാണ്. 2007 ലോകകപ്പില്‍ ആദം ഗില്‍ക്രിസ്റ്റ് - മാത്യു ഹെയ്ഡന്‍ കൂട്ടുകെട്ടിന് സമാനമായിരിക്കും ഇത്. ഇനി ലെഫ്റ്റ് ഹാന്‍ഡ്-റൈറ്റ് ഹാന്‍ഡ് സന്തുലിത നിലനിര്‍ത്തണമെങ്കില്‍ മാര്‍ഷിനെ ഉപയോഗിക്കേണ്ടതായി വരും.
ഏത് ബാറ്റിങ് തകര്‍ച്ചയില്‍ നിന്നും ഓസ്ട്രേലിയയെ കരകയറ്റാന്‍ കെല്‍പ്പുള്ള സ്റ്റീവ് സ്മിത്തിന്റെ സാന്നിധ്യം ഇത്തവണയും എതിര്‍പാളങ്ങളിലെ സമ്മര്‍ദം ഇരട്ടിക്കും. ഗ്ലെന്‍ മാക്സ്വെല്‍, അലക്സ് ക്യാരി, മാര്‍ക്കസ് സ്റ്റോയിനിസ് ത്രയം ബാറ്റിങ് കരുത്ത് വര്‍ധിപ്പിക്കുന്നു. മാക്സ്വല്ലും സ്റ്റോയിനിസും ട്വന്റി 20 ശൈലിയില്‍ ഏകദിനത്തിലും ബാറ്റ് വീശാന്‍ കെല്‍പ്പുള്ളവരാണ്. കാമറൂണ്‍ ഗ്രീന്‍ എന്ന ഓള്‍റൗണ്ടര്‍ എക്സ് ഫാക്ടറാകാനുള്ള സാധ്യതയുമുണ്ട്.
ബോളിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പരുക്ക് ഓസ്ട്രേലിയന്‍ ക്യാമ്പിലെ പ്രധാന ആശങ്കയാണ്. സ്റ്റാര്‍ക്കിന്റെ അഭാവം ഓസ്ട്രേലിയന്‍ ബോളിങ് നിരയെ ദുര്‍ബലമാക്കുന്നതായാണ് അടുത്തിടെ നടന്ന മത്സരങ്ങളെല്ലാം വ്യക്തമാക്കുന്നത്. സീന്‍ ആബട്ട്, ജോഷ് ഹെയ്സല്‍വുഡ് എന്നിവരുടെ മോശം ഫോമും കമ്മിന്‍സിന്റെ ജോലിഭാരം വര്‍ധിപ്പിക്കുന്നതാണ്. ആദം സാമ്പയായിരിക്കും ടീമിന്റെ ഒന്നാം സ്ഫിന്നര്‍. പാര്‍ട്ട് ടൈം സ്പിന്നറുടെ ഉത്തരവാദിത്തം മാക്സ്വല്ലിനായിരിക്കും.
ഓസ്ട്രേലിയന്‍ ടീം
പാറ്റ് കമ്മിൻസ്, സ്റ്റീവ് സ്മിത്ത്, അലക്സ് ക്യാരി, ജോഷ് ഇംഗ്ലിസ്, സീൻ ആബട്ട്, ആഷ്ടൺ അഗർ, കാമറൂൺ ഗ്രീൻ, ജോഷ് ഹെയ്സൽവുഡ്, ട്രാവിസ് ഹെഡ്, മിച്ച് മാർഷ്, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാർണർ, ആദം സാമ്പ, മിച്ചൽ സ്റ്റാർക്ക്.
ഓസ്ട്രേലിയയുടെ മത്സരങ്ങള്‍
ഇന്ത്യ - ഒക്ടോബര്‍ എട്ട്, ചെന്നൈ.
ദക്ഷിണാഫ്രിക്ക - ഒക്ടോബര്‍ 12, ലഖ്നൗ.
ശ്രീലങ്ക - ഒക്ടോബര്‍ 16, ലഖ്നൗ.
പാക്കിസ്ഥാന്‍ - ഒക്ടോബര്‍ 20, ബംഗളൂരു.
നെതര്‍ലന്‍ഡ്സ് - ഒക്ടോബര്‍ 25, ഡല്‍ഹി.
ന്യൂസിലന്‍ഡ് - ഒക്ടോബര്‍ 28, ധര്‍മശാല.
ഇംഗ്ലണ്ട് - നവംബര്‍ നാല്, അഹമ്മദാബാദ്.
അഫ്ഗാനിസ്ഥാന്‍ - നവംബര്‍ ഏഴ്, മുംബൈ.
ബംഗ്ലാദേശ് - നവംബര്‍ 11, പൂനെ.