ഏകദിന ലോകകപ്പിനുള്ള ടീമിനെ ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡായിരുന്നു. മുതിര്‍ന്ന താരവും ഓള്‍റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസന്റെ നേതൃത്വത്തിലാണ് ഇത്തവണ ബംഗ്ലാദേശ് എത്തുന്നത്. രാജ്യം കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായ തമിം ഇഖ്ബാലിന് ടീമില്‍ സ്ഥാനം ലഭിച്ചില്ല. കഴിഞ്ഞ ജൂലൈയില്‍ വിരമിച്ച ശേഷം തമീം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നിര്‍ദേശപ്രകാരം തീരുമാനം മാറ്റിയിരുന്നു. ന്യൂസിലന്‍ഡിനെതിരെ അടുത്തിടെ പൂര്‍ത്തിയായ പരമ്പരയില്‍ തമീമിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ലോകകപ്പിലേക്കുള്ള എന്‍ട്രി ലഭിച്ചില്ല. പരുക്കാണ് താരത്തിന് വിനയായത്.
ഷാക്കിബ് നയിക്കുന്ന ടീമില്‍ ഉപനായകനായ ലിറ്റണ്‍ ദാസായിരിക്കും ഓപ്പണര്‍. തന്‍സിദ് ഹസനായിരിക്കും ലിറ്റണൊപ്പം ഇന്നിങ്സിന് തുടക്കമിടുക. മൂന്നാമനായി മുന്‍നിരയിലെത്തുക നജ്മുള്‍ ഹൊസൈനാവാനാണ് സാധ്യത. മധ്യനിരയുടെ ഉത്തരവാദിത്തങ്ങള്‍ ഷാക്കിബിനും തൗഹിദ് ഹ്രിദോയ്ക്കും മുഷ്ഫിഖര്‍ റഹീമിനുമായിരിക്കും. മഹമ്മദുള്ളയും മെഹെദി ഹസനുമായിരിക്കും ബാറ്റിങ് ലൈനപ്പിലെ അവസാന സ്ഥാനക്കാര്‍. ഏത് സ്ഥാനത്തും മെഹദിയെ പ്രതീക്ഷിക്കാം. ഈ വര്‍ഷം തന്നെ നാല് വ്യത്യസ്ത സ്ഥാനങ്ങളില്‍ മെഹദി ബാറ്റ് ചെയ്തിട്ടുണ്ട്. എന്നാലും ഏഴാം നമ്പറാണ് താരത്തിന് നല്‍കിയിരിക്കുന്ന സ്ഥിരസ്ഥാനം.
ടസ്കിന്‍ അഹമ്മദ്, ഷൊറിഫുള്‍ ഇസ്ലാം, ഹസന്‍ മഹമ്മൂദ്, മുസ്തഫിസൂര്‍ റഹ്മാന്‍ നാല്‍വര്‍ സംഘമാണ് പേസ് നിരയിലുള്ളത്. ഇന്ത്യന്‍ മൈതാനങ്ങളിലെ പരിചയം മുസ്തഫിസൂറിന് ഗുണകരമായേക്കും. ഷൊറിഫുള്‍ ന്യൂബോളില്‍ അപകടകാരിയാണ്. ഏഷ്യ കപ്പിലെ പ്രകടനം ഇടം കയ്യന്‍ സ്പിന്നര്‍ നാസും അഹമ്മദിനേയും ലോകകപ്പ് ടീമിലേക്ക് എത്തിച്ചു. തന്‍സിദ്, ഷൊറിഫുള്‍, ഹ്രിദോയ്, തന്‍സിം എന്നിവര്‍ 2020 അണ്ടര്‍ 19 ലോകകപ്പ് ടീമിന്റെ ഭാഗമായവരാണ്. യുവത്വവും പരിചയസമ്പത്തും ഇണക്കിയാണ് ബംഗ്ലാദേശ് ഇന്ത്യയിലേക്ക് എത്തുന്നത്.
കളിച്ച ആറ് ലോകകപ്പില്‍ ഇന്നുവരെ ഒരു തവണ പോലും സെമി പ്രവേശനം സാധ്യമാക്കാന്‍ ബംഗ്ലാദേശിനായിട്ടില്ല. ഏത് വമ്പന്മാരെയും അട്ടിമറിക്കാന്‍ കെല്‍പ്പുള്ള താരങ്ങളുള്ള ടീമാണെങ്കിലും എല്ലാ ഐസിസി ടൂര്‍ണമെന്റുകളിലും കിതയ്ക്കുന്നതല്ലാതെ കുതിക്കാനാകുന്നില്ല. 2015 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. 2019ലാകട്ടെ ഗ്രൂപ്പ് ഘട്ടം കൊണ്ട് കിരീട സ്വപ്നങ്ങള്‍ ഉപേക്ഷിക്കേണ്ടതായും വന്നു.
ബംഗ്ലാദേശ് ടീം
ഷാക്കിബ് അൽ ഹസൻ, ലിറ്റൺ ദാസ്, തൻസീദ് ഹസൻ തമീം, നജ്മുൽ ഹൊസൈൻ ഷാന്റോ, തൗഹിദ് ഹൃദോയ്, മുഷ്ഫിഖുർ റഹീം, മഹ്മൂദുള്ള റിയാദ്, മെഹിദി ഹസൻ മിറാസ്, നസുമ് അഹമ്മദ്, മെഹിദി ഹസൻ, തസുർ മഹീദി ഹസൻ റഹ്മാൻ, ഹസൻ മഹമ്മൂദ്, ഷൊറിഫുൾ ഇസ്ലാം, തൻസിം ഹസൻ സാക്കിബ്.
ബംഗ്ലാദേശിന്റെ മത്സരങ്ങള്‍
അഫ്ഗാനിസ്ഥാന്‍ - ഒക്ടോബര്‍ ഏഴ്, ധര്‍മശാല.
ഇംഗ്ലണ്ട് - ഒക്ടോബര്‍ 10, ധര്‍മശാല.
ന്യൂസിലന്‍ഡ് - ഒക്ടോബര്‍ 13, ചെന്നൈ.
ഇന്ത്യ - ഒക്ടോബര്‍ 19, പൂനെ.
ദക്ഷിണാഫ്രിക്ക - ഒക്ടോബര്‍ 24, മുംബൈ.
നെതര്‍ലന്‍ഡ്സ് - ഒക്ടോബര്‍ 28, കൊല്‍ക്കത്ത.
പാക്കിസ്ഥാന്‍ - ഒക്ടോബര്‍ 31, കൊല്‍ക്കത്ത.
ശ്രീലങ്ക - നവംബര്‍ 06, ഡല്‍ഹി.
ഓസ്ട്രേലിയ - നവംബര്‍ 11, പൂനെ.