യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന്റെ സെഞ്ചുറി മികവില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തിന്റെ ആദ്യദിനം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് എന്ന നിലയിലാണ്. സെഞ്ചുറി നേടയ ജയ്‌സ്വാളും അരങ്ങേറ്റ താരം രജത് പാട്ടീദാറുമാണ് ക്രീസില്‍.
174 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 119 റണ്‍സുമായാണ് ജയ്‌സ്വാള്‍ പുറത്താകാതെ നില്‍ക്കുന്നത്. തന്റെ ആദ്യ ടെസ്റ്റ് കളിക്കുന്ന പാട്ടീദാര്‍ 21 റണ്‍സ് നേടിയിട്ടുണ്ട്. 14 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മ, 34 റണ്‍സ് നേടിയ മധ്യനിര താരം ശുഭ്മാന്‍ ഗില്‍, ശ്രേയസ് 59 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 27 റണ്‍സ് നേടിയ ശ്രേയസ് അയ്യര്‍ എന്നിവരാണ് പുറത്തായ താരങ്ങള്‍.
പരുക്കേറ്റ മുന്‍ ഉപനായകന്‍ കെഎല്‍ രാഹുല്‍, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങിയത്. ഇവര്‍ക്കു പകരം അരങ്ങേറ്റ താരം രജത് പാട്ടീദാര്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരാണ് ആദ്യ ഇലവനില്‍ ഇടംപിടിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
എന്നാല്‍ മികച്ച തുടക്കമെന്ന ലക്ഷ്യം സാധിച്ചില്ല. ഒന്നാം വിക്കറ്റില്‍ 40 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രോഹിത് വീണു. ഇംഗ്ലണ്ടിന്റെ പാക് വംശജനായ സ്പിന്നര്‍ ഷോയ്ബ് ബഷീറിന്റെ പന്തില്‍ ഒലി പോപ്പ് പിടികൂടുകയായിരുന്നു. പിന്നീട് ഗില്ലിനൊപ്പം ചേര്‍ന്ന് ജയ്‌സ്വാള്‍ മറ്റൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പക്ഷേ അധികം ആയുസുണ്ടായില്ല. രണ്ടാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഗില്ലിനെ മടക്കി ജയിംസ് ആന്‍ഡേഴ്‌സണ്‍ പ്രഹരമേല്‍പിച്ചു.
പിന്നീട് ശ്രേയസാണ് ജയ്‌സ്വാളിനു കൂട്ടായി എത്തിയത്. മികച്ച സ്‌ട്രോക്‌പ്ലേയിലൂടെ സ്‌കോര്‍ ചലിപ്പിച്ച ഇരുവരും മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 90 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ എത്തിച്ചു. ഈ കൂട്ടുകെട്ട് അപകടകാരമായി മാറുമെന്നു തോന്നിച്ച ഘട്ടത്തില്‍ സ്പിന്നര്‍ ടോം ഹാര്‍ട്‌ലിയെ തിരിച്ചുവിളിച്ച ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ തീരുമാനം ശരിയായി. 59 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 27 റണ്‍സ് നേടിയ ശ്രേയസിനെ വീഴ്ത്തി ഹാര്‍ട്‌ലി പാര്‍ട്ണര്‍ഷിപ്പ് പൊളിച്ചു. വീണ്ടുമൊരു തകര്‍ച്ചയിലേക്ക് വഴുതാതെ ടീമിനെ കൈപിടിച്ച് ഉയര്‍ത്തുകയെന്ന ലക്ഷ്യമാണ് ഇനി ജയ്‌സ്വാളിനും പാട്ടീദാറിനും മുന്നിലുള്ളത്.