ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ടീം ഇന്ത്യയുടെ പുതിയ ജഴ്‌സി പുറത്തിറക്കി. അഡിഡാസാണ് ഇന്ത്യൻ ടീമിന്റെ പുതിയ ജഴ്‌സി ഡിസൈനര്‍. ബിസിസിഐ യുമായി 5 വർഷത്തെ കരാറാണ് അഡിഡാസ് ഒപ്പിട്ടിരിക്കുന്നത്. ജൂൺ 7 ന് ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പുതുപുത്തന്‍ ജഴ്‌സിയിലാണ് രോഹിത് ശര്‍മയും സംഘവും ഇറങ്ങുക.
ടെസ്റ്റ്-ഏകദിന-ട്വന്റി20 ഫോര്‍മാറ്റുകള്‍ക്കുള്ള ജഴ്‌സി ഇന്നു വൈകിട്ടാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ അഡിഡാസ് പ്രകാശനം ചെയ്തത്. മുംബൈയിലെ വാങ്ക്ഡെ സ്റ്റേഡിയത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നു വരുന്ന മൂന്ന് നിറങ്ങളിലുള്ള ജഴ്‌സികളുടെ വീഡിയോ ആണ് അഡിഡാസ് പങ്ക് വച്ചിരിക്കുന്നത്.
പ്രതീകാന്മക സ്റ്റേഡിയത്തിൽ, പ്രതീകാന്മക മുഹൂർത്തത്തിൽ ഇന്ത്യൻ ടീമിന്റെ ജഴ്‌സികൾ അവതരിപ്പിക്കുന്നു എന്നാണ് അഡിഡാസ് കുറിച്ചത്. രോഹിത് ശർമ, വിരാട് കോഹ്ലി തുടങ്ങിയ താരങ്ങൾ അഡിഡാസിന്റെ പുതിയ പരിശീലന ജഴ്‌സിയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. മാർച്ച് 2028 വരെയാണ് അഡിഡാസുമായിട്ടുള്ള ബിസിസിഐയുടെ കരാർ.
സാധാരണ പോലെ വെള്ള നിറത്തിലുള്ള ടെസ്റ്റ് ജഴ്‌സിയില്‍, പക്ഷേ തോള്‍ഭാഗത്ത് നീല നിറത്തില്‍ മൂന്നു വരകള്‍ നല്‍കിയിട്ടുണ്ട്. വൈറ്റ്‌ബോള്‍ ക്രിക്കറ്റിനു വേണ്ടി രണ്ടു തരം ജഴ്‌സികളാണ് തയാറാക്കിയിരിക്കുന്നത്. കടും നീല നിറത്തില്‍ ഏകദിന ജഴ്‌സിയും ഇളം നീല നിറത്തില്‍ ടി20 ജഴ്‌സിയും രൂപകല്‍പന ചെയ്തിരിക്കുന്നു. ഇവയുടെ രണ്ടിന്റെയും തോള്‍ ഭാഗത്ത് വെള്ള നിറത്തിലുള്ള വരകളും നല്‍കിയിട്ടുണ്ട്.
പുതിയ ജഴ്‌സിയില്‍ ടീം ഇന്ത്യയുടെ സ്‌പോണ്‍സര്‍മാരുടെ പേരില്ലെന്നതും ശ്രദ്ധേയമാണ്. ടീമിന്റെ പേര്, ബിസിസിഐയുടെ ലോഗോ, അഡിഡാസിന്റെ ലോഗോ, നേടിയ ലോകകപ്പുകളുടെ എണ്ണം സൂചിപ്പിക്കുന്ന മൂന്ന് നക്ഷത്രങ്ങള്‍ എന്നിവ മാത്രമാണ് ജഴ്‌സിയുടെ മുന്‍വശത്തുള്ളത്.