CRICKET

'അത് തെറ്റ്'; കമ്മിന്‍സ് ധോണിയെ മാതൃകയാക്കണമായിരുന്നുവെന്ന് സ്‌റ്റോക്‌സ്‌

2011ൽ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിനിടെയുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ആരാധകർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്

വെബ് ഡെസ്ക്

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ അവസാന ദിനത്തില്‍ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോയുടെ പുറത്താകല്‍ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ ക്രിക്കറ്റ് ലോകത്ത് നടന്ന ഒരു സമാന സംഭവം ചൂണ്ടിക്കാട്ടുകയാണ് ആരാധകർ. 2011ൽ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിനിടെയാണ് സംഭവം. ആ ടെസ്റ്റിന്റെ മൂന്നാം ദിനം ചായയ്ക്ക് പിരിയുന്നതിന് മുൻപുള്ള ഓവറിലെ അവസാന ബോളിൽ ഇംഗ്ലണ്ടിന്റെ ഇയാൻ ബെൽ റണ്ണൗട്ടായി.

ഇഷാന്ത് ശര്‍മ എറിഞ്ഞ പന്ത് ലെഗ് സൈഡിലേക്ക് ഗ്ലാന്‍സ് ചെയ്ത ബെല്ലിന്റെ ഷോട്ട് ബൗണ്ടറി ലൈനില്‍ മിന്നുന്ന ഡൈവിങ്ങിലൂടെ ഇന്ത്യന്‍ യുവ താരം അഭിനവ് മുകുന്ദ് സേവ് ചെയ്തു. എന്നാല്‍ ബെല്‍ കരുതിയത് പന്ത് ബൗണ്ടറി ലൈന്‍ ക്രോസ് ചെയ്തുവെന്നാണ്. അതോടെ പന്ത് ഡെഡ് ആയെന്നു കരുത്തി ഇംഗ്ലീഷ് താരം ക്രീസ് വിട്ടിറങ്ങുകയും ചെയ്തു. ഇതിനിടെ മുകുന്ദിന്റെ ത്രോ അന്നത്തെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയിലേക്ക് എത്തുകയും ധോണി ഉടന്‍ തന്നെ സ്റ്റംപ് ഇളക്കുകയും ചെയ്തു.

ഇന്ത്യന്‍ താരങ്ങള്‍ ശക്തമായി അപ്പീല്‍ ചെയ്യുമ്പോള്‍ അന്തം വിട്ടുനില്‍ക്കുകയായിരുന്നു ബെല്‍. അപ്പീല്‍ പരിഗണിച്ച അമ്പയര്‍മാര്‍ റീപ്ലേ പരിശോധിച്ചപ്പോള്‍ പന്ത് ബൗണ്ടറി ലൈന്‍ കടന്നിരുന്നില്ല, അതിനാല്‍ തന്നെ പന്ത് ഡെഡ് ആയിരുന്നതുമില്ല. ഇതോടെ ബെല്‍ പുറത്തായെന്നു മൂന്നാം അമ്പയര്‍ വിധിച്ചു. അന്യായ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇംഗ്ലണ്ട് ആരാധകർ ഇന്ത്യൻ താരങ്ങളെ കൂവുകയായിരുന്നു.

പിന്നീടായിരുന്നു ട്വിസ്റ്റ്. ധോണിക്കരികിലേക്ക് നടന്നെത്തിയ ഫീല്‍ഡിലുണ്ടായിരുന്ന ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ നായകനുമായി സംസാരിക്കുന്നു. പിന്നീട് ധോണി അമ്പയര്‍മാരുമായും ആശയവിനിമയം നടത്തി അറിയിച്ചു ഇന്ത്യ അപ്പീല്‍ പിന്‍വലിക്കുന്നുവെന്ന്. ഇന്ത്യന്‍ നായകന്റെ തീരുമാനം മാനിച്ച് അമ്പയര്‍മാര്‍ ഇയാന്‍ ബെല്ലിനെ തിരിച്ചു വിളിക്കുകയും ബാറ്റിങ് തുടരാന്‍ അനുവദിക്കുകയും ചെയ്തു. ധോണി അപ്പീൽ പിൻവലിച്ചതോടെ ഇടവേളയ്ക്ക് ശേഷം ബെൽ ക്രീസിൽ തിരിച്ചെത്തി. ധോണിയുടെ സ്‌പോർട്‌സ്‌മാൻഷിപ്പിന് ഏറെ പ്രശംസ ലഭിച്ചെങ്കിലും കളിയുടെ നിയമപ്രകാരം അപ്പീൽ തികച്ചും അർഹതപ്പെട്ടതായിരുന്നു.

ബെയർസ്റ്റോയുടെ റണ്ണൗട്ട് വിവാദമായതിന് പിന്നാലെയാണ് ധോണിയും ബെല്ലും ഉൾപ്പെട്ട സംഭവത്തിന്റെ വീഡിയോകൾ ആരാധകർ ട്വിറ്ററിൽ പങ്കുവച്ചത്. ധോണിയുടെ സ്പോർട്ട്സ്മാൻ സ്പിരിറ്റിനെ ഓർമിപ്പെടുത്തുന്നതായിരുന്നു ഈ താരതമ്യം. നിയമമനുസരിച്ച് ബെയർസ്റ്റോയുടെ പുറത്താകലിൽ തെറ്റില്ല. ബുദ്ധിയോടും ശ്രദ്ധയോടും കൂടിയ ക്യാരിയുടെ വിക്കറ്റ് കീപ്പിങ്ങിന്റെയും ബെയർസ്റ്റോയുടെ ഏകാഗ്രതയില്ലായ്മയുടെയും ഉ​ദാഹരണമായിരുന്നു ഈ സംഭവം. ബെല്ലിന്റെ സാഹചര്യത്തിലും ഇത് ബാധകമാണ്. തന്റെ ഭാഗത്തുനിന്നുള്ള പിഴവാണെന്ന് അദ്ദേഹം തന്നെ പിന്നീട് സമ്മതിച്ചിട്ടുമുണ്ട്.

ആഷസ് ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിന് ദയനീയ പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ജയത്തിനായി നായകന്‍ ബെന്‍ സ്‌റ്റോക്‌സ് കിണഞ്ഞു പൊരുതിയിട്ടും ഇംഗ്ലണ്ട് ലക്ഷ്യത്തിനകലെ വീണു. ഓസീസ് ഉയര്‍ത്തിയ 371 റണ്‍സ് എന്ന ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 327 റണ്‍സിനു പുറത്താകുകയായിരുന്നു.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം