ക്രിക്കറ്റ് ലോകകപ്പിനുള്ള ടീം തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുൽ ദ്രാവിഡ്, നായകന്‍ രോഹിത് ശർമ്മ എന്നിവരുമായി ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗർക്കാർ കൂടിക്കാഴ്ച നടത്തും. വെസ്റ്റ് ഇൻഡീസിൽ വച്ചാണ് കൂടിക്കാഴ്‌ച. ഏകദിന ലോകകപ്പ് തുടങ്ങാൻ രണ്ടര മാസം മാത്രം ശേഷിക്കവേയാണ് കൂടിക്കാഴ്ച.
പുരുഷ ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി നിയമിതനായ ശേഷം അജിത് അഗാർക്കാർക്ക് ഇതുവരെ ടീമിനെ നേരിട്ട് കാണാനുള്ള അവസരം ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ത്യയുടെ പട്ടിക ഏതു രീതിയിലാണ് തയ്യാറാക്കപ്പെടുന്നതെന്ന് അറിയാനുള്ള അവസരം കൂടിയാണ് ഇത്. ടീമിന്റെ തലമുറ മാറ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം. പരുക്ക്, ഫിറ്റ്നസ് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച ശേഷമാകും ടീമിന്റെ അന്തിമ പ്രഖ്യാപനം നടത്തുക.
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലന നടത്തുന്ന ജസ്പ്രീത് ബുമ്രയുടെ ഫിറ്റ്‌നസ് നിലയെക്കുറിച്ചും ചർച്ച ചെയ്യുമെന്നാണ് വിവരം. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ നിന്ന് അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയതിന് ശേഷം ബുംറ ഗ്രൗണ്ടിലിറങ്ങിയിട്ടില്ല. ഏഷ്യാ കപ്പിന്റെ അവസാന മത്സരവും ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പും ബുംറയ്ക്ക് നഷ്ടമായിരുന്നു.
അതേസമയം എൻസിഎയുടെ സ്പോർട്സ് സയൻസ് ആൻഡ് മെഡിക്കൽ യൂണിറ്റ് ബുമ്രയ്ക്ക് ഇതുവരെ ആർടിപി (റിട്ടേൺ ടു പ്ലേ) സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. ഇതുലഭിക്കാതെ രാജ്യാന്തര ടീമിലേയ്ക്ക് തിരികെയെത്താൻ ബുമ്രയ്ക്ക് സാധിക്കില്ല.