CRICKET

മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആവേശപ്പോരാട്ടം; ഇന്ത്യ 263-ന് പുറത്ത്, 28 റണ്‍സ് ലീഡ്

കിവീസ് സ്പിന്നര്‍മാര്‍ക്കു മുന്നില്‍ പതറിയ ഇന്ത്യക്ക് മധ്യനിര താരങ്ങളായ ശുഭ്മാന്‍ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളാണ് തുണയായത്

വെബ് ഡെസ്ക്

ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആവേശപ്പോരാട്ടം. മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഇന്ത്യ തങ്ങളുടെ ഒന്നാമിന്നിങ്‌സില്‍ 263 റണ്‍സിന് പുറത്തായി. ആദ്യ ദിനം ന്യൂസിലന്‍ഡിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 235-ല്‍ അവസാനിപ്പിച്ച ഇന്ത്യക്ക് ഇതോടെ 28 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡായി. മൂന്നു മത്സര പരമ്പരയില്‍ ഇതാദ്യമായാണ് ഇന്ത്യ ഒന്നാമിന്നിങ്‌സ് ലീഡ് നേടുന്നത്.

സ്പിന്നിനെ തുണയ്ക്കുന്ന വാങ്ക്‌ഡെയിലെ പിച്ചില്‍ കിവീസ് സ്പിന്നര്‍മാര്‍ക്കു മുന്നില്‍ പതറിയ ഇന്ത്യക്ക് മധ്യനിര താരങ്ങളായ ശുഭ്മാന്‍ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളാണ് തുണയായത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 96 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. ഗില്‍ 146 പന്തുകള്‍ നേരിട്ട് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 90 റണ്‍സ് നേടി ടോപ് സ്‌കോററായി.

ഏകദിന ശൈലിയില്‍ ബാറ്റു വീശിയ പന്ത് 59 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 60 റണ്‍സാണ് നേടിയത്. ഇവര്‍ക്കു പുറമേ 36 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 38 റണ്‍സുമായി പുറത്താകാതെ നിന്ന വാഷിങ്ടണ്‍ സുന്ദറും 52 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 30 റണ്‍സ് നേടിയ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളുമാണ് മികച്ച സംഭാവന നല്‍കിയ മറ്റു രണ്ട് ബാറ്റര്‍മാര്‍. ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും കിവീസ് സ്പിന്‍ ആക്രമണത്തിന് മറുപടി നല്‍കാനായില്ല.

നായകന്‍ രോഹിത് ശര്‍മ(18), മുന്‍ നായകന്‍ വിരാട് കോഹ്ലി(4), മധ്യനിര താരങ്ങളായ സര്‍ഫറാസ് ഖാന്‍(0), രവീന്ദ്ര ജഡേജ(14), രവിചന്ദ്രന്‍ അശ്വിന്‍(6) എന്നിവര്‍ നിരാശപ്പെടുത്തി. ന്യൂസിലന്‍ഡിനു വേണ്ടി 98 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ അജാസ് അഹമ്മദാണ് ബൗളിങ്ങില്‍ തിളങ്ങിയത്. മാറ്റ് ഹെന്റ്‌റി, ഗ്ലെന്‍ ഫിലിപ്‌സ്, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച കിവീസ് നേരത്തെ തന്നെ 2-0 എന്ന നിലയില്‍ പരമ്പര നേടിക്കഴിഞ്ഞു. മൂന്നാം ടെസ്റ്റിലും ജയം ആവര്‍ത്തിച്ച് ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ മണ്ണില്‍ പരമ്പര തൂത്തുവാരുകയാണ് കിവീസിന്റെ ലക്ഷ്യം. അതേസമയം വൈറ്റ് വാഷ് ഒഴിവാക്കി മാനം കാക്കാനാണ് ടീം ഇന്ത്യയുടെ ശ്രമം.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി