വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം അജിൻക്യ രഹാനെ ഇംഗ്ലീഷ് കൗണ്ടിയിൽ കളിക്കുമെന്ന് റിപ്പോർട്ട്. ചേതേശ്വർ പൂജാരയ്ക്ക് ശേഷം ഇംഗ്ലീഷ് കൗണ്ടിൽ ഈ സീസണിൽ കളിക്കുന്ന ആദ്യ താരമാകുകയാണ് അജിൻക്യ രഹാനെ. രണ്ടാം ഡിവിഷൻ ക്ലബ് ലെസ്റ്റർഷെയറിനായാണ് രഹാന കളിക്കളത്തിലിറങ്ങുക.
ഐ പിഎല്ലിൽ തിളങ്ങിയതിനു ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിലേക്ക് കരുത്തോടെ തിരിച്ചെത്താൻ രഹാനെക്ക് സാധിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ ഫൈനലിൽ ഒന്നാം ഇന്നിങ്സിൽ 89 റൺസ് നേടി ടീമിലെ ടോപ് സ്കോററായി മാറി. രണ്ടാം ഇന്നിങ്സിൽ 46 റൺസ് നേടാനും താരത്തിനു സാധിച്ചു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്തതോടെയാണ് രഹാനെ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്. ശ്രേയസ് അയ്യർ, , കെ എൽ രാഹുൽ എന്നിവർക്ക് പരിക്കേറ്റതോടെ രഹാനെയുടെ തിരിച്ചുവരവിന് ഇടയാക്കി.
കഴിഞ്ഞ ജനുവരിയിൽ തന്നെ രഹാനെ ലെസ്റ്ററുമായി കരാറിലേർപ്പെട്ടുവെന്നാണ് റിപ്പോർട്ട്. എട്ട് ഫസ്റ്റ ക്ലാസ് മത്സരങ്ങൾക്ക് കളിക്കളത്തിലിറങ്ങുന്നതിനൊപ്പം റോയൽ ലണ്ടൻ കപ്പിലും രഹാനെ കളിക്കുമെന്നാണ് സൂചന. വിൻഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം രഹാനെ ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കരിയറിൽ രണ്ടാം തവണയാണ് താരം കൗണ്ടി കളിക്കാനൊരുങ്ങുന്നത്. 2019-ല്‍ രഹാനെ ഹാംപ്ഷെയറിന് വേണ്ടി കളിച്ചിട്ടുണ്ട്.
അതേ സമയം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന പേരുകളിലൊന്നാണ് രഹാനെ. വിൻഡീസ് പര്യടനത്തിനു ശേഷം രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കുമെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. സീനിയർ താരത്തിന് നായക സ്ഥാനം നൽകാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനമെന്നും അതിന്റെ കൂടി ഭാഗമാണ് താരമിപ്പോൾ കൗണ്ടിയിൽ കളിക്കാനിറങ്ങുന്നതെന്നും നിരീക്ഷണമുണ്ട്.