പരമ്പരയിലെ അവസാന ടെസ്റ്റിനായി ഇംഗ്ലണ്ട് ടീം മൈതാനത്തേക്ക് എത്തുമ്പോള്‍ ചിലരെങ്കിലും ആശ്ചര്യപ്പെട്ടിരിക്കാം. ബെന്‍ സ്‌റ്റോക്കിന്റെ ജഴ്‌സി ധരിച്ച് ജോണി ബെയര്‍സ്‌റ്റോ, പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ധരിച്ചിരിക്കുന്നത് സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പേരുള്ള ജഴ്‌സി, മൊയീന്‍ അലി ധരിച്ചത് ക്രിസ് വോക്‌സിന്റെയും. കളിക്കാന്‍ ഇറങ്ങുന്നതിന്റെ തിരക്കിനിടയില്‍ ജഴ്‌സി മാറിപ്പോയതാണോ എന്ന് പലര്‍ക്കും സംശയം തോന്നി. എന്നാല്‍ കാര്യമറിഞ്ഞവര്‍ ഇംഗ്ലണ്ട് ടീമിനായി കൈയ്യടിക്കുകയാണ്. ഓര്‍മക്കുറവിന് കാരണമാകുന്ന ഡിമെന്‍ഷ്യ എന്ന അസുഖം ബാധിച്ചവര്‍ക്കു വേണ്ടിയാണ് ടീമംഗങ്ങള്‍ ജഴ്‌സി മാറി ധരിച്ച് മൈതാനത്തെത്തിയത്.
ഓര്‍മ നഷ്ടപ്പെടുന്ന ഗുരുതരമായ അവസ്ഥയാണ് ഡിമെന്‍ഷ്യ. തെറ്റായ പേരിലുള്ള ജഴ്‌സി ധരിച്ച് കളിക്കാനിറങ്ങിയതിലൂടെ ഡിമെന്‍ഷ്യ ബാധിച്ചവര്‍ അനുഭവിക്കുന്ന ആശയക്കുഴപ്പത്തിലേക്ക് ആളുകളുടെ ശ്രദ്ധകൊണ്ടുവരികയാണ് ഇംഗ്ലണ്ട് ടീം. ഡിമെന്‍ഷ്യ ബാധിച്ച ആളുകള്‍ക്കും അവരെ സഹായിക്കുന്ന യുകെയിലെ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സൊസൈറ്റിയായ 'അല്‍ഷൈമേഴ്സ് സൊസൈറ്റി'ക്കും ആദരസൂചകമായാണ് ഇവര്‍ മുന്നോട്ടു വന്നത്. മത്സരത്തിന് മുന്‍പ് അല്‍ഷൈമേഴ്സ് സൊസൈറ്റി അംഗങ്ങള്‍ മൈതാനത്ത് ഇരുന്ന് ഗാനം ആലപിച്ചു. ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ടീമംഗങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നതും പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും അല്‍ഷൈമേഴ്സ് സൊസൈറ്റിയും സംയ്യുക്തമായി നടത്തിയ പ്രവൃത്തിയെക്കുറിച്ച് ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ച് മാര്‍ക്കസ് ട്രെസ്‌കോത്തിക് വിശദീകരിച്ചു-''ഞങ്ങള്‍ ഇവിടെ അല്‍ഷൈമേഴ്സ് സൊസൈറ്റിയെ പിന്തുണയ്ക്കുകയാണ്, ഈ വിഷയം ഞങ്ങളുടെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്നു. ഇത് ഗുരുതരമായൊരു രോഗമാണ്'' അദ്ദേഹം പറഞ്ഞു.
മുന്‍ ഇംഗ്ലണ്ട് ഓപ്പണറായ ട്രെസ്‌കോത്തിയുടെ പിതാവ് മാർട്ടിന്‍ ഡിമെന്‍ഷ്യ ബാധിതനാണ്.
''ഇതിനെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കാനും അവര്‍ക്കായി കൂടുതല്‍ പണം സ്വരൂപിക്കാനുമാണ് ഞങ്ങളുടെ ശ്രമം. ഈ വിഷയത്തിലേക്ക് കൂടുതല്‍ ശ്രദ്ധയും പണവും എത്തുമ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കും. പുതിയ മരുന്നുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് ഞങ്ങള്‍ കണ്ടു, അതിന് ഈ വിഷയത്തില്‍ വലിയ സ്വാധീനം ചെലുത്താനാകും. ഇന്നത്തെ സംരംഭം അത് മനസ്സിലാക്കാന്‍ ആളുകളെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു,'' ട്രെസ്‌കോത്തിക്ക് കൂട്ടിച്ചേര്‍ത്തു. മുന്‍ ഇംഗ്ലണ്ട് ഓപ്പണറായ ട്രെസ്‌കോത്തിക്കിന്റെ പിതാവ് മാർട്ടിന്‍ ഡിമെന്‍ഷ്യ ബാധിതനാണ്.
''ഡിമെന്‍ഷ്യ വളരെയധികം ആളുകളെ ബാധിക്കുകയും അവരിലും അവരുടെ പ്രിയപ്പെട്ടവരിലും വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. അല്‍ഷൈമേഴ്സ് സൊസൈറ്റിയുമായി സഹകരിക്കുന്നതിലൂടെ, ഡിമെന്‍ഷ്യ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ അവബോധമുണ്ടാക്കുകയും അവര്‍ക്കായി പണം സ്വരൂപിക്കാന്‍ കഴിയുകയും ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്'' ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് പ്രതികരിച്ചു. ഇംഗ്ലണ്ട് താരങ്ങള്‍ക്കും ബോര്‍ഡിനും അല്‍ഷിമേഴ്സ് സൊസൈറ്റി നന്ദി അറിയിച്ചു.