CRICKET

ആഷസ് അഞ്ചാം ടെസ്റ്റ്: ഇംഗ്ലണ്ട് 395-ന് പുറത്ത്, ഓസീസിന് ലക്ഷ്യം 384

ഒമ്പതിന് 389 റണ്‍സ് എന്ന നിലയില്‍ നാലാം ദിനമായ ഇന്ന് ബാറ്റിങ് പുനഃരാരംഭിച്ച ഇംഗ്ലണ്ടിന് ആറ് റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളു

വെബ് ഡെസ്ക്

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 384 റണ്‍സ് വിജയലക്ഷ്യം. ഓവലില്‍ നടക്കുന്ന മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് രാവിലെ ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാമിന്നിങ്‌സില്‍ 395 റണ്‍സ് നേടിയാണ് ഓസീസിനു മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ചത്. ഒമ്പതിന് 389 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനഃരാരംഭിച്ച ഇംഗ്ലണ്ടിന് ആറ് റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളു. എട്ട് റണ്‍സ് നേടിയ ജയിംസ് ആന്‍ഡേഴ്‌സനെ പുറത്താക്കി സ്പിന്നര്‍ ടോഡ് മര്‍ഫിയാണ് ഇംഗ്ലീഷ് ഇന്നിങ്‌സിന് തിരശീലയിട്ടത്.

തന്റെ അവസാന രാജ്യാന്തര ടെസ്റ്റ് മത്സരം കളിക്കാനിറങ്ങിയ സ്റ്റിയുവര്‍ട്ട് ബ്രോഡ് എട്ടു റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ബ്രോഡിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഇരുടീമുകളും ആദരിച്ചത്. മൂന്നാം ദിനമായ ഇന്നലെ കളിനിര്‍ത്തിയ ശേഷമാണ് ബ്രോഡ് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

മത്സരത്തില്‍ ഒന്നാമിന്നിങ്‌സില്‍ 12 റണ്‍സ് ലീഡ് വഴങ്ങിയിരുന്ന ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സില്‍ 395 റണ്‍സ് നേടി പുറത്താകുകയായിരുന്നു. അര്‍ധസെഞ്ചുറികള്‍ നേടിയ മുന്‍ നായകന്‍ ജോ റൂട്ട്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോ, ഓപ്പണര്‍ സാക് ക്രോളി എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് തുണയായത്. 106 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 91 റണ്‍സ് നേടിയ റൂട്ടാണ് ടോപ്‌സ്‌കോറര്‍. ബെയര്‍സ്‌റ്റോ 103 പന്തുകളില്‍ നിന്ന് 11 ബൗണ്ടടറികളോടെ 78 റണ്‍സ് നേടിയപ്പോള്‍ 76 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളോടെ 73 റണ്‍സായിരുന്നു ക്രോളിയുടെ സംഭാവന.

ഇവര്‍ക്കു പുറമേ 42 റണ്‍സ് വീതം നേടിയ മറ്റൊരു ഓപ്പണര്‍ ബെന്‍ ഡക്കറ്റ്, നായകന്‍ ബെന്‍ സ്‌റ്റോക്‌സ്, 28 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ മൊയീന്‍ അലി എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. അതേസമയം ഹാരി ബ്രൂക്ക്(7), ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്(1) എന്നിവര്‍ നിരാശപ്പെടുത്തി.

ഓസ്‌ട്രേലിയയ്ക്കു വേണ്ടി നാലു വിക്കറ്റ് വീതം വീഴ്ത്തിയ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും സ്പിന്നര്‍ ടോഡ് മര്‍ഫിയുമാണ് ബൗളിങ്ങില്‍ മികച്ചുനിന്നത്. ഓരോ വിക്കറ്റുകളുമായി ജോഷ് ഹേസില്‍വുഡും പാറ്റ് കമ്മിന്‍സും ഇവര്‍ പിന്തുണ നല്‍കി. 2023 ആഷസ് പരമ്പരയില്‍ നാലു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 2-1ന്റെ ലീഡ് നേടിയ ഓസ്‌ട്രേലിയ നേരത്തെ തന്നെ കിരീടം നിലനിര്‍ത്തിയിട്ടുണ്ട്. അതിനാല്‍ മത്സരം ജയിച്ചാലും പരമ്പര സമനിലയിലാക്കാനാകുമെന്നല്ലാതെ ആഷസ് കിരീടം തിരിച്ചുപിടിക്കാന്‍ ഇംഗ്ലണ്ടിനാകില്ല.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍