ആഷസ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ലീഡ്‌സില്‍ നടക്കുന്ന മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് ലഞ്ചിന് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 251 റണ്‍സ് എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് നാലിന് 153 എന്ന നിലയിലാണ്.
ഒരു ദിനവും രണ്ടു സെഷനും ആറു വിക്കറ്റുകളും ബാക്കിയിരിക്കെ ഓസ്‌ട്രേലിയയെ വീഴ്ത്തി പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ ആതിഥേയര്‍ക്ക് ഇനിയും 98 റണ്‍സ് കൂടി വേണം. 54 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 40 റണ്‍സുമായി മധ്യനിര താരം ഹാരി ബ്രൂക്കും ഏഴു റണ്‍സുമായി നായകന്‍ ബെന്‍ സ്‌റ്റോക്‌സുമാണ് ക്രീസില്‍.
രാവിലെ വിക്കറ്റ് നഷ്ടമില്ലാതെ 27 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് വൈകാതെ തന്നെ ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ രൂപത്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 23 റണ്‍സ് നേടിയ ഡക്കറ്റിനെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.
തുടര്‍ന്ന് വന്ന ഓള്‍റൗണ്ടര്‍ മൊയീന്‍ അലി ക്ഷണത്തില്‍ മടങ്ങി. അഞ്ചു റണ്‍സ് മാത്രമേ നേടാനായുള്ളു. ഒരറ്റത്ത് പിടിച്ചു നിന്ന ഓപ്പണര്‍ സാക് ക്രോളിയുടെ ഊഴമായിരുന്നു അടുത്തത്. 44 റണ്‍സ് നേടിയ ക്രോളിയെ മിച്ചല്‍ മാര്‍ഷ് വിക്കറ്റിനു പിന്നില്‍ അലക്‌സ് ക്യാരിയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. പിന്നീട് 23 റണ്‍സ് നേടിയ മുന്‍ നായകന്‍ ജോ റൂട്ടിനെ വീഴ്ത്തിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ആദ്യ സെഷനില്‍ തന്നെ തന്റെ ടീമിന് മുന്‍തൂക്കം സമ്മാനിച്ചു.
അടുത്ത സെഷനില്‍ ക്ഷണത്തില്‍ റണ്‍സ് അടിച്ചുകൂട്ടി ജയം പിടിച്ചെടുക്കാനാകും ഇംഗ്ലണ്ടിന്റെ ശ്രമം. പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ് 0-2 എന്ന നിലയില്‍ പിന്നിട്ടു നില്‍ക്കുന്ന ഇംഗ്ലണ്ടിന് അഞ്ചു മത്സര പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഈ ടെസ്റ്റ് ജയിച്ചേ തീരൂ.