അപ്രതീക്ഷിതവും ആവേശകരവുമായ മത്സരഫലങ്ങള്‍, ആതിഥേയരെ തുണയ്ക്കാത്ത മൈതാനങ്ങള്‍, അങ്ങനെ കേവലം രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ക്രിക്കറ്റ് ആരാധകർക്ക് മികച്ച അനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലയിലാണിപ്പോള്‍. മൂന്നാം മത്സരത്തിന് ഫെബ്രുവരി 15ന് രാജ്‍കോട്ടില്‍ തുടക്കമാകും.
സാധാരണയായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ലഭിക്കുന്ന ആനുകൂല്യം ഇത്തവണ പ്രകടമായിട്ടില്ല എന്നതാണ് പ്രധാനപ്പെട്ട ഒരു വസ്തുത. ഇതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സ്പിന്നറായ രവിചന്ദ്രന്‍ അശ്വിന്‍. വിശാഖപട്ടണത്തെ ഡോ. വൈ എസ് രാജശേഖര റെഡ്ഡി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു ടെസ്റ്റൊ ഫസ്റ്റ് ക്ലാസ് മത്സരമോ കളിക്കാത്തവരാണ് ടീമിലെ കൂടുതല്‍ താരങ്ങളെന്നാണ് അശ്വിന്‍ നല്‍കുന്ന ഒരു വിശദീകരണം.
"ഇത്തവണ, ടെസ്റ്റ് മത്സരങ്ങള്‍ നടക്കുന്നത് ലോകകപ്പിന് വേദിയാകാത്ത മൈതാനങ്ങളിലാണ്. കൂടുതല്‍ താരങ്ങള്‍ക്കും പരിചിതമല്ലാത്ത മൈതാനങ്ങളാണ് ഇവയെല്ലാം. ഇങ്ങനെയൊരു കാര്യം മറ്റ് രാജ്യങ്ങളിലെ താരങ്ങള്‍ക്ക് സംഭവിക്കുമെന്ന് തോന്നുന്നില്ല. കാരണം ഇവിടെ ഒരുപാട് മൈതാനങ്ങളുണ്ട്," അശ്വിന്‍ ചൂണ്ടിക്കാണിച്ചു.
"ഇംഗ്ലണ്ടിന്റെ കാര്യം തന്നെ എടുക്കാം, ഉദാഹരണമായി ടോം ഹാർട്ട്ലി ഈ പരമ്പരയിലാണ് അരങ്ങേറിയത്. ടോമും റേഹാന്‍ അഹമ്മദും ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് കളിക്കുന്നതെങ്കില്‍ ലങ്കാഷയറിലും വോർസെസ്റ്റർഷയറിലും കളിച്ചിട്ടില്ലെന്ന് പറയാനാകില്ല. കൗണ്ടി മത്സരങ്ങള്‍ മാത്രമല്ല ടെസ്റ്റും ഈ മൈതാനങ്ങളില്‍ നടക്കാറുണ്ട്.
പക്ഷേ, ഇവിടെ നിരവധി മൈതാനങ്ങളുള്ളതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ പോലും കളിക്കാത്തവയുണ്ടാകാം. ഇത്തരം സാഹചര്യങ്ങളില്‍ കാര്യങ്ങള്‍ പരിചിതമായിരിക്കില്ലല്ലോ. ഐപിഎല്‍, ട്വിന്റി20, ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ടാകാം, പക്ഷേ ടെസ്റ്റ് വ്യത്യസ്തമാണല്ലോ," അശ്വിന്‍ കൂട്ടിച്ചേർത്തു.