CRICKET

വാലില്‍ കുത്തി ഇന്ത്യ; പൊരുതിയിട്ടും ഒരു റണ്‍ ലീഡ് വഴങ്ങി

അക്‌സര്‍ പട്ടേലും രവിചന്ദ്രന്‍ അശ്വിനും കാഴ്ചച്ച മിന്നുന്ന പ്രകടനമാണ് തുണയായത്. ഇരുവരും ചേര്‍ന്നുള്ള എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്ന 114 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്.

വെബ് ഡെസ്ക്

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വാലറ്റത്തിന്റെ പോരാട്ടമികവില്‍ തല ഉയര്‍ത്തി ഇന്ത്യ. ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ദിനം 262 റണ്‍സിന് പുറത്തായ ഇന്ത്യ ഓസ്‌ട്രേലിയയോട് ഒരു റണ്‍ ലീഡ് വഴങ്ങി. ഏഴിന് 139 എന്ന നിലയില്‍ തകര്‍ന്ന ശേഷമായിരുന്നു ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്.

വാലറ്റത്ത് ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലും രവിചന്ദ്രന്‍ അശ്വിനും കാഴ്ചച്ച മിന്നുന്ന പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. ഇരുവരും ചേര്‍ന്നുള്ള എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്ന 114 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്.

അക്‌സര്‍ 115 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 74 റണ്‍സ് നേടിയപ്പോള്‍ 71 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 37 റണ്‍സായിരുന്നു അശ്വിന്‍ നേടിയത്.

ഇവര്‍ക്കു പുറമേ 84 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 46 റണ്‍സ് നേടിയ മുന്‍ നായകന്‍ വിരാട് കോഹ്ലി, 69 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളോടെ 32 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മ, 74 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 26 റണ്‍സ് നേടിയ രവീന്ദ്ര ജഡേജ എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. അഞ്ചു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ നഥാന്‍ ലിയോണാണ് ഇന്ത്യയെ തകര്‍ത്തത്.

വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സ് എന്ന നിലയില്‍ രാവിലെ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ നായകന്‍ രോഹിതും കെ.എല്‍. രാഹുലും ചേര്‍ന്ന് 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ആക്രമണം ഏറ്റെടുത്തതോടെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു.

ആദ്യം 41 പന്തുകളില്‍ നിന്ന് ഒരു സിക്‌സറോടെ 17 റണ്‍സ് നേടിയ രാഹുലിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ ലിയോണ്‍ തന്റെ അടുത്ത ഓവറില്‍ ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഒരറ്റത്തു പിടിച്ചു നിന്ന നായകന്‍ രോഹിതിന്റെ പ്രതിരോധം തകര്‍ത്ത് സ്റ്റംപിളക്കിയ ഓസീസ് താരം തൊട്ടുപിന്നാലെ 100-ാം ടെസ്റ്റ് കളിക്കാനിറങ്ങിയ ചേതേശ്വര്‍ പൂജാര(0)യെയും വിക്കറ്റിനു മുന്നില്‍ കുരുക്കി.നാലോവറിനു ശേഷം ശ്രേയസ് അയ്യരെ(4)യും ലിയോണ്‍ വീഴ്ത്തിയതോടെ ഇന്ത്യ നാലിന് 66 എന്ന നിലയിലായി.

പിന്നീട് കോഹ്ലിയും ജഡേജയും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു. ഇരുവരും ചേര്‍ന്ന് 59 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ 100 കടത്തി. ഈ കൂട്ടുകെട്ട് ഇന്ത്യക്ക് കരുത്താകുമെന്നു കരുതിയപ്പോള്‍ ടോഡ് മര്‍ഫി വില്ലനായി. ജഡേജയെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ മര്‍ഫി ഈ കൂട്ടുകെട്ടു പൊളിച്ചു.

എങ്കിലും ഒരറ്റത്തു പിടിച്ചു നിന്ന കോഹ്ലിയില്‍ ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. എന്നാല്‍ വിവാദ തീരുമാനത്തില്‍ കോഹ്ലി പുറത്തായതോടെ അതവസാനിച്ചു. അരങ്ങേറ്റ താരം മാത്യു ക്യുനിമാന്‍ എറിഞ്ഞ പന്തില്‍ കോഹ്ലി വിക്കറ്റിനു മുന്നില്‍ കുരുങ്ങിയെന്നു ഓണ്‍ഫീല്‍ഡ് അമ്പയര്‍ നിതിന്‍ മേനോന്‍ വിധിക്കുകയായിരുന്നു.

കോഹ്ലി ഉടന്‍ തന്നെ ഈ തീരുമാനം റിവ്യു ചെയ്തു. റീപ്ലേകളില്‍ പന്ത് ബാറ്റിലും പാഡിലും ടച്ച് ചെയ്തതായി വ്യക്തമായി. എന്നാല്‍ ആദ്യം ബാറ്റിലാണോ പാഡിലാണോ ടച്ച് ചെയ്തത് എന്നതു കൃത്യമായി കണ്ടെത്താനായില്ല. ഓണ്‍ഫീല്‍ഡ് തീരുമാനം തീരുത്താനുള്ള ഉറച്ച തെളിവിന്റെ അഭാവത്തില്‍ തേര്‍ഡ് അമ്പയര്‍ ഓണ്‍ഫീല്‍ഡ് തീരുമാനം ശരിവയ്ക്കുകയായിരുന്നു.

കോഹ്ലിക്കു പിന്നാലെ ശ്രീകര്‍ ഭരതും(6) ക്ഷണത്തില്‍ മടങ്ങിയതോടെ ഏഴിന് 139 എന്ന നിലയിലായ ഇന്ത്യക്ക് പിന്നീടാണ് അക്‌സര്‍-അശ്വിന്‍ സഖ്യം രക്ഷകരായി എത്തുന്നത്. ഓസ്‌ട്രേലിയയ്ക്കു വേണ്ടി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ലിയോണിനു പുറമേ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മാത്യു ക്യുനിമാന്‍, ടോഡ് മര്‍ഫി എന്നിവരും ഒരു വിക്കറ്റ് വീഴ്ത്തിയ നായകന്‍ പാറ്റ് കമ്മിന്‍സും ബൗളിങ്ങില്‍ തിളങ്ങി.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി