CRICKET

പരുക്ക് മാറി, തിരിച്ചു വരുമെന്ന് കമ്മിൻസ്; ലോകകപ്പിന് മുൻപ് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കാൻ സാധ്യത

വെബ് ഡെസ്ക്

ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരുമെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. കൈത്തണ്ടയിലെ പരുക്ക് ഭേദമായതിനെത്തുടര്‍ന്നാണ് താരം മടങ്ങിവരവിനുള്ള സന്നദ്ധത അറിയിച്ചത്. ലോകകപ്പിന് തൊട്ട് മുന്‍പ് നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലാകും കമ്മിന്‍സിന്റെ തിരിച്ചു വരവ്.

സെപ്റ്റംബര്‍ 22,24,27 തീയതികളിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര അരങ്ങേറുന്നത്. അതിനിടെ സെപ്റ്റംബര്‍ 7 മുതല്‍ 17 വരെ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സര ഏകദിന പരമ്പര കമ്മിന്‍സിന് നഷ്ടമാകും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ടീമിനൊപ്പം പോകുമെന്നും എന്നാല്‍ ഇന്ത്യയ്‌ക്കെതിരെയുള്ള പരമ്പരയിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതെന്നും ക്യാപ്റ്റന്‍ അറിയിച്ചു.

ലോകകപ്പിന് ശേഷം ഏകദിന ക്യാപ്റ്റനെന്ന നിലയിലുള്ള തന്റെ പ്രകടനത്തെ വിലയിരുത്തും

''ദക്ഷിണാഫ്രിക്കയ്‌ക്കെതിരായുള്ള ഓസീസ് ടീമിനൊപ്പം ഞാനും പോകും. എന്നാല്‍ ലോകകപ്പിന് മുന്നോടിയായി ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ഏകദിന മത്സരങ്ങളിലാണ് ഞാന്‍ കണ്ണുവയ്ക്കുന്നത്'' അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ആരോഗ്യസ്ഥിതി മോശമല്ലെന്നും ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്മിന്‍സ് വ്യക്തമാക്കി.

ലോകകപ്പിന് ശേഷം ഏകദിന ക്യാപ്റ്റനെന്ന നിലയിലുള്ള തന്റെ പ്രകടനത്തെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയുടെ നിലവിലെ ടി20 ക്യാപ്റ്റനായ മിച്ചല്‍ മാര്‍ഷ് ആണ് തനിക്കു ശേഷം ഏകദിന ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനെന്നും കമ്മിന്‍സ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷമാണ് ആരോണ്‍ ഫിഞ്ചില്‍ നിന്ന് കമ്മിന്‍സ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍ അതിനുശേഷം നടന്ന ആറ് ഏകദിന പരമ്പരകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കമ്മിന്‍സ് ഓസീസിനെ നയിച്ചത്. ഈ വര്‍ഷം ആദ്യം നടന്ന ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കിടെ കമ്മിന്‍സിന്റെ അമ്മ മരിച്ചതിനാല്‍ അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. അതിനാല്‍ ആ പരമ്പരയില്‍ സ്റ്റീവ് സ്മിത്തായിരുന്നു ഓസീസിനെ നയിച്ചത്. ആഷസ് പരമ്പരയിലെ ഓവലില്‍ നടന്ന അഞ്ചാം മത്സരത്തിലാണ് ഓസീസ് ക്യാപ്റ്റന് കൈത്തണ്ടയില്‍ പരുക്കേറ്റത്. തുടര്‍ന്നാണ് താരത്തിന് ആറ് ആഴ്ച്ചത്തേക്ക് വിശ്രമം നിര്‍ദേശിച്ചത്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ