CRICKET

ഐപിഎല്ലിൽ ആദ്യമായി 'മാച്ച് ഫീ'; സീസണില്‍ താരങ്ങള്‍ക്ക് ലഭിക്കുക ഒരു കോടി രൂപ വരെ

വെബ് ഡെസ്ക്

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎല്‍) ചരിത്രത്തിലാദ്യമായി താരങ്ങള്‍ക്ക് 'മാച്ച് ഫീ' പ്രഖ്യാപിച്ച് ബോർഡ് ഓഫ് കണ്‍ട്രോള്‍ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ). ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്. ഇനിമുതൽ ഐപിഎല്ലിൽ ഒരു മാച്ച് കളിക്കുന്ന കളിക്കാരന് 7.5 ലക്ഷം രൂപയാകും ഫീ ഇനത്തിൽ ലഭിക്കുക. ലേലത്തുക പുറമെയാണ് ഇത്.

“ഐപിഎല്ലിലെ സ്ഥിരതയും ചാമ്പ്യൻമാരുടെ മികച്ച പ്രകടനങ്ങളും ആഘോഷമാക്കുന്നതിന്റെ ഭാഗമായി ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒരു മത്സരത്തിന് 7.5 ലക്ഷം രൂപ മാച്ച് ഫീയായി നല്‍കാൻ തീരുമാനിച്ചിരിക്കുന്നു. അതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, ഒരു സീസണിൽ എല്ലാ ലീഗ് മത്സരങ്ങളും കളിക്കുന്ന ഒരു ക്രിക്കറ്റ് താരത്തിന് തൻ്റെ കരാർ തുകയ്‌ക്ക് പുറമേ 1.05 കോടി വരെ ലഭിക്കും,” ഷാ എക്‌സിൽ കുറിച്ചു. ഐപിഎല്ലിനും കളിക്കാർക്കും ഇതൊരു പുത്തൻ യുഗത്തിന്റെ തുടക്കമായിരിക്കുമെന്നും ഷാ കൂട്ടിച്ചേർത്തു.

2008ൽ ഐപിഎല്‍ ആരംഭിച്ചെങ്കിലും ഇതുവരെ മാച്ച് ഫീ എന്ന ആശയം ഉള്‍പ്പെടുത്തിയിരുന്നില്ല. പുതിയ സംവിധാനം കൂടി വരുന്നതോടെ ഒരു ഐപിഎൽ സീസണിലെ എല്ലാ മാച്ചുകളും കളിക്കുന്ന ഒരാൾക്ക് ഏകദേശം 1.05 കോടി രൂപ വരെ ലഭിക്കും. ഇന്ത്യയിലെ ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ഒരു കളിക്കാരന് ലഭിക്കുന്നതിന്റെ 20 ഇരട്ടി മാച്ച് ഫീയാണിത്. 2021-ൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അവതരിപ്പിച്ച പരിഷ്‌ക്കരിച്ച മാച്ച് ഫീ ഘടനപ്രകാരം, ഇന്ത്യയിലെ ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാരന് ഒരു മാച്ചിന് ലഭിക്കുന്നത് 40,000 മുതൽ 60,000 വരെയാണ്.

ഐസിസി മീറ്റിങ്ങുകളിലേക്കുള്ള ഇന്ത്യയുടെ രണ്ട് പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള ബിസിസിഐയുടെ 93-മത് വാർഷിക പൊതുയോഗത്തിന് ഒരുദിവസം ശേഷിക്കെയാണ് പ്രഖ്യാപനം. സെക്രട്ടറി പദവിയിൽ കാലാവധി അവസാനിക്കുന്ന ജയ് ഷായുടെ പകരക്കാരനെയും യോഗത്തിൽ തിരഞ്ഞെടുത്തേക്കും.

എന്നാൽ, പൊതുയോഗത്തിന്റെ അജണ്ടകളിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടില്ല. പിടിഐ റിപ്പോർട്ട് അനുസരിച്ച്, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അനിൽ പട്ടേൽ, അന്തരിച്ച അരുൺ ജെയ്റ്റ്‌ലിയുടെ മകനും ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റുമായ രോഹൻ ജെയ്റ്റ്‌ലി എന്നിവരുടെ പേരുകളാണ് മുൻപന്തിയിൽ.

ഉപമുഖ്യമന്ത്രിയായി ഉദയനിധിയെത്തുന്നു; സത്യപ്രതിജ്ഞ നാളെ വൈകിട്ട്

ഹസൻ നസ്‌റുള്ളയുടെ കൊലപാതകം: ആരാകും പകരക്കാരൻ? ഇസ്രയേല്‍ ലക്ഷ്യം ഇറാൻ?

തലവന്‍ ഹസന്‍ നസറുള്ള കൊല്ലപ്പെട്ടു, ഇസ്രയേൽ ആക്രമണം സ്ഥിരീകരിച്ച് ഹിസ്ബുള്ള; പരമോന്നത നേതാവിനെ അതിസുരക്ഷ മേഖലയിലേക്ക് മാറ്റി ഇറാൻ

കത്തിജ്വലിച്ച് കാരിച്ചാൽ; തുടർച്ചയായി അഞ്ചാം നെഹ്‌റുട്രോഫി മാറോടണച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്

പുഷ്പൻ അന്തരിച്ചു; വിടവാങ്ങിയത് കൂത്തുപറമ്പ് സമരത്തിലെ 'ജീവിച്ചിരുന്ന രക്തസാക്ഷി'