ബിസിസിഐയുടെ 91ാമത് വാർഷിക പൊതുയോഗം ഇന്ന് മുംബൈയിൽ. പുതിയ ഭാരവാഹികളുടെ ഔദ്യോഗിക പ്രഖ്യാപനവും ഇന്നുണ്ടാകും. കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് റോജർ ബിന്നിയാകും ബിസിസിഐയുടെ നാല്പതാമത് അധ്യക്ഷൻ.
1983 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗമായ ബിന്നി സൗരവ് ഗാംഗുലിയുടെ പിൻഗാമിയായാണ് ബിസിസിഐയുടെ അധ്യക്ഷ പദവിയിലേക്കെത്തുന്നത്. മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ഗാംഗുലി വീണ്ടും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ബിന്നി നാമനിർദ്ദേശം നൽകിയത്.
നിലവിലെ ബിസിസിഐ ഉപാധ്യക്ഷൻ രാജീവ് ശുക്ലയും സെക്രട്ടറി ജയ് ഷായും തൽസ്ഥാനത്ത് തുടരും. അതേസമയം ആശിഷ് ഷേലാർ പുതിയ ട്രഷറർ ആകുമ്പോൾ ദേവജിത്ത് സൈകിയ ജോയിന്റ് സെക്രട്ടറിയാകും. സ്ഥാനമൊഴിയുന്ന ട്രഷറർ അരുൺ ധുമലാകും പുതിയ ഐപിഎൽ ചെയര്‍മാന്‍. എതിരില്ലാതെയാണ് എല്ലാ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നത്.
വരുന്ന ഐസിസി തിരഞ്ഞെടുപ്പിൽ മത്സരാർത്ഥിയെ നിർത്തുന്നതിനെ പറ്റി യോഗത്തിൽ തീരുമാനമെടുക്കും. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെയും, മുൻ ബിസിസിഐ പ്രസിഡന്റ് എൻ ശ്രീനിവാസന്റെയും പേരുകളാണ് ഇതിനായി ഉയർന്ന് കേൾക്കുന്നത്. വനിതാ ഐപിഎൽ സംബന്ധിച്ച അന്തിമ തീരുമാനവും, ഇന്ത്യൻ ക്രിക്കറ്റേഴ്‌സ് അസോസിയേഷനിലേക്കുള്ള തിരഞ്ഞെടുപ്പുമാകും യോഗത്തിലെ മറ്റ് പ്രധാന അജണ്ടകൾ. വിവിധ കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പും യോഗത്തിൽ നടക്കും.