CRICKET

ടെസ്റ്റ് ക്രിക്കറ്റും താരങ്ങളെ 'വിഴുങ്ങുന്ന' ട്വന്റി20യും; പണമെറിഞ്ഞ് കടിഞ്ഞാണിടാന്‍ ബിസിസിഐ

ആരാധകവൃന്ദമുള്ള ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ ടീമുകളുടെ ടെസ്റ്റ് മത്സരങ്ങള്‍ക്ക് മാത്രമാണ് മൈതാനത്തും അല്ലാതെയും കാഴ്ചക്കാരെ ലഭിക്കുന്നത്

വെബ് ഡെസ്ക്

അത്ര ബോറിങ്ങാണോ ടെസ്റ്റ് ക്രിക്കറ്റ്? ടെസ്റ്റ് ക്രിക്കറ്റിലേക്ക് ലോകം ചുരുങ്ങണമെങ്കില്‍ 'ബിഗ് ഫോർ' കളത്തിലിറങ്ങണോ? ട്വന്റി20യാണോ ടെസ്റ്റിന്റെ വില്ലന്‍? സമീപകാലത്ത് ക്രിക്കറ്റ് ലോകത്ത് ഉയർന്നു കേള്‍ക്കുന്ന ചില ചോദ്യങ്ങളാണിത്. ക്രിക്കറ്റിന്റെ സാന്നിധ്യം പൊടിപോലുമില്ലാതിരുന്ന രാജ്യങ്ങള്‍ പോലും എന്റർടെയിന്‍മെന്റ് മൂല്യമുള്ള ട്വന്റി20യിലേക്ക് കാല്‍വെച്ചിരിക്കുകയാണ്.

അതുകൊണ്ടുതന്നെ ദുഷ്കരമായ പാതയിലൂടെയാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സഞ്ചാരം. കൈപിടിച്ചുയർത്താനുള്ള തീവ്ര ശ്രമങ്ങളുടെ ഭാഗമായിട്ടാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമിട്ടത്. രണ്ട് വർഷം നീണ്ടു നില്‍ക്കുന്ന ടൂർണമെന്റില്‍ ടെസ്റ്റ് ക്രിക്കറ്റ് പദവിയുള്ള എല്ലാ രാജ്യങ്ങളും നിശ്ചിത മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്. ആദ്യ ടൂർണമെന്റില്‍ ന്യൂസിലന്‍ഡും രണ്ടാം തവണ ഓസ്ട്രേലിയയുമായിരുന്നു കിരീടം ഉയർത്തിയത്. ഇരുവട്ടവും ഫൈനലില്‍ ഇന്ത്യയായിരുന്നു.

ലോകകപ്പിന് സമാനമായി ഇത്തരമൊരു ടൂർണമെന്റ് നടക്കുന്നുണ്ടെങ്കിലും ആഗോള ശ്രദ്ധ എല്ലാ മത്സരങ്ങള്‍ക്കും ലഭിക്കാറില്ല എന്നതാണ് വാസ്തവം. ആരാധകവൃന്ദമുള്ള ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ ടീമുകളുടെ മത്സരത്തിനാണ് മൈതാനത്തും അല്ലാതെയും കാഴ്ചക്കാർ ഏറെയുള്ളത്. മറ്റ് ടീമുകള്‍ നേർക്കുനേർ വരുന്ന മത്സരങ്ങള്‍ക്ക് ഗ്യാലറിയില്‍ പോലും കാഴ്ചക്കാരുടെ എണ്ണം വിരളമാണെന്നത് ടെസ്റ്റ് ക്രിക്കറ്റ് നേരിടുന്ന വെല്ലുവിളികളിലൊന്നാണ്.

ഒരുവിഭാഗം താരങ്ങള്‍ക്ക് ഫോർമാറ്റിനോടുള്ള താല്‍പ്പര്യം ഇടിഞ്ഞുവരുന്നതായും സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ മുതിർന്ന താരങ്ങളില്‍ പലരും ബോർഡുമായുള്ള കരാർ ഒഴിവാക്കി ട്വന്റി20 ലീഗുകള്‍ക്കാണ് പരിഗണന നല്‍കുന്നത്. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിലും ഈ പ്രവണത കാണുന്നുണ്ട്. നേരത്തെ ട്രെന്‍ ബോള്‍ട്ട് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രധാന കരാറില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ചിരുന്നു.

ഇത് ഇന്ത്യന്‍ ക്രിക്കറ്റിലേക്കും പടരുന്നു എന്നതാണ് ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യർ തുടങ്ങിയ താരങ്ങളുടെ പുതിയ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. ഇഷാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിട്ട് ദീർഘനാളാകുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബിസിസിഐയുടെ നിർദേശം അവഗണിച്ചാണ് താരത്തിന്റെ 'കുസൃതി'. ഐപിഎല്ലിലൂടെ ദേശീയ ടീമിലേക്ക് മടങ്ങുക എന്നതായിരിക്കണം ഇപ്പോള്‍ താരത്തിന്റെ ലക്ഷ്യം. ആ ഒരു ആശയത്തിന് ബിസിസിഐ വളമിട്ട് നല്‍കുമോയെന്ന് കണ്ടറിയണം.

കടിഞ്ഞാണിടാന്‍ ബിസിസിഐ

ഐപിഎല്ലിനായി കായികക്ഷമത കാത്തുസൂക്ഷിക്കാന്‍ ടെസ്റ്റ് ക്രിക്കറ്റിനോട് മുഖം തിരിക്കുന്ന താരങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഒരുങ്ങുകയാണ് ബിസിസിഐ. അതും പണമെറിഞ്ഞു തന്നെ. മാച്ച് ഫീ വർധിപ്പിക്കുക എന്നതാണ് ബിസിസിഐ കണ്ടെത്തിയ വഴി. ബിസിസിഐ ബോർഡിലുള്ള പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അംഗം ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.

ഒരു കലണ്ടർ വർഷത്തിലെ എല്ലാ ടെസ്റ്റ് പരമ്പരകളും കളിക്കുന്ന താരത്തിന് അധിക പ്രതിഫലം നല്‍കും, ബോർഡിന്റെ കരാറിന് പുറമെയായിരിക്കും ഇത്. ടെസ്റ്റ് ക്രിക്കറ്റിലേക്ക് താരങ്ങളുടെ താത്പര്യം വർധിപ്പിക്കുന്നതിന് വേണ്ടിയാണിത്, ബോർഡ് അംഗം വ്യക്തമാക്കി.

ആശയം ബോർഡ് അംഗീകരിച്ചു കഴിഞ്ഞാല്‍ ഐപിഎല്ലിന് ശേഷം ഇത് നടപ്പാക്കുമെന്നാണ് വിവരം. നിലവില്‍ 15 ലക്ഷം രൂപയാണ് ടെസ്റ്റില്‍ ബിസിസിഐ നല്‍കുന്ന മാച്ച് ഫീസ്. ഏകദിനത്തിന് ആറ് ലക്ഷവും ട്വന്റി20ക്ക് മൂന്ന് ലക്ഷവും നല്‍കുന്നു.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം