അഫ്ഗാനിസ്താനെതിരായ മൂന്ന് മത്സരങ്ങളുള്‍പ്പെട്ട ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനത്തിലേക്കാണ് എല്ലാ കണ്ണുകളും. മുതിർന്ന താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും സെലക്ഷന് ലഭ്യമായതാണ് ആകാംഷയുടെ പ്രധാന കാരണം. എന്നാല്‍ സെലക്ടർമാർ ഇരുവരേയും പരിഗണിക്കുന്നുണ്ടോയെന്ന ചോദ്യം അവശേഷിക്കുകയാണ്.
ഏകദിന ലോകകപ്പിലെ പ്രകടനവും നായകമികവും രോഹിതിന്റെ സ്ഥാനം ഉറപ്പാക്കുന്നതാണെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. രോഹിത് തന്നെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കണമെന്നാണ് ബിസിസിഐയുടെ താല്‍പ്പര്യമെന്നും ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാല്‍ കോഹ്ലിയുടെ കാര്യം വ്യത്യസ്തമാണ്. താരത്തിന്റെ സ്ട്രൈക്ക് റേറ്റാണ് പ്രതിസന്ധി. രോഹിതിനേയും കോഹ്ലിയേയും ഒരുമിച്ച് പരിഗണിക്കാന്‍ സെലക്ടമാർ തയാറല്ല എന്നാണ് പിടിഐ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ മുഖ്യ സെലക്ടറായ അജിത് അഗാർക്കർ ഇരുവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
അഫ്ഗാനിസ്താനെതിരായ പരമ്പര ആരംഭിക്കാന്‍ നാല് ദിവസം ശേഷിക്കെ ഇതുവരെ ടീമിനെ പ്രഖ്യാപിക്കാന്‍ ബിസിസിഐ തയാറായിട്ടില്ല. രോഹിതും കോഹ്ലിയും അന്തിമ ഇലവനിലേക്ക് എത്തിയാല്‍ ടീമിന്റെ ബാലന്‍സ് നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണെന്നാണ് വിലയിരുത്തല്‍.
"രോഹിത്, ശുഭ്മാന്‍ ഗില്‍, വിരാട്, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർ ആദ്യ അഞ്ച് സ്ഥാനത്ത് എത്തിയാല്‍ ഇടം കയ്യന്‍ ബാറ്ററുടെ അഭാവം എങ്ങനെ നികത്തും. നിങ്ങള്‍ കോഹ്ലിയെ ഒഴിവാക്കി ഗില്ലിന്റെ മൂന്നാം നമ്പറില്‍ കളിപ്പിക്കുക. അപ്പോള്‍ രോഹിതിനൊപ്പം ഓപ്പണറായി യശസ്വി ജയ്സ്വാളിനിറങ്ങാനാകും," പേര് വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടാത്ത മുന്‍ സെലക്ടർ പിടിഐയോട് പറഞ്ഞു.
രോഹിതിനേയും കോഹ്ലിയേയും ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ റുതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനും പുറത്തിരിക്കേണ്ടിയും വരും.
ടീം തിരഞ്ഞെടുപ്പില്‍ ബിസിസിഐ പുറത്തുനിന്നുള്ള സമ്മർദത്തേയും അതിജീവിക്കേണ്ടതുണ്ട്. ന്യു യോർക്കില്‍ പ്രത്യക്ഷപ്പെട്ട ഐസിസിയുടെ കൂറ്റന്‍ ബില്‍ബോർഡില്‍ പ്രത്യക്ഷപ്പെട്ടത് കോഹ്ലിയായിരുന്നു. അതേസമയം, ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ പോസ്റ്ററില്‍ ഇന്ത്യന്‍ നായകനായി മുംബൈ ഇന്ത്യന്‍സ് പ്രതിഷ്ഠിച്ചിരിക്കുന്നത് രോഹിതിനേയും.