എല്ലാ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്കുമുള്ള സമ്മാനത്തുക വര്‍ധിപ്പിച്ച് ബിസിസിഐ. രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സീനിയര്‍ വനിതാ ഏകദിനം തുടങ്ങിയവയുടെ സമ്മാനത്തുകയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ട്വീറ്റിലൂടെ സമ്മാനത്തുക വര്‍ധിപ്പിച്ച വിവരം അറിയിച്ചത്.
'' ആഭ്യന്തര ക്രിക്കറ്റിലെ എല്ലാ ടൂര്‍ണമെന്റുകളുടെയും സമ്മാനത്തുകയിലുണ്ടായ വര്‍ധനവ് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലായ ആഭ്യന്തര ക്രിക്കറ്റില്‍ പണം നിക്ഷേപിക്കാനുള്ള ഞങ്ങളുടെ ശ്രമം ഇനിയും തുടരും. രഞ്ജി ട്രോഫി ജേതാക്കള്‍ക്ക് അഞ്ച് കോടി രൂപയും സീനിയര്‍ വനിതാ ഏകദിന വിജയികള്‍ക്ക് 50 ലക്ഷം രൂപയുമാണ് ലഭിക്കുക,'' ജയ്ഷാ ട്വീറ്റ് ചെയ്തു.
2023-24 ആഭ്യന്തര സീസണ്‍ മുതല്‍ ജേതാക്കള്‍ക്ക് പുതുക്കിയ സമ്മാനത്തുകയാണ് ലഭിക്കുക. രഞ്ജി ട്രോഫിയില്‍ വിജയികള്‍ക്ക് ഇതുവരെ രണ്ട് കോടി രൂപയാണ് കിട്ടിയിരുന്നത്. ഇനി അത് അഞ്ച് കോടിയാകും. രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു കോടിയില്‍ നിന്ന് തുക മൂന്ന് കോടിയായി ഉയര്‍ത്തി. ഇറാനി കപ്പ് ജേതാക്കള്‍ക്കുള്ള പാരിതോഷികം 25 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയായി ഇരട്ടിപ്പിച്ചു.
അതുപോലെ ദുലീപ് ട്രോഫി ജേതാക്കള്‍ക്കുള്ള സമ്മാനത്തുക 40 ലക്ഷം രൂപയില്‍ നിന്ന് ഒരു കോടി രൂപയാക്കി. വിജയ് ഹസാരെ ട്രോഫി വിജയികള്‍ക്ക് 30 ലക്ഷം രൂപ ലഭിച്ച സ്ഥാനത്ത് ഇനി മുതല്‍ ഒരു കോടി രൂപയാണ് സമ്മാനത്തുക. ദേവ്ധര്‍ ട്രോഫി ജേതാക്കള്‍ക്ക് ഇനി മുതല്‍ 40 ലക്ഷം രൂപ ലഭിക്കും, കഴിഞ്ഞ തവണ വരെ ഇത് 25 ലക്ഷം രൂപയായിരുന്നു. മുഷ്താഖ് അലി ട്രോഫി ജേതാക്കള്‍ക്കുള്ള സമ്മാനത്തുക 25 ലക്ഷം രൂപയില്‍ നിന്നും 80 ലക്ഷമാക്കി ഉയര്‍ത്തി.
വനിതാ ആഭ്യന്തര ക്രിക്കറ്റിലെ സമ്മാനത്തുകയിലും ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട് സീനിയര്‍ വനിതാ ഏകദിന ട്രോഫി ജേതാക്കള്‍ക്ക് 50 ലക്ഷം രൂപയാണ് സ്വന്തമാവുക. മുന്‍പ് ഇത് ആറ് ലക്ഷമായിരുന്നു. സീനിയര്‍ വനിതാ ടി20 യിലെ സമ്മാനത്തുക അഞ്ച് ലക്ഷം രൂപയില്‍ നിന്ന് 40 ലക്ഷമാക്കി പുതുക്കി. 2021 സെപ്റ്റംബറില്‍ ബിസിസിഐ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ മാച്ച് ഫീ വര്‍ധിപ്പിച്ചിരുന്നു. 2021-22 സീസണ്‍ മുതല്‍ 40000 രൂപ മുതല്‍ 60000 രൂപ വരെയാണ് സീനിയര്‍ പുരുഷന്മാരുടെ സമ്പാദ്യം. സീനിയര്‍ സ്ത്രീകള്‍ക്ക് പ്രതിദിനം 20000 രൂപ വരെ ലഭിക്കുന്നു.