ഇന്ത്യൻ വനിതാ- പുരുഷ ക്രിക്കറ്റ് ടീമുകളുടെ പുതിയ ട്വന്റി-20 ടീം ജെഴ്സി പുറത്തിറക്കി. ട്വന്റി-20 ലോകകപ്പിന് മുന്നോടിയായാണ് പുതിയ ജെഴ്സി പുറത്തിറക്കിയത്. ട്വിറ്ററിലൂടെ ബിസിസിഐയാണ് പുതിയ ജെഴ്സി പുറത്തിറക്കിയത്. ചിത്രത്തിൽ വനിത- പുരുഷ താരങ്ങൾ ഒരുമിച്ചാണ് പുതിയ ജെഴ്സിയിൽ പ്രത്യക്ഷപ്പെടുന്നത്.
ആകാശ നീല നിറത്തിലുള്ള പുതിയ ജെഴ്സിയുടെ കൈഭാഗം കടും നീല നിറത്തിലാണ്. ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമായ എംപിഎൽ ആണ് ഔദ്യോഗിക സ്‌പോൺസർ. അടുത്ത മാസം നടക്കുന്ന ടി-20 ലകകപ്പിൽ ഈ ജെഴ്സിയിലാകും താരങ്ങൾ ഇങ്ങുക. 23ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പ് മത്സരം. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ഹോം സീരീസുകളിലും പുതിയ ജെഴ്സി അണിഞ്ഞാകും ടീം കളത്തിലിറങ്ങുക.
ട്വന്റി-20 ലോകകപ്പിന് പുതിയ ജെഴ്സി ഉണ്ടാകുമെന്ന സൂചന ഒരാഴ്ച മുൻപ് തന്നെ ബിസിസിഐ നൽകിയിരുന്നു. 'ഹർ ഫാൻസ് കി ജെഴ്സി' എന്നതായിരുന്നു എംപിഎല്ലിന്റെ പരസ്യവാക്യം. ഈ പേരിലായിരുന്നു പ്രകാശന പരിപാടി സംഘടിപ്പിച്ചത്. ജെഴ്സിക്ക് ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ഒരു വർഷത്തിനിടയിൽ രണ്ടാം തവണയാണ് ജെഴ്‌സിയിൽ ഇന്ത്യ മാറ്റം വരുത്തുന്നത്. കഴിഞ്ഞ വർഷം യുഎഇ യിൽ വെച്ച് നടന്ന ടി20 ലോകകപ്പിന് മുന്നോടിയാണ് ജേഴ്സി മാറ്റിയിരുന്നു.
ഇരുണ്ട നീല നിറത്തിൽ നിന്ന് ടീം ഇന്ത്യ വീണ്ടും പഴയ ആകാശ നീല നിറത്തിലേക്ക് തിരിച്ചു പോകുന്നുവെന്ന പ്രത്യേകതയും പുതിയ ജെഴ്സിക്കുണ്ട്. 2007ൽ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ പ്രഥമ ടി20 ലോകകപ്പ് ഉയർത്തുമ്പോൾ ധരിച്ചിരുന്ന ആകാശ നീല നിറത്തിലുള്ള ജെഴ്സിയുമായി സാമ്യമുള്ളതാണ് പുതിയ കിറ്റ്.