ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു ഇഷാന്‍ കിഷന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇടവേള ആവശ്യപ്പെട്ടത്. താരത്തിന്റെ തീരുമാനത്തിന് ബിസിസിഐ പൂർണ പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് നടന്ന പരമ്പരകളിലൊന്നും ഇഷാനെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഇത് പല അഭ്യൂഹങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുമുണ്ട്.
ദേശീയ ടീമിലേക്ക് തിരിച്ചുവരണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റല്ല ഏതെങ്കിലും തലത്തിലുള്ള ക്രിക്കറ്റ് കളിച്ചതിന് ശേഷമായിരിക്കണമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നിർദേശിച്ചിരുന്നു. ഇതിനുശേഷവും ക്രിക്കറ്റ് മൈതാനങ്ങളില്‍ ഇഷാന്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. നിലവില്‍ രഞ്ജി ട്രോഫി പുരോഗമിക്കുകയാണ്. ഝാർഖണ്ഡ് താരമായ ഇഷാന്‍ ടൂർണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്, സ്വയം പരിശീലനവും താരം നടത്തുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍.
താരത്തിന്റെ ക്രിക്കറ്റ് ഭാവി പോലും തുലാസിലാണെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ബിസിസിഐ കരാറില്‍ നിന്ന് ഇഷാനെ പുറത്താക്കുമോ എന്ന ചോദ്യത്തിന് അത്തരം ചർച്ചകളൊന്നും നടക്കുന്നില്ലയെന്നാണ് മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ പിടിഐയോട് പ്രതികരിക്കവെ പറഞ്ഞത്. ഒരു കോടി രൂപയുടെ ഗ്രേഡ് സി വിഭാഗത്തിലാണ് ഇഷാനുള്ളത്.
ഐസിസി ട്വന്റി20 ലോകകപ്പ് ജൂണ്‍ ഒന്നിന് അമേരിക്കയില്‍ ആരംഭിക്കാനിരിക്കെ പ്രധാന താരങ്ങളുടെ ജോലിഭാരം പ്രധാനമാണ്. മാർച്ച് 22 മുതല്‍ മേയ് 26 വരെ ഇന്ത്യന്‍ പ്രീമിയർ ലീഗും നടക്കാനിരിക്കെ എത്തരത്തിലായിരിക്കും താരങ്ങള്‍ എത്തരത്തിൽ ജോലിഭാരം കൈകാര്യം ചെയ്യുക എന്നതില്‍ വ്യക്തതയില്ല. ഇത് സംബന്ധിച്ച് നിർദേശങ്ങളൊന്നും താരങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
"ഉയർന്ന തുകയാണ് താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കുന്നത്. അതുകൊണ്ട് തന്നെ ഏതൊക്കെ മത്സരങ്ങളുടെ ഭാഗമാകണമെന്ന് താരങ്ങള്‍ക്ക് തീരുമാനിക്കാനാകില്ല. എന്നാല്‍ പ്രധാന കരാറില്‍ ഉള്‍പ്പെട്ട താരങ്ങളുടേയും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളുടേയും കായികക്ഷമത സംബന്ധിച്ചുള്ള വിവരങ്ങള്‍ ടീമുകള്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സ്പോർട്സ് സയന്‍സ് തലവന്‍ നിതിന്‍ പട്ടേലിനെ അറിയിക്കും," ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേർത്തു. ഐപിഎല്‍ പ്ലെ ഓഫിലേക്ക് യോഗ്യത നേടാത്ത ടീമിലെ താരങ്ങളെ ബിസിസിഐ ന്യൂയോർക്കിലേക്ക് അയച്ചേക്കും.