മേയ് 27 ന് ഹൈദരാബാദില്‍ നടക്കുന്ന പ്രത്യേക പൊതുയോഗത്തില്‍ (എസ് ജി എം) തങ്ങളുടെ പുതിയ ലൈംഗികാതിക്രമ തടയല്‍ നയം (POSH) ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിക്കും. കൂടാതെ 2023 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു പ്രധാന വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കാനും തീരുമാനമായി.
അടിസ്ഥാന സൗകര്യ വികസനത്തിന്റെയും സബ്‌സിഡി സബ്കമ്മറ്റിയുടെയും രൂപീകരണം, സംസ്ഥാന ടീമുകളില്‍ ഫിസിയോ തെറാപ്പിസ്റ്റുകളെയും പരിശീലകരെയും നിയമിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, ഐസിസി ലോകകപ്പ് 2023 വര്‍ക്കിങ് ഗ്രൂപ്പിന്റെ രൂപീകരണം, വനിതാ പ്രീമിയര്‍ലീഗ് കമ്മിറ്റി രൂപീകരണം എന്നിങ്ങനെ എസ് ജി എം അജണ്ടയടങ്ങിയ നോട്ടീസ് അതിന്റെ എല്ലാ അഫിലിയേറ്റുകള്‍ക്കും അയച്ചു.
ലോകകപ്പിനായി തിരഞ്ഞെടുത്ത എല്ലാ സ്റ്റേഡിയങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിന് ബോര്‍ഡ് ഇതിനകം ഫണ്ട് അനുവദിച്ചിട്ടുണ്ട്
ഏകദിന ലോകകപ്പിനുള്ള വര്‍ക്കിങ് ഗ്രൂപ്പില്‍ ബിസിസിഐ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ആക്ടിങ് സിഇഒ എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ലോകകപ്പിനായി തിരഞ്ഞെടുത്ത എല്ലാ സ്റ്റേഡിയങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിന് ബോര്‍ഡ് ഇതിനകം ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഭൂരിഭാഗം വേദികളും അടിയന്തരമായി നവീകരിക്കുകയും ആരാധക സൗഹൃദമാക്കുകയും വേണം.
ലൈംഗിക പീഡനം തടയല്‍ നയം പ്രധാന അജണ്ടയാണ്. മുന്‍ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌രിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നാലെ ബിസിസിഐ നാലംഗ ആഭ്യന്തര പരാതി പരിഹാര കമ്മറ്റി രൂപീകരിച്ചിരുന്നു. പുതുക്കിയ നിയമമനുസരിച്ച് കമ്മറ്റിയില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തുകയും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും.