ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ 2023 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുമെന്ന് ഉറപ്പിച്ച് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. തിങ്കളാഴ്ച നടന്ന ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്റ്റോക്‌സിന് കാല്‍ മുട്ടിന് പരുക്കേറ്റിരുന്നു. ഐപിഎല്‍ ലേലത്തില്‍ ഉയര്‍ന്ന മൂല്യമുള്ള നാലാമത്തെ താരമാണ് ബെന്‍ സ്റ്റോക്‌സ്. 16.25 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരത്തെ സ്വന്തമാക്കിയത്.
കഴിഞ്ഞ രണ്ട് സീസണുകളിലും സ്റ്റോക്‌സിന് പരുക്ക് ആണ് തിരിച്ചടിയായത്. 2021 ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഇറങ്ങിയ അദ്ദേഹം വിരലിനേറ്റ പരുക്ക് മൂലം പുറത്താവുകയായിരുന്നു. മാര്‍ച്ച് 31 നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഈ സീസണിലും ഐപിഎല്‍ മുഴുവിപ്പിക്കാന്‍ കഴിയില്ലെന്ന് സ്റ്റോക്‌സ് നേരത്തേ സൂചന നല്‍കിയിരുന്നു. ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന അയര്‍ലന്‍ഡിനെതിരായ ഏകദിന ടെസ്റ്റിന്റെ തയ്യാറെടുപ്പുകള്‍ക്കായി ഐപിഎല്ലിലെ അവസാന മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടപ്പെടുത്തേണ്ടി വരും. ജൂണ്‍ 26 ന് ആഷസ് പരമ്പരയും ആരംഭിക്കും, അതിനാല്‍ ഒരു ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ തന്റെ നായക ചുമതലകള്‍ക്കാവും അദ്ദേഹം പ്രാധാന്യം നല്‍കുക.
പരുക്ക് മൂലം ബെന് സ്റ്റോക്സ് ഐപിഎല്ലില്‍ കളിക്കില്ലെന്ന ആശങ്ക ആരാധകര്‍ക്കിടയില്‍ പരന്നിരുന്നു. എന്നാല്‍ അതിനെയൊക്കെ അസ്ഥാനത്താക്കിക്കൊണ്ടാണ് ബെന്‍ സ്റ്റോക്‌സ് ചെന്നൈയില്‍ കളിക്കമെന്ന കാര്യം വ്യക്തമാക്കിയത്. ചെന്നൈ ഹെഡ്‌കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും സാഹചര്യങ്ങളില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സ്റ്റോക്‌സ് അറിയിച്ചു.