CRICKET

മുരളിയോട് 'മുഖംതിരിച്ച' ബേദി; മരണത്തോടെ അവസാനിക്കുന്നു 'ചക്കര്‍' വിവാദം

800 വിക്കറ്റുകള്‍ ടെസ്റ്റില്‍ നേടിയിട്ടും ഇതിഹാസ പരിവേഷമുണ്ടായിട്ടും സ്പിന്‍ മാന്ത്രികൻ മുത്തയ്യ മുരളീധരനെ അംഗീകരിക്കാന്‍ ബേദി തയാറായിരുന്നില്ല, കളത്തിന് പുറത്ത് ഇരുവരും കലഹിച്ചുകൊണ്ടേയിരുന്നു

ഹരികൃഷ്ണന്‍ എം

ബാറ്റർമാർക്ക് അനായാസം നേരിടാനുള്ള പന്തുകള്‍ നല്‍കുന്നതില്‍ അല്‍പ്പം കർക്കശക്കാരനായിരുന്നു ബിഷന്‍ സിങ് ബേദി. ആ കാർക്കശ്യം കളി മതിയാക്കിയിട്ടും ബേദി വിട്ടില്ല. അതുകൊണ്ട് ആധുനിക ക്രിക്കറ്റിലെ ഇതിഹാസങ്ങളെന്ന് വാഴ്ത്തുപാട്ട് കേട്ടുറങ്ങിയവരെ പോലും തലോടാന്‍ ബേദി തയാറായതുമില്ല. ബേദിയുടെ വിമർശനങ്ങളുടെ ഫ്ലൈറ്റ് ബോളുകള്‍ ഏറ്റവുമധികം നേരിട്ടത് സാക്ഷാല്‍ മുത്തയ്യ മുരളീധരനും.

ബേദിയുടെ നാക്കിനെ തിരുത്താന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയ 800 വിക്കറ്റുകളും മുരളിക്ക് തികഞ്ഞില്ല. ശ്രീലങ്കന്‍ ഇതിഹാസത്തിനെതിരായ ബേദിയുടെ വാക്കുകളും അദ്ദേഹത്തിന്റെ പന്ത് പോലെ തന്നെ പ്രവചനാതീതമായിരുന്നു. മുരളിയുടെ ബൗളിങ് ആക്ഷനായിരുന്നു ബേദിക്ക് രസിക്കാതെ പോയത്. മുരളിയെ 'ചക്കർ' എന്നാണ് ആദ്യം ബേദി അഭിസംബോധന ചെയ്തത്. ചക്കർ എന്നാല്‍ കൈ മടക്കി പന്തെറിയുന്ന ബൗളർമാർക്ക് നല്‍കുന്ന വിശേഷണമാണ്. മുരളിക്കെതിരെ ഒന്നല്ല, രണ്ടല്ല പല തവണ ബേദി ഈ വാക്ക് ഉപയോഗിച്ചു.

ഒരു ബൗളറായിപ്പോലും മുരളിയെ പരിഗണിക്കാന്‍ ബേദി തയാറായിരുന്നില്ല. ജാവലിന്‍ ത്രോയറെന്നും ഷോട്ട് പുട്ടറെന്നുമൊക്കെയാണ് ബേദി മുരളിയെ വിശേഷിപ്പിച്ചത്. ബൗളറായി പരിഗണിച്ചില്ല എന്നത് മാത്രമല്ല മുരളിയെടുത്ത വിക്കറ്റുകള്‍ക്ക് മൂല്യം നല്‍കാനും ബേദി തയാറായില്ല. മുരളി 800 വിക്കറ്റുകളെടുത്തിട്ടുണ്ടാകും, തന്റെ മുന്നില്‍ അത് റണ്ണൗട്ടുകള്‍ മാത്രമാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞത്.

ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണിനോട് ബേദിക്ക് എതിർപ്പില്ലായിരുന്നു. നിങ്ങള്‍ പരിശോധിക്കൂ, ഒരു വശത്ത് വോണെന്ന മാന്ത്രികൻ, മറുവശത്ത് മുരളീധരന്‍. എന്തൊരു ദുരന്തമാണിത്, 2010ലെ ലോക ക്രിക്കറ്റിനെക്കുറിച്ചുള്ള ആർ എസ് ഡി ഉച്ചകോടിയില്‍ ബേദി പറഞ്ഞ വാക്കുകളാണിത്. മുരളിയുടെ വജ്രായുധമായ ദൂസര പന്തുകള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിലക്കണമെന്നും ബേദി ആവശ്യപ്പെട്ടു.

ഒരു ബൗളറായി പോലും മുരളിയെ പരിഗണിക്കാന്‍ ബേദി തയാറായിരുന്നില്ല

മുരളി ക്രിക്കറ്റ് മതിയാക്കിയതിന് ശേഷമായിരുന്നു ദൂസര ബാന്‍ ചെയ്യണമെന്നുള്ള ആവശ്യം ബേദി ഉയർത്തിയത്. മുരളിയൊരു നല്ല വ്യക്തിയാണ്, കൗശലക്കാരനായ ക്രിക്കറ്ററുമാണ്. പക്ഷെ ചക്കിങ്ങിന്റെ പാരമ്പര്യം അവശേഷിപ്പിച്ചാണ് മുരളി കളം വിടുന്നതെന്നും ബേദി പറഞ്ഞു. ഭാവിയിലെ താരങ്ങള്‍ക്ക് ഒരു മോശം ഉദാഹരണമാണ് മുരളിയുടെ കരിയറെന്നും ബേദി തുറന്നടിച്ചിരുന്നു.

മുരളിയുടെ വിരമിക്കലിന് ശേഷം സംവാദങ്ങള്‍ അല്‍പ്പം കൂടി മൂർച്ഛിച്ചെന്ന് പറയാം. ബേദിയുടെ വാക്കുകള്‍ക്ക് മറുപടി പറയുക മാത്രമല്ല മുരളി ചെയ്തത്, വിമർശനങ്ങള്‍ അങ്ങോട്ടും തൊടുത്തു.

ബേദി, ബി എസ് ചന്ദ്രശേഖർ, ശ്രീനിവാസ് വെങ്കട്ടരാഘവന്‍, എരപ്പള്ളി പ്രസന്ന എന്നിവരായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്പിന്‍ വിപ്ലവത്തിന് തുടക്കമിട്ടത്. എന്നാല്‍ മറ്റ് മൂവരുടേയും തലത്തിലേക്ക് ഉയരാന്‍ ബേദിയെന്ന ബൗളർക്ക് സാധിച്ചിട്ടില്ലെന്നാണ് മുരളിയുടെ അഭിപ്രായം.

താന്‍ ബേദി പന്തെറിയുന്ന വീഡിയോകള്‍ കണ്ടിട്ടുണ്ട്, ആധുനിക കാലത്താണ് കളിക്കുന്നതെങ്കില്‍ ബാറ്റർമാരുടെ പ്രഹരങ്ങളേറ്റുവാങ്ങേണ്ടി വന്നേനെ, മുരളി വിരമിക്കലിന് ശേഷം പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യ ക്രിക്കറ്റിന് സംഭാവന ചെയ്ത ഏറ്റവും മികച്ച ബൗളറെന്ന തലക്കെട്ടും ബേദിക്ക് നല്‍കാന്‍ മുരളി ഒരുക്കമായിരുന്നില്ല

ലോകം ഇതിഹാസമെന്ന് ബേദിയെ വിശേഷിപ്പിച്ചപ്പോള്‍ വിവാദങ്ങളുടെ തോഴനെന്നായിരുന്നു മുരളി വിളിച്ചത്. ലോകത്തെല്ലായിടത്തും വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ബേദിയുടെ പന്തുകള്‍ക്ക് വേരിയേഷനുകളില്ലെന്നും വിക്കറ്റില്‍ നിന്ന് ലഭിക്കുന്ന അനുകൂല്യം മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് മുരളിയുടെ നിരീക്ഷണം.

ഇന്ത്യ ക്രിക്കറ്റിന് സംഭാവന ചെയ്ത ഏറ്റവും മികച്ച ബൗളറെന്ന തലക്കെട്ടും ബേദിക്ക് നല്‍കാന്‍ മുരളി ഒരുക്കമായിരുന്നില്ല. ബേദിയൊ വെങ്കട്ടരാഘവനോ അല്ല, അനില്‍ കുംബ്ലെയാണ് ഇന്ത്യ കണ്ട മികച്ച സ്പിന്നർ. അതില്‍ ഒരു സംശയവുമില്ല, ആർക്കും സംശയിക്കാനുമാകില്ല. കണക്കും മികവുമെല്ലാം ചൂണ്ടിക്കാണിച്ചായിരുന്നു അന്ന് മുരളി കുംബ്ലെയെ വാഴ്ത്തിയത്.

മുരളിയുടെ പ്രതികരണത്തിന് ശേഷവും ബേദി ചക്കർ വിളിയില്‍ ഉറച്ച് തന്നെ നില്‍ക്കുകയായിരുന്നു. ബേദിക്ക് പിന്തുണയുമായി പ്രസന്നയും അന്ന് എത്തി. മുരളിയെ മാത്രമായിരുന്നില്ല പ്രസന്ന കുറ്റപ്പെടുത്തിയത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലെ കൂടിയായിരുന്നു. മുരളിക്കായി കൈ വളയ്ക്കാന്‍ ഐസിസി കളമൊരുക്കിയെന്നാണ് പ്രസന്ന പറഞ്ഞ്. സമാന പ്രസ്താവന ബേദിയും ഉന്നയിച്ചിരുന്നു.

മുരളിയുമായുള്ള കലഹം കളത്തിന് പുറത്ത് അവസാനിപ്പിക്കാന്‍ വാർധക്യത്തിലും ബേദി തയാറായിരുന്നില്ല. മുരളിയുടെ പ്രതിഭയെ ലോകം വാഴ്ത്തുമ്പോഴും മറുവശത്ത് തന്റെ വാക്കുകളില്‍ ഇങ്ങനെ ഉറച്ച് നില്‍ക്കാന്‍ ബേദിക്കെങ്ങനെ കഴിഞ്ഞെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. പല ഇതിഹാസ താരങ്ങളുടേയും വിമർശകർ കാലത്തിന്റെ ഒഴുക്കില്‍ തിരുത്തലുകള്‍ക്ക് നിർബന്ധിതരായിട്ടുണ്ട്. പക്ഷെ ബേദിയെ തിരുത്താന്‍ കാലത്തിനോ മുരളിക്കോ ആയില്ല...

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ