CRICKET

നരെയ്‌ന് മറുപടി മിസ്റ്റര്‍ ബട്‌ലര്‍; ത്രില്ലര്‍ പോരാട്ടത്തില്‍ നൈറ്റ് റൈഡേഴ്‌സിനെ വീഴ്ത്തി റോയല്‍സ്

60 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും ആറ് സിക്‌സറുകളും സഹിതം 107 റണ്‍സുമായി പുറത്താകാതെ നിന്ന ബട്‌ലറാണ് രാജസ്ഥാന്റെ ഹീറോ

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് അവസാന പന്ത് അവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിനൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് രണ്ട് വിക്കറ്റ് ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 224 എന്ന കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലറിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ലക്ഷ്യം കണ്ടു.

60 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും ആറ് സിക്‌സറുകളും സഹിതം 107 റണ്‍സുമായി പുറത്താകാതെ നിന്ന ബട്‌ലറാണ് രാജസ്ഥാന്റെ ഹീറോ. ഇംഗ്ലീഷ് താരത്തിനു പുറമേ 14 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 34 റണ്‍സ് നേടിയ യുവതാരം റിയാന്‍ പരാഗിനും 13 പന്തുകളില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്‌സറുകളും സഹിതം 26 റണ്‍സ് നേടിയ റോവ്മാന്‍ പവലിനും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്.

ഒരു ഘട്ടത്തില്‍ ആറിന് 121 എന്ന നിലയില്‍ കനത്ത പരാജയത്തിന്റെ വക്കിലേക്ക് നീങ്ങിയ രാജസ്ഥാനെ ബട്‌ലര്‍ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു. ഏഴാം വിക്കറ്റില്‍ പവലിനെ കൂട്ടുപിടിച്ച് ബട്‌ലര്‍ ക്ഷണവേഗത്തില്‍ കൂട്ടിച്ചേര്‍ത്ത 57 റണ്‍സാണ് കളിയില്‍ നിര്‍ണായകമായത്. രാജസ്ഥാന്‍ നിരയില്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍(19), നായകന്‍ സഞ്ജു സാംസണ്‍(12), യുവതാരം ധ്രൂവ് ജൂറല്‍(2), രവിചന്ദ്രന്‍ അശ്വിന്‍(8), ഷിംറോണ്‍ ഹെറ്റ്മയര്‍(0) എന്നിവര്‍ നിരാശപ്പെടുത്തി.

കൊല്‍ക്കത്തയ്ക്കു വേണ്ടി രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഹര്‍ഷിത് റാണ, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് തിളങ്ങിയത്. വൈഭവ് അറോറയ്ക്കാണ് ശേഷിച്ച ഒരു വിക്കറ്റ്. നേരത്തെ ഓപ്പണര്‍ സുനില്‍ നരെയ്‌ന്റെ മിന്നുന്ന സെഞ്ചുറിയുടെ മികവിലാണ് കൊല്‍ക്കത്ത മികച്ച സ്‌കോറിലേക്ക് എത്തിയത്.

നരെയ്ന്‍ 56 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളും ആറ് സിക്‌സറുകളും സഹിതം 109 റണ്‍സാണ് അടിച്ചെടുത്തത്. വിന്‍ഡീസ് താരത്തിനു പുറമേ 18 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 30 റണ്‍സ് നേടിയ യുവതാരം അംഗ്രിഷ് രഘുവംശിയാണ് കൊല്‍ക്കത്ത നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ഒമ്പതു പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറുകളും സഹിതം 20 റണ്‍സ് നേടി പുറത്താകാതെ നിന്ന റിങ്കു സിങ്ങാണ് അവസാന ഓവറുകളില്‍ ടീമിനെ 220 കടത്തിയത്.

കൊല്‍ക്കത്ത നിരയില്‍ മറ്റാര്‍ക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഓപ്പണര്‍ ഫില്‍ സോള്‍ട്ട്(10), നായകന്‍ ശ്രേയസ് അയ്യര്‍(11), ഓള്‍റൗണ്ടര്‍മാരായ ആന്ദ്രെ റസല്‍(13), വെങ്കിടേഷ് അയ്യര്‍(8) എന്നിവര്‍ നിരാശപ്പെടുത്തി. ഇന്നിങ്‌സ് അസവാനിക്കുമ്പോള്‍ ഒരു റണ്ണുമായി രമണ്‍ദീപ് സിങ് ആയിരുന്നു റിങ്കുവിനൊപ്പം ക്രീസില്‍.

നേരത്തെ ടോസ് നേടിയ റോയല്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിഞ്ഞ തുടക്കമായിരുന്നു കൊല്‍ക്കത്തയുടേത്. എന്നാല്‍ പിന്നീട് നരെയ്ന്‍ മികച്ച ഫോമിലേക്ക് ഉയര്‍ന്നതോടെ റോയല്‍സ് ബൗളര്‍മാരുടെ പിടി അയഞ്ഞു. രാജസ്ഥാനു വേണ്ടി രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ആവേശ് ഖാന്‍, കുല്‍ദീപ് സിങ് എന്നിവരാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ട്രെന്റ് ബോള്‍ട്ട്, യൂസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം