വഖാര്‍ യൂനിസ്, ഷോയിബ് അക്തര്‍, ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ, ഷെയിന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, വസിം അക്രം, ഷെയിന്‍ ബോണ്ട്, ചാമിന്ദ വാസ്... ബൗളര്‍മാര്‍ ക്രിക്കറ്റ് മൈതാനങ്ങള്‍ തങ്ങളുടെ കൈകളിലൊതുക്കിയ കാലത്തായിരുന്നു ബാറ്റുകൊണ്ട് വിസ്മയം തീര്‍ത്ത് സച്ചിന്‍ തെണ്ടുല്‍ക്കര്‍ റെക്കോഡുകളുടെ പര്യായമായി മാറിയത്. കാലത്തിന്‌റെ ഒഴുക്കില്‍ ആ പര്യായത്തിന് പകരക്കാരുണ്ടാകുകയാണെങ്കില്‍ അത് രോഹിത് ശര്‍മയോ വിരാട് കോഹ്ലിയോ ആയിരിക്കുമെന്ന് സച്ചിന്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
24 വര്‍ഷം നീണ്ട കരിയറിയിന്‌റെ അനുഭവസമ്പത്തില്‍ നിന്നുണ്ടായ നിരീഷണം സത്യമായി. രോഹിതും കോഹ്ലിയും സച്ചിന്‌റെ പല റെക്കോഡുകളും തിരുത്തി. ഒടുവില്‍, ഏകദിന ക്രിക്കറ്റിലെ സെഞ്ചുറി കണക്കില്‍ സച്ചിനെ (49) പിന്നിലാക്കി കോഹ്ലി ചരിത്രം കുറിച്ചു. അതും സച്ചിന്‌റെ കളിത്തട്ടായ വാങ്ക്‌ഡേയില്‍, ക്രിക്കറ്റ് ഇതിഹാസത്തെ സാക്ഷിയാക്കിയായിരുന്നു നേട്ടം.
മൂന്നക്കത്തില്‍ അര്‍ധ ശതകത്തിലേക്ക് എത്താന്‍ ഏകദിനത്തില്‍ കോഹ്ലിക്ക് ആവശ്യമായി വന്നത് 279 ഇന്നിങ്‌സുകള്‍ മാത്രമായിരുന്നു. നിരീക്ഷകര്‍ പറയുന്നത് പോലെ, ബാറ്റര്‍മാര്‍ക്ക് അനുകൂലമായ ക്രിക്കറ്റ് നിയമങ്ങളാകാം കോഹ്ലിയെ അതിവേഗം നാഴികക്കല്ലിലേക്ക് എത്തിച്ചത്. എങ്കിലും താരത്തിന്‌റെ ക്ലാസിനെ തള്ളിപ്പറയാന്‍ ആര്‍ക്കുമാകില്ല എന്നത് വസ്തുതയായി അവശേഷിക്കുന്നു.
ഇനി കോഹ്ലിയുടെ യാത്ര സച്ചിന്‌റെ മറ്റൊരു റെക്കോഡിലേക്കാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറികളെന്ന അപൂര്‍വ നേട്ടത്തിലേക്ക്. കോഹ്ലിയുടെ പേരില്‍ ഇതിനോടകം തന്നെ 80 ശതകങ്ങളുണ്ട് (ഏകദിനം-50, ടെസ്റ്റ്-29, ട്വന്‌റി 20-1). പക്ഷേ, കോഹ്ലിക്ക് നൂറില്‍ നൂറ് തികയ്ക്കാന്‍ കഴിയുന്നത്ര കളങ്ങള്‍ വരും വര്‍ഷങ്ങളില്‍ ഒരുങ്ങുമോയെന്നത് വലിയ ചോദ്യ ചിഹ്നമാണ്. പ്രത്യേകിച്ചും ക്രിക്കറ്റ് വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന സാഹചര്യത്തില്‍.
ഏകദിന ക്രിക്കറ്റ് അവസാന ലാപ്പിലേക്ക്
ആരാധകരിലേക്ക് ട്വന്‌റി 20 ആവേശമെത്തിച്ച നാള്‍ മുതല്‍ ഏകദിന ഫോര്‍മാറ്റിന്‌റെ ആയുസിന്‌റെ കാര്യത്തില്‍ ലോകക്രിക്കറ്റില്‍ വലിയ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ദൈര്‍ഘ്യമാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന പ്രശ്‌നം. ഒരു ഏകദിന മത്സരം പൂര്‍ത്തിയാകാന്‍ ഏകദേശം എട്ട് മണിക്കൂറിലധികം ആവശ്യമാണ് (ഇരുടീമുകളും 50 ഓവറും കളിക്കുകയാണെങ്കില്‍). അതായത് ഏകദിന മത്സരം കാണാന്‍ ഒരാള്‍ ഒരു ദിവസത്തിന്‌റെ മൂന്നിലൊന്ന് സമയം ഒരാള്‍ ചിലവഴിക്കേണ്ടി വരുമെന്ന് അര്‍ത്ഥം. ജീവിതത്തിന്‌റെ വേഗത അനുദിനം വര്‍ധിക്കുന്ന കാലത്ത് ഇത് എത്രകാലം സാധ്യമാകുമെന്നത് ഉത്തരം ലഭിക്കാത്ത ചോദ്യമാണ്.
പക്ഷേ, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫോര്‍മറ്റിന്‌റെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകകപ്പ് പാതി ദൂരം പിന്നിട്ടപ്പോള്‍ ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ് 500 മില്യണ്‍ കടന്നതായാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‌റെ ചീഫ് കൊമേഷ്യല്‍ ഓഫീസര്‍ അനുരാഗ് ദഹിയ പറയുന്നത്. 2019 ലോകകപ്പിനെ അപേക്ഷിച്ച് ഡിജിറ്റല്‍ വ്യൂവര്‍ഷിപ്പ് രണ്ടിരട്ടിയിലധികമാണെന്നും അനുരാഗ് വ്യക്തമാക്കി.
എങ്കിലും ടൂര്‍ണമെന്‌റിന്‌റെ തുടക്കത്തില്‍ ആളൊഴിഞ്ഞ സ്റ്റേഡിയങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. പ്രത്യേകിച്ചും ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ഉദ്ഘാടന മത്സരം. ടൂര്‍ണമെന്‌റ് പുരോഗമിച്ചതോടെ കാര്യങ്ങള്‍ മെച്ചപ്പെട്ടു. ഹൈദരാബാദ്, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ പ്രധാന സെന്‌ററുകളിലെല്ലാം ഗ്യാലറികളില്‍ ജനമെത്തി.
പക്ഷേ, ഇന്ത്യയില്‍ നടക്കുന്ന ടൂര്‍ണമെന്‌റുകളില്‍ മാത്രമാണ് ഇത്രയധികം ആരാധക പങ്കാളിത്തമുണ്ടാകുന്നതെന്ന് വിസ്മരിക്കാനാകില്ല. മറ്റ് രാജ്യങ്ങള്‍ ആതിഥേയത്വം വഹിച്ച ലോകകപ്പുകളില്‍ നിര്‍ണായക മത്സരങ്ങളില്‍ മാത്രമായിരുന്നു സ്റ്റേഡിയങ്ങള്‍ നിറഞ്ഞത്. അടുത്ത എട്ട് വര്‍ഷം ഏകദിന ഫോര്‍മാറ്റില്‍ നാല് ഐസിസി ടൂര്‍ണമെന്‌റുകളാണ് നടക്കാനിരിക്കുന്നത്. ഇതില്‍ മൂന്ന് ടൂര്‍ണമെന്‌റുകള്‍ക്കും ആതിഥേയത്വം വഹിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളാണ്, 2025 ചാമ്പ്യന്‍സ് ട്രോഫി (പാകിസ്താന്‍), 2029 ചാമ്പ്യന്‍സ് ട്രോഫി (ഇന്ത്യ), 2031 ഏകദിന ലോകകപ്പ് (ഇന്ത്യ, ബംഗ്ലാദേശ്). 2023 ലോകകപ്പ് വിജയം വരാനിരിക്കുന്ന ടൂര്‍ണമെന്‌റുകളിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് ഐസിസിക്കുള്ളത്.
ചാമ്പ്യന്‍സ് ട്രോഫിയും ട്വന്‌റി 20 ഫോര്‍മാറ്റിലേക്ക്
2025 ചാമ്പ്യന്‍സ് ട്രോഫി ട്വന്‌റി 20 ഫോര്‍മാറ്റിലേക്ക് മാറാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. ടൂര്‍ണമെന്‌റിന്‌റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം സ്വന്തമാക്കിയ ഡിസ്‌നി സ്റ്റാര്‍ ഇക്കാര്യം ഐസിസിയുമായി ചര്‍ച്ച ചെയ്തതായാണ് അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ട്വന്‌റി 20 ഫോര്‍മാറ്റിനോടുള്ള ആരാധകരുടെ താല്‍പ്പര്യം പരിഗണിച്ചാണ് നീക്കം.
കൂടുതല്‍ പേരെ ടൂര്‍ണമെന്‌റ് കാണുന്നതിലേക്ക് ആകര്‍ഷിക്കാനാകുമെന്നുള്ള പ്രതീക്ഷയും നീക്കത്തിന് പിന്നിലുണ്ട്. ഏകദിന ഫോര്‍മാറ്റ് പൂര്‍ണമായും ഒഴിവാക്കാന്‍ സംപ്രേഷണ അവകാശികളിലൊരാള്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഇത് സംഭവിക്കുകയാണെങ്കില്‍ ഏകദിന ഫോര്‍മാറ്റിന് മുകളില്‍ വീണ്ടും ചോദ്യ ചിഹ്നമുയരും. 2023 ലോകകപ്പില്‍ നിന്ന് ലഭിച്ച പ്രതീക്ഷയും അസ്തമിക്കും.
ടെസ്റ്റ് ഫോര്‍മാറ്റിന്‌റെ സാന്നിധ്യം വിരളം
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അവതരിപ്പിച്ചതു തന്നെ ടെസ്റ്റ് ക്രിക്കറ്റിന്‌റെ നിലനില്‍പ്പിന് വേണ്ടിയാണെന്ന് വിലയിരുത്താം. ട്വന്‌റി 20-യുടെ ആധിപത്യം ക്രിക്കറ്റിന്‌റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്‌റ് അവതിരിപ്പിച്ചതോടെ രാജ്യങ്ങള്‍ നിര്‍ബന്ധിതമായി ടെസ്റ്റ് മത്സരങ്ങളില്‍ സജീവമാകേണ്ടി വന്നു. എങ്കിലും കളിക്കുന്ന മത്സരങ്ങളുടെ എണ്ണത്തില്‍ വലിയ ഇടിവ് സംഭവിച്ചു. ഒരു ടീം രണ്ട് വര്‍ഷത്തില്‍ പരമാവധി കളിക്കുക 12 മുതല്‍ 20 മത്സരങ്ങള്‍ മാത്രമാണ്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ക്കാണ് ശരാശരിക്ക് മുകളിലെങ്കിലും കാണികളുടെ സാന്നിധ്യം ലഭിക്കുന്നത്.
നൂറില്‍ നൂറ് നേടാന്‍ കോഹ്ലിക്കാകുമോ?
ഏകദിന ക്രിക്കറ്റിന്‌റെ കാര്യത്തില്‍ തുടരുന്ന അനിശ്ചിതത്വം, ട്വന്‌റി 20 ഫോര്‍മാറ്റിന്‌റെ ആധിപത്യം, മറയുന്ന ടെസ്റ്റ് ക്രിക്കറ്റ്. കോഹ്ലി നേടിയ സെഞ്ചുറികളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ അവശേഷിക്കുന്ന 20 ശതകങ്ങള്‍ ചെറിയ അക്കമായിരിക്കാം. പക്ഷേ, മുന്നിലുള്ള വെല്ലുവിളികള്‍ വലുതാണ്. എതിരാളികളെ മാത്രം കീഴടക്കിയാല്‍ പോര, ക്രിക്കറ്റിനോട് തന്നെ പോരാടേണ്ടി വരും കോഹ്ലിക്ക്.
ട്വന്‌റി 20-യില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് യുവ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്നതാണ് ഏറെക്കാലമായി ബിസിസിഐ സ്വീകരിക്കുന്ന നിലപാട്. 2022 ട്വന്‌റി 20 ലോകകപ്പിന് ശേഷം കോഹ്ലി ദേശീയ ടീമിലെത്തയിട്ടില്ല. ബിസിസിഐ ഈ സമീപനം തുടര്‍ന്നാല്‍ ട്വന്‌റി 20-യിലേക്കുള്ള കോഹ്ലിയുടെ തിരിച്ചുവരവ് എത്രത്തോളം സാധ്യമാകുമെന്ന് പറയാനുമാകില്ല.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. കരുത്തരായ ടീമുകള്‍ക്കെതിരെയും നിര്‍ണായക മത്സരങ്ങളിലുമാണ് കോഹ്ലി കൂടുതലായും പ്രത്യക്ഷപ്പെടാറുള്ളത്. കഴിഞ്ഞ രണ്ട് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനിടയിലും കോഹ്ലിക്ക് വിശ്രമവും അനുവദിച്ചിരുന്നു. വരാനിരിക്കുന്ന ടൂര്‍ണമെന്‌റിലും ഇത് ആവര്‍ത്തിച്ചാല്‍ റെക്കോഡ് മോഹങ്ങളുടെ അകലം വര്‍ധിച്ചേക്കും.