ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ച് തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന്റെ ശനിദശ തുടരുന്നു. 2024 സീസണില്‍ തങ്ങളുടെ ആറാം തോല്‍വി വഴങ്ങിയ അവര്‍ പോയിന്റ് പട്ടികയിലെ താഴേത്തട്ടില്‍ തുടരുന്നു. ന്യൂഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഇന്നു നടന്ന ഹൈസ്‌കോറിങ് മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 10 റണ്‍സിനാണ് മുംബൈ തോല്‍വി വഴങ്ങിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ മുകേഷ് കുമാര്‍, റാസിഖ് സലാം എന്നിവരാണ് മുംബൈയുടെ ജയപ്രതീക്ഷ തകര്‍ത്തത്. രണ്ടു വിക്കറ്റുകളുമായി ഖലീല്‍ അഹമ്മദ് മികച്ച പിന്തുണ നല്‍കി.
മുംബൈ നിരയില്‍ 32 പന്തുകളില്‍ നിന്ന് നാലു വീതം ഫോറും സിക്‌സറും സഹിതം 63 റണ്‍സ് നേടിയ തിലക് വര്‍മയാണ് തിളങ്ങിയത്. 24 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 46 റണ്‍സുമായി നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, 17 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളുമായി 37 റണ്‍സ് നേടിയ ടിം ഡേവിഡ് എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
മുന്‍നിര തകര്‍ന്നതാണ് മുംബൈയ്ക്ക് തിരിച്ചടിയായത്. മുന്‍ നായകന്‍ രോഹിത് ശര്‍മ(8) ഓപ്പണര്‍ ഇഷാന്‍ കിഷന്‍(20), മധ്യനിര താരം സൂര്യകുമാര്‍ യാദവ്(26) നെഹാല്‍ വധേര(4), ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി(7) എന്നിവര്‍ നിരാശപ്പെടുത്തി.
നേരത്തെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഓപ്പണര്‍ ജേക്ക് ഫ്രേസറിന്റെ മികവിലാണ് ഡല്‍ഹി കൂറ്റന്‍ സ്‌കോറിലെത്തിയത്. 27 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും ആറ് സിക്‌സറുകളും സഹിതം 84 റണ്‍സാണ് ഫ്രേസര്‍ നേടിയത്. 25 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 48 റണ്‍സ് നേടിയ ട്രിസ്റ്റന്‍ സ്റ്റബ്‌സ്, 17 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 41 റണ്‍സ് നേടിയ ഷായ് ഹോപ്, 27 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 36 റണ്‍സ് നേടിയ അഭിഷേക് പോറല്‍, 19 പന്തില്‍ 29 റണ്‍സ് നേടിയ നായകന്‍ ഋഷഭ് പന്ത് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.