ക്രിക്കറ്റ് ദൈവത്തിന്റെ മകനായിപ്പോയില്ലേ... ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ എങ്ങനെയാണ്..? അച്ഛന്റെ പാത അതേപടി പിന്തുടര്‍ന്ന് ഒരു രഞ്ജി ട്രോഫി ക്രിക്കറ്റ് അരങ്ങേറ്റം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറാണ് പാരമ്പര്യം പിന്തുടര്‍ന്ന് രഞ്ജി ട്രോഫി ക്രിക്കറ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയത്.
ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാനെതിരേ ഗോവയ്ക്കായി പാഡ് അണിഞ്ഞ അര്‍ജുന്‍ 177 പന്തുകളില്‍ നിന്നാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 1988-ല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്റെ രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ കന്നി സെഞ്ച്വറി നേടിയതിന് ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മകന്‍ മകന്‍ തെണ്ടുല്‍ക്കറുടെ നേട്ടം.
മത്സരത്തില്‍ ഗോവ 201/5 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഏഴാമനായി അര്‍ജുന്‍ ക്രീസിലെത്തിയത്. 12 ബൗണ്ടറികളും രണ്ട് സിക്സറുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. 40-ാം ഓവര്‍ അവസാനിക്കുമ്പോള്‍, സുയാഷ് എസ് പ്രഭുദേശായിയുമായി ചേര്‍ന്ന് 205 റണ്‍സിന്റെ കൂട്ടുകെട്ടുമായി പുറത്താകാതെ നില്‍ക്കുകയാണ്.
ഈ സീസണില്‍ ഗോവയ്ക്കുവേണ്ടി വിജയ് ഹസാരെയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയും കളിച്ച താരം എട്ട് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗോവയ്ക്ക് വേണ്ടി മൂന്ന് ടി20 മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റാണ് താരത്തിന്റെ സംഭാവന.
കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ഇടംകൈയ്യന്‍ പേസറായ അര്‍ജുന്‍ മുംബൈ ടീമില്‍ ഇടംനേടിയിരുന്നുവെങ്കിലും അദ്ദേഹത്തിന് ടൂര്‍ണമെന്റില്‍ ഉടനീളം കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പ്ലേയിങ് ടൈം ലഭിക്കുന്നതിനായി മുംബൈ ക്രിക്കറ്റ് അസോസിഷേയന്റെ അനുമതിയോടെ അര്‍ജുന്‍ ഗോവയ്ക്കായി കളിക്കാന്‍ കരാറില്‍ എത്തുകയായിരുന്നു. ഇന്ത്യ അണ്ടര്‍ 19 ടീമില്‍ അംഗമായ താരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2021 സീസണില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലും ഇടംപിടിച്ചിരുന്നു. എന്നാല്‍ ഐ.പി.എല്‍. അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചില്ല.