ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് പോയിന്റ് പട്ടികയില്‍ ടോപ് ഫോറില്‍ കടന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇന്ന് ധരംശാലയില്‍ നടന്ന മത്സരത്തില്‍ 28 റണ്‍സിനായിരുന്നു സൂപ്പര്‍ കിങ്‌സിന്റെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അവര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ പോരാട്ടം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സില്‍ അവസാനിച്ചു.
26 പന്തില്‍ 46 റണ്‍സും നാലോവറില്‍ വെറും 20 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നു വിക്കറ്റും സ്വന്തമാക്കിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ ഹീറോ. രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ തുഷാര്‍ ദേശ്പാണ്ഡെ, സിമര്‍ജീത് സിങ് എന്നിവരും ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കിയ മിച്ചല്‍ സാന്റ്‌നര്‍, ഷാര്‍ദ്ദൂല്‍ താക്കൂര്‍ എന്നിവരും മികച്ച പിന്തുണ നല്‍കി.
23 പന്തുകളില്‍ നിന്ന് രണ്ടു വീതം ഫോറും സിക്‌സും സഹിതം 30 റണ്‍സ് നേടിയ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയത്. 20 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 27 റണ്‍സ് നേടിയ ശശാങ്ക് സിങ്ങാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ(7), മധ്യനിര താരങ്ങളായ റിലി റൂസോ(0), ജിതേഷ് ശര്‍മ(0), അശുതോഷ് ശര്‍മ(3), നായകന്‍ സാം കറന്‍(7) എന്നിവര്‍ നിരാശപ്പെടുത്തി.
നേരത്തെ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നര്‍ രാഹുല്‍ ചഹാറും പേസര്‍ ഹര്‍ഷല്‍ പട്ടേലുമാണ് സൂപ്പര്‍ കിങ്‌സിനെ പിടിച്ചുകെട്ടിയത്.
നാലേവറില്‍ 23 റണ്‍സ് വഴങ്ങിയാണ് ചാഹര്‍ മൂന്നു വിക്കറ്റ് നേടിയതെങ്കില്‍ ഹര്‍ഷന്‍ 24 റണ്‍സാണ് വഴങ്ങിയത്. രണ്ടു വിക്കറ്റ് നേടിയ ഇടംകൈയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങും ഒരു വിക്കറ്റ് വീഴ്ത്തിയ സാം കറനും മികച്ച പിന്തുണ നല്‍കി.
സൂപ്പര്‍ കിങ്‌സ് നിരയില്‍ 26 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 43 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ടോപ്‌സ്‌കോററായത്. 21 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 32 റണ്‍സ് നേടിയ നായകന്‍ ഋതുരാജ് ഗെയ്ക്ക്‌വാദ്, 19 പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 30 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ എന്നിവരാണ് മറ്റുപ്രധാന സ്‌കോറര്‍മാര്‍.
ഓപ്പണര്‍ അജിന്‍ക്യ രഹാനെ(9), ഓള്‍റൗണ്ടര്‍ ശിവം ദുബെ(0), മധ്യനിര താരങ്ങളായ മൊയീന്‍ അലി, ഷാര്‍ദ്ദൂല്‍ താക്കൂര്‍(17), മിച്ചല്‍ സാന്റ്‌നര്‍(11), മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി(0) എന്നിവര്‍ നിരാശപ്പെടുത്തി. ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ചെന്നൈ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ 11 മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്റുമായി എട്ടാമതുള്ള പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത മങ്ങി.