ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിന് വിജയത്തുടക്കം. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം 15.2 ഓവര്‍ ബാക്കി നില്‍ക്കെ ബംഗ്ലാദേശ് മറികടന്നു. അര്‍ദ്ധ സെഞ്ചുറിയും (57) മൂന്ന് വിക്കറ്റും നേടിയെ മെഹിദി ഹസന്‍ മിറാസിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ബംഗ്ലാദേശിനെ ജയത്തിലേക്ക് നയിച്ചത്.
ധരംശാലയിലെ മൈതാനത്ത് ചെറിയ സ്കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ തുടക്കം മികച്ചതായിരുന്നില്ല. ഓപ്പണര്‍മാരായ തന്‍സിദ് ഹസനും (5) ലിറ്റണ്‍ ദാസും (13) പവര്‍പ്ലെയ്ക്കുള്ളില്‍ തന്നെ മടങ്ങി. 27-2 എന്ന നിലയില്‍ തിരിച്ചടി നേരിട്ട ബംഗ്ലാദേശിന് തുണയായത് മെഹിദി - നജ്മുള്‍ ഷാന്റൊ സഖ്യമായിരുന്നു. മൂന്നാം വിക്കറ്റില്‍ 97 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. 73 പന്തില്‍ അഞ്ച് ഫോറുള്‍പ്പടെ 57 റണ്‍സെടുത്ത് മെഹിദി മടങ്ങുമ്പോള്‍ ബംഗ്ലാദേശ് ജയത്തോട് അടുത്തിരുന്നു.
നവീന്‍ ഉള്‍ ഹഖായിരുന്നു മെഹിദിയുടെ വിക്കറ്റെടുത്തത്. ലോകകപ്പില്‍ അര്‍ദ്ധ സെഞ്ചുറിയും മൂന്ന് വിക്കറ്റും നേടുന്ന രണ്ടാമത്തെ ബംഗ്ലാദേശ് താരമെന്ന റെക്കോഡും മെഹിദി സ്വന്തമാക്കി. 2019 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഷാക്കിബ് അല്‍ ഹസനായിരുന്നു സമാനനേട്ടം കൈവരിച്ച ആദ്യ താരം. 51 റണ്‍സും അഞ്ച് വിക്കറ്റുമായിരുന്നു ഷാക്കിബ് അന്ന് നേടിയത്.
മെഹിദിക്ക് പിന്നാലെ ക്രീസിലെത്തിയ നായകന്‍ ഷാക്കീബ് അല്‍ ഹസന്‍ അഫ്ഗാന് വെല്ലുവിളി ഉയര്‍ത്താതെ മടങ്ങി. 19 പന്തില്‍ 14 റണ്‍സെടുത്ത ഇടം കയ്യന്‍ ബാറ്റര്‍ അസ്മത്തുള്ളയുടെ പന്തിലാണ് പുറത്തായത്. വൈകാതെ ഷാന്റൊ തന്റെ അര്‍ദ്ധ സെഞ്ചുറി തികച്ചു. നേട്ടത്തിന് പിന്നാലെ തുടരെ ബൗണ്ടറികള്‍ പായിച്ച് ബംഗ്ലാദേശിനെ ഷാന്റൊ വിജയത്തിലെത്തിച്ചു. 59 റണ്‍സെടുത്താണ് താരം പുറത്താകാതെ നിന്നത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 37.2 ഓവറിലാണ് 156 റണ്‍സിന് പുറത്തായത്. 47 റണ്‍സെടുത്ത റഹ്മാനുള്ള ഗുര്‍ബാസാണ് ടോപ് സ്കോറര്‍. ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസനും മെഹിദി ഹസന്‍ മിറാസും മൂന്ന് വിക്കറ്റ് വീതം നേടി. ഇരുവരുടേയും ബൗളിങ് മികവാണ് അഫ്ഗാന് തിരിച്ചടിയായത്. 112-3 എന്ന ശക്തമായ നിലയില്‍ നിന്നായിരുന്നു അഫ്ഗാനിസ്ഥാന്‍ തകര്‍ച്ച നേരിട്ടത്. 44 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഏഴ് വിക്കറ്റുകളായിരുന്നു അഫ്ഗാന് നഷ്ടമായത്.