CRICKET

CWC2023 | സ്റ്റാറായി സാന്റ്നര്‍; നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് ന്യൂസിലന്‍ഡിന് രണ്ടാം ജയം

വെബ് ഡെസ്ക്

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലന്‍ഡിന് രണ്ടാം ജയം. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ 99 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡ് പരാജയപ്പെടുത്തിയത്. 323 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓറഞ്ചുപടയുടെ പോരാട്ടം 223 റണ്‍സില്‍ അവസാനിച്ചു. അഞ്ച് വിക്കറ്റുമായി തിളങ്ങിയ മിച്ചല്‍ സാന്റ്നറാണ് നെതര്‍ലന്‍ഡ്സ് ബാറ്റിങ് നിരയുടെ നട്ടൊല്ലടിച്ചതും കിവീസ് വിജയം ഉറപ്പിച്ചതും.

323 റണ്‍സെന്ന പടുകൂറ്റന്‍ സ്കോര്‍ നെതര്‍ലന്‍ഡ്സിനെകൊണ്ട് കൂട്ടിയാല്‍ കൂടുന്നതിലും അപ്പുറമായിരുന്നു. 73 പന്തില്‍ 69 റണ്‍സെടുത്ത കോളിന്‍ അക്കര്‍മാനൊഴികെയുള്ളവരാരും പൊരുതാന്‍ പോലും ശ്രമിക്കാതെ കീഴടങ്ങി. വിക്രംജിത് സിങ്ങിന്റെ (12) സ്റ്റമ്പുകള്‍ തെറിപ്പിച്ച് മാറ്റ് ഹെന്റിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് മിച്ചല്‍ സാന്റ്നര്‍ - രച്ചിന്‍ രവീന്ദ്ര സ്പിന്‍ ദ്വയം നെതര്‍ലന്‍ഡ്സ് ബാറ്റിങ് നിരയെ പവലിയനിലേക്ക് മടക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

മാക്സ് ഓഡൗഡ് (16), കോളിന്‍ അക്കര്‍മാന്‍ (69), സ്കോട്ട് എഡ്വേര്‍ഡ്സ് (30), വാന്‍ ഡെര്‍ മേര്‍വ് (1), റെയാന്‍ ക്ലെയിന്‍ (8) എന്നിവരെയാണ് സാറ്റ്നര്‍ മടക്കിയത്. 73 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പടെയാണ് അക്കര്‍മാന്‍ 69 റണ്‍സെടുത്തത്. 27 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും സ്കോട്ടിന്റെ ഇന്നിങ്സിലുണ്ടായി. 10 ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് സാന്റ്നര്‍ അഞ്ച് വിക്കറ്റെടുത്തത്.

ബാസ് ഡി ലീഡാണ് (18) രച്ചിന് മുന്നില്‍ കീഴടങ്ങിയത്. ട്രെന്‍റ് ബോള്‍ട്ടിന്റെ അത്യുഗ്രന്‍ ക്യാച്ച് ബാസ് ഡി ലീഡിന്റെ വിക്കറ്റ് കൂടുതല്‍ മികച്ചതാക്കി. സിബ്രാന്‍ഡ് എംഗല്‍ബ്രെക്റ്റിനേയും (29), ആര്യന്‍ ദത്തിനേയും (11) മടക്കി മാറ്റ് ഹെന്റി നെതര്‍ലന്‍ഡ്സ് ഇന്നിങ്സ് അവസാനിപ്പിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് വില്‍ യങ് (70), ടോം ലാഥം (53), രച്ചിന്‍ രവീന്ദ്ര (51) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറി മികവിലാണ് മികച്ച സ്കോറിലേക്ക് എത്തിയത്. മധ്യനിരയുടെ തകര്‍ച്ചയ്ക്ക് ശേഷം ലാഥവും മിച്ചല്‍ സാറ്റ്നറും 17 പന്തില്‍ 36) ചേര്‍ന്ന് നടത്തിയ അതിവേഗസ്കോറിങ്ങ് 300 കടക്കാനും കിവികളെ സഹായിച്ചു. നെതര്‍ലന്‍ഡ്സിനായി വാന്‍ ഡെര്‍ മേര്‍വും പോള്‍ വാന്‍ മീകെരനും ആര്യന്‍ ദത്തും രണ്ട് വിക്കറ്റ് വീതം നേടി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും