ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്താന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ വീണ മൂന്നാമത്തെ ടീമായി ശ്രീലങ്ക. 242 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാന്‍ ഏഴ് വിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്. അസ്മത്തുള്ള ഒമർസായി (73*), റഹ്മത്ത് ഷാ (62), ഹഷ്മത്തുള്ള ഷഹീദി (58*) എന്നിവരാണ് അഫ്ഗാന് വേണ്ടി തിളങ്ങിയത്. ജയത്തോടെ ആറ് പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിക്കാനും ടീമിനായി.
പാകിസ്താനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച മത്സരത്തിലെ അതേ ആത്മവിശ്വാസവും ദൃഢനിശ്ചയവും ശ്രീലങ്കയ്ക്കെതിരെയും അഫ്ഗാനിസ്താന്‍ ആവർത്തിക്കുന്നതായിരുന്നു കണ്ടത്. മികച്ച ഫോമിലുള്ള റഹ്മാനുള്ള ഗുർബാസിനെ (0) നാലാം പന്തില്‍ തന്നെ നഷ്ടമായിട്ടും അഫ്ഗാന്‍ താരങ്ങളുടെ മുഖത്ത് ഭയമുണ്ടായിരുന്നില്ല. രണ്ടാം വിക്കറ്റില്‍ ഇബ്രാഹിം സദ്രാനും റഹ്മത്ത് ഷായും ചേർത്തതത് 73 റണ്‍സ്.
39 റണ്‍സെടുത്ത സദ്രാനെ മടക്കി ദില്‍ഷന്‍ മധുഷനകയാണ് ശ്രീലങ്കയ്ക്ക് പ്രതീക്ഷ നല്‍കി കൂട്ടുകെട്ട് പൊളിച്ചത്. നായകന്‍ ഹഷ്മത്തുള്ള ഷഹീദി ക്രീസലെത്തിയതോടെ അഫ്ഗാന്‍ സാവാധാനം കരുതലോടെയാണ് ശ്രീലങ്കന്‍ ബൗളർമാരെ നേരിട്ടത്. മൂന്നാം വിക്കറ്റില്‍ 58 റണ്‍സ് വന്നതോടെ അഫ്ഗാന്‍ ശക്തമായ നിലയിലേക്ക് എത്തി. 74 പന്തില്‍ 62 റണ്‍സെടുത്ത റഹ്മത്ത് ഷാ മടങ്ങുമ്പോള്‍ അഫ്ഗാന്‍ പാതി വഴി പിന്നിട്ടിരുന്നു.
ഹഷീദിയും അസ്മത്തുള്ള ഒമർസായിയും ചേർന്നതോടെ അഫ്ഗാനിസ്താന്റെ വിജയത്തിലേക്കുള്ള പാത എളുപ്പത്തിലായി. മോശം പന്തുകളെ തിരഞ്ഞുപിടിച്ച് പ്രഹരിച്ച് ബൗണ്ടറികള്‍ കണ്ടെത്തി റണ്‍റേറ്റ് വരുതിയില്‍ നിർത്താന്‍ ഇരുവർക്കും കഴിഞ്ഞു. ഷഹീദിയും ഒമർസായിയും 41, 42 ഓവറുകളില്‍ അർദ്ധ ശതകം പിന്നിട്ടു. ലോകകപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് മൂന്ന് അഫ്ഗാന്‍ ബാറ്റർമാർ 50 കടക്കുന്നത്.
ഇരുവരും നാഴികക്കല്ല് പിന്നിട്ടതോടെ സ്കോറിങ്ങും ജയവും വേഗത്തിലെത്തി. 63 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ 73 റണ്‍സെടുത്താണ് ഒമർസായി പുറത്താകാതെ നിന്നത്. ഷഹീദി 74 പന്തില്‍ 58 റണ്‍സുമെടുത്തു. രണ്ട് ഫോറും ഒരു സിക്സുമാണ് താരത്തിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടത്.