CRICKET

CWC2023 | ലങ്കയെ പിടിച്ചുകെട്ടി; അഫ്ഗാനിസ്ഥാന് 242 റണ്‍സ് ലക്ഷ്യം

10 ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഫസല്‍ഹഖ് ഫറൂഖിയാണ് അഫ്ഗാന് വേണ്ടി തിളങ്ങിയത്.

വെബ് ഡെസ്ക്

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ അഫ്ഗാനിസ്ഥാന് 242 റണ്‍സ് വിജയലക്ഷ്യം. നാല് വിക്കറ്റെടുത്ത ഫസല്‍ ഹഖ് ഫറൂഖിയുടെ മികവില്‍ 49.3 ഓവറിലാണ് ലങ്കയെ അഫ്ഗാന്‍ പുറത്താക്കിയത്. 46 റണ്‍സെടുത്ത പാതും നിസങ്കയാണ് ടോപ് സ്കോറർ.

സെമി ഫൈനല്‍ സാധ്യത നിലനിർത്താനുള്ള നിർണായക മത്സരത്തിലും ശ്രീലങ്കയ്ക്ക് തുടക്കം പാളി. ആറാം ഓവറില്‍ ദിമുത് കരുണരത്നയെ (15) ഫസല്‍ഹഖ് ഫറൂഖി വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് കുശാല്‍ മെന്‍ഡിസിനെ കൂട്ടുപിടിച്ച് ഓപ്പണർ പാതും നിസങ്ക ലങ്കന്‍ ഇന്നിങ്സിനെ കോട്ടം വരാതെ മുന്നോട്ട് നയിച്ചു. രണ്ടാം വിക്കറ്റില്‍ 62 റണ്‍സാണ് സഖ്യം ചേർത്തത്.

60 പന്തില്‍ 46 റണ്‍സെടുത്ത നിസങ്കയെ മടക്കി അസ്മത്തുള്ളയാണ് കൂട്ടുകെട്ട് പൊളിച്ചത്. കുശാല്‍ (39), സദീര സമരവിക്രമെ (36) എന്നിവരും തിളങ്ങിയതോടെ മികച്ച സ്കോറിനുള്ള അടിത്തറ ശ്രീലങ്കയ്ക്ക് മുന്നില്‍ ഒരുങ്ങി. പക്ഷെ അഫ്ഗാനിസ്ഥാന്‍ ബൗളർമാരുടെ ഗംഭീര തിരിച്ചുവരവായിരുന്നു പിന്നീടെ പൂനയിലെ മൈതാനം കണ്ടത്.

134-2 എന്ന ശക്തമായ നിലയില്‍ നിന്ന് 185-7 എന്ന സ്കോറിലേക്ക് ലങ്ക വീണു. റാഷിദ് ഖാന്‍, മുജീബ് ഉർ റഹ്മാന്‍, ഫറൂഖി എന്നിവരുടെ മികവാണ് അഫ്ഗാനിസ്ഥാന് അനുകൂലമായി മത്സരം എത്തിച്ചത്. പക്ഷെ 40-ാം ഓവറിന് ശേഷം ഒത്തുചേർന്ന ഏഞ്ചലോ മാത്യൂസും മഹീഷ് തീക്ഷണയും ലങ്കന്‍ സ്കോർ 230 കടത്തി.

31 പന്തില്‍ 29 റണ്‍സെടുത്ത തീക്ഷണയാണ് സ്കോറിങ്ങിനെ വേഗം കൂട്ടിയത്. 23 റണ്‍സായിരുന്നു മാത്യൂസ് നേടിയത്. ഇരുവരും അവസാന ഓവറുകളിലേക്ക് കളിയെത്തിയപ്പോള്‍ പുറത്തായതോടെ ലങ്കയ്ക്ക് 241 റണ്‍സിലൊതുങ്ങേണ്ടി വന്നു. ഫറൂഖിക്ക് പുറമെ മുജീബ് രണ്ടും ഒമർസായിയും റാഷിദും ഓരോ വിക്കറ്റും നേടി.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി