അഹമ്മദാബാദിലെ തെരുവുകളില്‍ ഉറങ്ങുന്നവർക്ക് സഹായവുമായി അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് താരം റഹ്മാനുള്ള ഗുർബാസ്. പുലർച്ചെ മൂന്ന് മണിയോടെയാണ് താരം കാറിലെത്തിയതും 500 രൂപ വച്ച് ഓരോരുത്തർക്കും വിതരണം ചെയ്തതും. ഉറങ്ങിക്കിടന്നവരെ വിളിച്ചുണർത്താതെ തലയ്ക്കല്‍ പണം വച്ചാണ് താരം മടങ്ങിയത്.
റേഡിയോ ജോക്കിയായ ലവ് ഷായാണ് താരത്തിന്റെ പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ പകർത്തിയത്. ഗുർബാസ് ഭാഗമായ ഇന്ത്യന്‍ പ്രീമിയർ ലീഗ് (ഐപിഎല്‍) ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.
ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഗുർബാസിന് അഭിനന്ദനപ്രവാഹമാണിപ്പോള്‍. കളത്തിനകത്തും പുറത്തും അഫ്ഗാനിസ്താന്‍ മനസുകള്‍ കീഴടക്കുകയാണെന്നും ഗുർബാസിനെ പോലെയുള്ള മനുഷ്യസ്നേഹികളെ കണ്ടെത്തുക ഇക്കാലത്ത് കഠിനമായ കാര്യമാണെന്നെല്ലാം നെറ്റിസണ്‍സ് വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്.
ഏകദിന ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചാണ് അഫ്ഗാനിസ്താന്‍ മടങ്ങിയത്. രണ്ട് ലോകകപ്പുകളില്‍ നിന്ന് കേവലം ഒരു ജയം മാത്രമായിരുന്നു ഇന്ത്യയിലെത്തുമ്പോള്‍ അഫ്ഗാനിസ്താന്റെ പേരിലുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ മാത്രം നാല് ജയങ്ങള്‍ നേടാന്‍ അഫ്ഗാനായി. ഇംഗ്ലണ്ട്, പാകിസ്താന്‍, ശ്രീലങ്ക, നെതർലന്‍ഡ്സ് എന്നീ ടീമുകളെയാണ് അഫ്ഗാനിസ്താന്‍ കീഴടക്കിയത്.
ഒന്‍പത് കളികളില്‍ നിന്ന് 280 റണ്‍സുമായി അഫ്ഗാനിസ്താന്റെ പ്രകടനത്തില്‍ ഗുർബാസും നിർണായക പങ്കുവഹിച്ചു. രണ്ട് അർദ്ധ സെഞ്ചുറികള്‍ നേടിയ താരത്തിന്റെ ശരാശരി 30ന് മുകളിലാണ്.