CRICKET

CWC2023 | 'ക്വിന്റനടി', ലോകകപ്പിലെ മൂന്നാം സെഞ്ചുറിയുമായി ഡി കോക്ക്; ബംഗ്ലാദേശിന് 383 റണ്‍സ് വിജയലക്ഷ്യം

ലോകകപ്പില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ ഇത് നാലാം തവണയാണ് ദക്ഷിണാഫ്രിക്കയുടെ സ്കോർ 300 കടക്കുന്നത്

വെബ് ഡെസ്ക്

ക്വിന്റണ്‍ ഡി കോക്ക്, തന്റെ ഏകദിന കരിയറിലെ അവസാന ലോകകപ്പ് ആഘോഷമാക്കുന്ന ഇടം കയ്യന്‍ ബാറ്റർ. 140 പന്തില്‍ 174 റണ്‍സുമായി ബംഗ്ലാദേശിനെതിരെ ഡി കോക്ക് നിറഞ്ഞാടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോർ ഒരിക്കല്‍ക്കൂടി 300 കടന്നു. നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് നേടിയത്.

പവർപ്ലെയില്‍ റീസ ഹെന്‍ഡ്രിക്സ് (12), റസി വാന്‍ ഡെർ ഡൂസന്‍ (1) എന്നിവരെ മടക്കി ബംഗ്ലാദേശ് തുടക്കം ഗംഭീരമാക്കി. പക്ഷെ പിന്നീട് ഡി കോക്കും എയിഡന്‍ മാർക്രവും ചേർന്ന് ബംഗ്ലാദേശ് ബാറ്റർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സിനായി വാങ്ക്ഡേയില്‍ കളിച്ച എല്ലാ പരിചയസമ്പത്തും ഡി കോക്ക് ഉപയോഗിച്ചു.

69 പന്തില്‍ 60 റണ്‍സെടുത്ത് മാർക്രം മടങ്ങിയെങ്കിലും ഹെന്‍ട്രിച്ച് ക്ലാസനെ കൂട്ടുപിടിച്ച് ഡി കോക്ക് ബാറ്റിങ് വിരുന്ന് തുടർന്നു. 101 പന്തിലായിരുന്നു ഈ ലോകകപ്പിലെ മൂന്നാം ശതകം ഡി കോക്ക് കുറിച്ചത്. പിന്നീട് നേരിട്ട 39 പന്തുകളില്‍ 74 റണ്‍സാണ് ഇടം കയ്യന്‍ ബാറ്റർ നേടിയത്. 15 ഫോറും ഏഴ് സിക്സും ഉള്‍പ്പെട്ട ഇന്നിങ്സിന് അവസാനം കുറിച്ചത് ഹസന്‍ മഹമൂദായിരുന്നു.

ഒരു വിക്കറ്റ് കീപ്പർ ബാറ്ററുടെ ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോറും മറികടക്കാന്‍ താരത്തിനായി. 2007 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ് നേടിയ 149 റണ്‍സാണ് ഡി കോക്ക് പിന്നിട്ടത്. ഡി കോക്ക് പുറത്തായതിന് ശേഷം ക്ലാസന്റെ നേതൃത്വത്തിലായിരുന്നു ദക്ഷിണാഫ്രിക്ക സ്കോറിങ് തുടർന്നത്.

ഒപ്പം ഡേവിഡ് മില്ലറും ചേർന്നപ്പോള്‍ സ്കോറിങ് വേഗം ഇരട്ടിച്ചു. 20 പന്തുകളിലാണ് 50 റണ്‍സ് കൂട്ടുകെട്ട് ഇരുവരും പിന്നിട്ടത്. 49 പന്തില്‍ 90 റണ്‍സെടുത്ത ക്ലാസന്‍ മടങ്ങിയത് അവസാന ഓവറിലായിരുന്നു. രണ്ട് ഫോറും എട്ട് സിക്സും താരത്തിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. 15 പന്തില്‍ പന്തില്‍ 34 റണ്‍സെടുത്ത് മില്ലർ പുറത്താകാതെ നിന്നു. അവസാന 10 ഓവറില്‍ 144 റണ്‍സാണ് ബംഗ്ലാദേശ് വഴങ്ങിയത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി