CRICKET

CWC2023 | ഇംഗ്ലണ്ടിന് ഇന്ത്യയുടെ പേസ് പഞ്ച്; 100 റണ്‍സ് ജയത്തോടെ ഒന്നാമത്

ടൂർണമെന്റിലെ അഞ്ചാം തോല്‍വിയോടെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ സാധ്യതകള്‍ മങ്ങി

വെബ് ഡെസ്ക്

മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ പേസ് ദ്വയം ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്തെറിഞ്ഞപ്പോള്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടർച്ചയായ ആറാം ജയം. 230 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നേടാനായത് കേവലം 129 റണ്‍സ് മാത്രമായിരുന്നു. ഷമി നാലും ബുംറ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ടൂർണമെന്റിലെ ഇംഗ്ലണ്ടിന്റെ അഞ്ചാം തോല്‍വിയാണിത്. ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

ആദ്യ നാല് ഓവറില്‍ 26 റണ്‍സ് കണ്ടെത്തി ജോണി ബെയർസ്റ്റോയും ഡേവിഡ് മലനും പ്രതീക്ഷയാർന്ന തുടക്കമായിരുന്നു ഇംഗ്ലണ്ടിന് നല്‍കിയത്. പക്ഷേ അഞ്ചാം ഓവറില്‍ ജസ്പ്രിത് ബുംറ അവതരിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഡേവിഡ് മലനും (16) ജോ റൂട്ടും (0) അടുത്തടുത്ത പന്തുകളില്‍ മടങ്ങി.

വിക്കറ്റ് വീണതോടെ താളം കണ്ടെത്താനാകാതെ പോയ മുഹമ്മദ് സിറാജിനെ പിന്‍വലിച്ച് മുഹമ്മദ് ഷമിക്ക് രോഹിത് പന്ത് നല്‍കി. ഫലം ബെന്‍ സ്റ്റോക്സ് (0), ബെയർസ്റ്റോ (14) എന്നിവരുടെ വിക്കറ്റുകള്‍. ഷമിയുടേയും ബുംറയുടേയും കൃത്യതയാർന്ന ബൗളിങ്ങിന് മുന്നില്‍ ഇംഗ്ലണ്ട് മുന്‍നിര പവർപ്ലേയ്ക്കുള്ളില്‍ തന്നെ പവലിയനിലെത്തി.

പിന്നീട് മൊയീന്‍ അലിയെ കൂട്ടുപിടിച്ച് നായകന്‍ ജോസ് ബട്ട്ലറിന്റെ രക്ഷാപ്രവർത്തന ശ്രമമായിരുന്നു. പക്ഷേ കുല്‍ദീപ് യാദവിന്റെ മാന്ത്രിക ബോള്‍ ബട്ട്ലറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വിക്കറ്റ് തെറിപ്പിച്ചു. 10 റണ്‍സായിരുന്നു ബട്ട്ലറിന്റെ സമ്പാദ്യം. ബട്ട്ലറും മടങ്ങിയതോടെ 52-5 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണു.

മൊയീനും ലിയാം ലിവിങ്സ്റ്റണും ചേർന്ന് അല്‍പ്പനേരം ചെറുത്തു നില്‍പ്പ് നടത്തി. ആറാം വിക്കറ്റില്‍ 29 റണ്‍സ് വന്നു. എന്നാല്‍ ഷമിയിലൂടെ അപ്രതീക്ഷിത ബൗളിങ് മാറ്റവുമായി രോഹിത് വീണ്ടും വിക്കറ്റ് കണ്ടെത്തി. 15 റണ്‍സെടുത്ത മൊയിന്റെ ഇന്നിങ്സ് അവസാനിച്ചത് രാഹുലിന്റെ കൈകളിലായിരുന്നു.

ക്രീസില്‍ നിലയുറപ്പിച്ച ലിവിങ്സ്റ്റണിനെ (27) കുല്‍ദീപും മടക്കിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. ക്രിസ് വോക്സ് (10), ആദില്‍ റഷീദ് (13), മാർക്ക് വുഡ് (0) എന്നിവർ ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് വെല്ലുവിളിയായില്ല. 16 റണ്‍സെടുത്ത് ഡേവിഡ് വില്ലി പുറത്താകാതെ നിന്നു. തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍ മങ്ങി.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം