CRICKET

CWC2023 | പാകിസ്താനെ എട്ടാമതും പൂട്ടി; 'അയൽ ക്ലാസിക്കോ' ജയിച്ച് ഇന്ത്യ തലപ്പത്ത്

വെബ് ഡെസ്ക്

ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.3 ഓവര്‍ ബാക്കി നില്‍ക്കെയാണ് വിജയം സ്വന്തമാക്കിയത്. നായകന്‍ രോഹിത് ശര്‍മയാണ് (63 പന്തില്‍ 86 റണ്‍സ്) നീലപ്പടയുടെ ജയം അനായാസമാക്കിയത്. ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരായ ഇന്ത്യയുടെ എട്ടാം ജയമാണിത്. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തി.

നായകന്‍ രോഹിത് ശര്‍മ നീലപ്പടയുടെ ജയം അനായാസമാക്കി

ഷഹീന്‍ അഫ്രിദിയുടെ പന്തില്‍ ഫോറടിച്ചുകൊണ്ടായിരുന്നു രോഹിത് ശര്‍മ ഇന്ത്യന്‍ ഇന്നിങ്സിന് തുടക്കമിട്ടത്. പിന്നീട് ശുഭ്മാന്‍ ഗില്‍ ഹസന്‍ അലിയെ ബൗണ്ടറി പായിച്ച് ഇന്ത്യയുടെ തുടക്കം വേഗത്തിലാക്കി. പക്ഷെ ഗില്ലിനെ (16) മടക്കി ഷഹീന്‍ ആദ്യ വിക്കറ്റെടുത്തു. പിന്നാലെയെത്തിയ കോഹ്ലിയെ കൂട്ടുപിടിച്ച് രോഹിത് പാക് ബൗളിങ് നിരയെ ആക്രമിക്കുന്നത് തുടര്‍ന്നു. ഒപ്പം കോഹ്ലിയും കൂടിയതോടെ പാകിസ്താന്‍ സമ്മര്‍ദത്തിലായി.

ഹാരിസ് റൗഫിനെ രണ്ട് സിക്സടിച്ചായിരുന്നു രോഹിത് വരവേറ്റത്. പവര്‍പ്ലേയുടെ അവസാന ഓവറില്‍ കോഹ്ലിയെ മടക്കാന്‍ ഹസന്‍ അലിക്കായി. 16 റണ്‍സായിരുന്നു വലം കയ്യന്‍ ബാറ്ററുടെ സമ്പാദ്യം. നാലമനായെത്തിയ ശ്രേയസ് അയ്യരും രോഹിതിന്റെ പാത പിന്തുടര്‍ന്നു. വൈകാതെ 36 പന്തില്‍ രോഹിത് അര്‍ദ്ധ സെഞ്ചുറി തികച്ചു. 50 പിന്നിട്ടും താളം നഷ്ടപ്പെടുത്താതെയായിരുന്നു ഇന്ത്യന്‍ നായകന്‍ ബാറ്റ് വീശിയത്.

55 പന്തില്‍ രോഹിത് - ശ്രേയസ് സഖ്യം അര്‍ദ്ധ സെഞ്ചുറി കൂട്ടുകെട്ടിലെത്തി. ഷദാബ് ഖാന്റെ നാലാം ഓവറിലെ അവസാന രണ്ട് പന്തില്‍ ഫോറും സിക്സും നേടി രോഹിത് അഹമ്മദാബാദില്‍ ബാറ്റിങ് വിരുന്ന് തുടര്‍ന്നു. 20 ഓവറില്‍ ഇന്ത്യ 142-2 എന്ന നിലയിലെത്തി. അടുത്ത ഓവറില്‍ മുഹമ്മദ് നവാസായിരുന്നു ഇരുവരുടേയും ഇരയായത്. ശ്രയേസ് നവാസിനെ അതിര്‍ത്തി കടത്തിയപ്പോള്‍ രോഹിത് ബൗണ്ടറിയും നേടി.

പക്ഷെ ഷഹീന്‍ അഫ്രിദിയെ ഇറക്കി ബാബര്‍ കൂട്ടുകെട്ട് പൊളിച്ചു. ഷഹീനിന്റെ സ്ലൊ ബോളില്‍ കൂറ്റനടിക്ക് ശ്രമിച്ച രോഹിതിന് പിഴച്ചു. മിഡ് വിക്കറ്റില്‍ ഇഫ്തിഖറിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. 63 പന്തില്‍ ആറ് വീതം ഫോറും സിക്സും രോഹിതിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ലോകകപ്പില്‍ പാകിസ്താനെതിരെ തുടര്‍ സെഞ്ചുറികളെന്ന രോഹിതിന്റെ മോഹം 14 റണ്‍സകലെ വീണു.

രോഹിത് പുറത്തായതിന് പിന്നാലെ രാഹുലെത്തി. ശ്രേയസും രാഹുലും സ്പിന്നര്‍മാരെ കരുതലോടെ നേരിട്ടതോടെ സ്കോറിങ്ങിന് വേഗത കുറഞ്ഞു. പക്ഷെ വിക്കറ്റ് പോകാതെ വിജയം ഉറപ്പിക്കാന്‍ ഇരുവര്‍ക്കുമായി. ശ്രേയസ് 62 പന്തില്‍ 53 റണ്‍സെടുത്താണ് പുറത്താകാതെ നിന്നത്. രാഹുല്‍ 19 റണ്‍സുമായി ശ്രേയസിന് മികച്ച പിന്തുണ നല്‍കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 42.5 ഓവറിലാണ് 191 റണ്‍സിന് പുറത്തായത്. 155-2 എന്ന ശക്തമായ നിലയില്‍ നിന്നായിരുന്നു പാക് ബാറ്റിങ് നിരയുടെ തകര്‍ച്ച. ബാബര്‍ അസം (50), മുഹമ്മദ് റിസ്വാന്‍ (49) എന്നിവരാണ് പാകിസ്താനായി തിളങ്ങിയത്. ഇന്ത്യയ്ക്കായി ജസ്പ്രിത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്