2003 ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിയുടെ ഓർമകള്‍, 2015-ലെ സെമിയില്‍ പോരുതാതെ കീഴടങ്ങിയതിന്റെ മുറിവുകള്‍, 140 കോടി ജനങ്ങളുടെ പ്രതീക്ഷയുടെ അമിതസമ്മർദം.. ഇതിനെയെല്ലാം പിന്നിലാക്കി വേണം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്കിറങ്ങാന്‍. ഉച്ചതിരിഞ്ഞ് ഒന്നരയ്ക്കാണ് മത്സരത്തിന്റെ ഗതി നിർണയിക്കുന്ന ടോസ്, രണ്ട് മണിക്ക് കലാശപ്പോരിന് തുടക്കമാകും.
രോഹിതും കോഹ്ലിയും വീണാലും നിലവിലെ ഫോമില്‍ ഇന്ത്യയ്ക്ക് ആശങ്കപ്പെടേണ്ട കാര്യങ്ങളില്ല
ടൂർണമെന്റിലുടനീളം വിജയം കൊണ്ടുവന്ന ടെമ്പ്ലേറ്റ് തന്നെയായിരിക്കും ഫൈനലിലും ഇന്ത്യ ആവർത്തിക്കുക. പവർപ്ലേയില്‍ രോഹിത് നല്‍കുന്ന അതിവേഗത്തുടക്കം തന്നെയാണ് ടീമിന്റെ വിജയപ്രതീക്ഷകള്‍ക്ക് അടിത്തറപാകുക. ലീഗ് ഘട്ടത്തിലെ സമീപനത്തില്‍ നിന്ന് ഒരു മാറ്റവുമുണ്ടാകില്ലെന്നും നോക്കൌട്ടിന്റെ സമ്മർദത്തിന് വഴങ്ങില്ലെന്നും സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ രോഹിത് ബാറ്റുകൊണ്ട് വ്യക്തമാക്കിയിരുന്നു.
രോഹിത് കളംവിട്ടുകഴിഞ്ഞാല്‍ വിരാട് കോഹ്ലിയിലേക്കാണ് ബാറ്റിങ്ങിന്റെ ഉത്തരവാദിത്തം. കോഹ്ലി ക്രീസില്‍ നങ്കൂരമിടുമ്പോള്‍ മറ്റ് ബാറ്റർമാർക്കായിരിക്കും സ്കോറിങ്ങിന് വേഗം കൂട്ടേണ്ട ഉത്തരവാദിത്തം. ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യർ, കെ എല്‍ രാഹുല്‍, സൂര്യകുമാർ യാദവ് എന്നിവർ കോഹ്ലിയുടെ തണലിലായിരിക്കും താളം കണ്ടത്തേണ്ടത്. ഇനി രോഹിതും കോഹ്ലിയും വീണാലും നിലവിലെ ഫോമില്‍ ഇന്ത്യയ്ക്ക് ആശങ്കപ്പെടേണ്ട കാര്യങ്ങളില്ല.
ടൂർണമെന്റില്‍ ആദ്യമായി വെല്ലുവിളിക്കപ്പെട്ട ന്യൂസിലന്‍ഡ് പരീക്ഷണം വിജയകരമായി അതിജീവിച്ചാണ് ഇന്ത്യയുടെ ബൗളിങ് നിര കിരീടപ്പോരിന് ഒരുങ്ങുന്നത്. പവർപ്ലെയില്‍ ജസ്പ്രിത് ബുംറ നല്‍കുന്ന സ്ഥിരതയാർന്ന പ്രകടനവും മുഹമ്മദ് സിറാജിന്റെ പേസുമാണ് ഓസ്ട്രേലിയന്‍ ബാറ്റർമാരെ കാത്തിരിക്കുന്നത്. ശേഷം, മുഹമ്മദ് ഷമിയെന്ന പ്രധാന അസ്ത്രത്തെ രോഹിത് കളത്തിലെത്തിക്കും, ഏത് ഘട്ടത്തിലും വിക്കറ്റ് സമ്മാനിക്കുന്ന ഷമിയുടെ മികവ് ഫൈനലിലും രോഹിത് പ്രതീക്ഷിക്കുന്നുണ്ടാകും.
അഹമ്മദാബാദിലെ വിക്കറ്റില്‍ നിന്ന് സ്പിന്നർമാർക്കും പിന്തുണയുണ്ടാകുമെന്നാണ് വിവരം. കുല്‍ദീപ്-ജഡേജ സഖ്യത്തിന്റെ ഫോമും ശുഭസൂചന തന്നെയാണ്.
മറുവശത്ത് ഇന്ത്യ തൊടുക്കുന്ന ഏത് അസ്ത്രങ്ങളേയും നേരിടാന്‍ തയാറാണ് തങ്ങളെന്ന് ഇതിനോടകം തന്നെ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് പ്രഖ്യാപിച്ചു കഴിഞ്ഞു. ടൂർണമെന്റിന്റെ തുടക്കത്തില്‍ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയ്ക്കോടും നേരിട്ട തോല്‍വികള്‍ക്ക് ശേഷം അപരാജിതക്കുതിപ്പിലാണ് ഓസിസ്. അഫ്ഗാനിസ്താനെതിരെ ഗ്ലെന്‍ മാക്സ്വല്‍ പുറത്തെടുത്ത ഒറ്റയാള്‍ പോരാട്ടത്തിന്റെ പ്രചോദനവും ഓസിസിന് പിന്നിലുണ്ട്. പക്ഷേ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമി ഫൈനലില്‍ സ്പിന്നിന് അനുകൂലമായ പിച്ചില്‍ ഓസിസ് പതറിയിരുന്നു.
ഇന്ത്യയ്ക്ക് സമാനമാണ് ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയുടെ സമീപനവും. ട്രാവിസ് ഹെഡും ഡേവിഡ് വാർണറും തലപ്പത്ത് നല്‍കുന്ന തുടക്കം ഏറ്റെടുക്കാന്‍ മൂന്നാമനായെത്തുന്ന മിച്ചല്‍ മാർഷ് മാത്രമാണുള്ളതെന്നതാണ് ഒരു പോരായ്മ. മാക്സ്വല്ലിനെ മാറ്റി നിർത്തിയാല്‍ സ്റ്റീവ് സ്മിത്തും മാർനസ് ലെബുഷെയ്നും ജോഷ് ഇംഗ്ലിസും ചേരുന്ന മധ്യനിര ദൂർബലമാണ്. പലതവണ ടൂർണമെന്റില്‍ ഈ പോരായ്മ പുറത്ത് വന്നെങ്കിലും മുന്‍നിര ബാറ്റർമാരുടെ പ്രകടനമാണ് പാറ്റ് കമ്മിന്‍സിനും കൂട്ടർക്കും തുണയായി മാറിയത്.
ബൗളിങ്ങില്‍ സ്ഥിരതയോടെ വിക്കറ്റ് വീഴ്ത്തുന്ന ഏകതാരം ആദം സാമ്പയാണ്. 22 വിക്കറ്റുകളാണ് സാമ്പ ഇതുവരെ നേടിയത്. ഇന്ത്യ ഭയപ്പെടേണ്ട പേസർ ജോഷ് ഹെയ്സല്‍വുഡാണ്. 13 വിക്കറ്റുകള്‍ മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളതെങ്കിലും ജോഷ് ഇന്ത്യയുടെ മുന്‍നിര ബാറ്റർമാരെ പരീക്ഷണമൊരുക്കും. പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാർക്കും ശോഭകെട്ട് തുടരുന്നത് ഓസിസിന്റെ ബൗളിങ് നിരയേയും ദൂർബലമാക്കുന്നു. പക്ഷേ, ദുർബലതകളും പലതുണ്ടെങ്കിലും ഫൈനലുകളില്‍ ഓസ്ട്രേലിയയെ എഴുതിത്തള്ളാനാകില്ല.
അഹമ്മദാബാദിലെ വിക്കറ്റ് ഈ ലോകകപ്പില്‍ തുണച്ചിരിക്കുന്നത് രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനെയാണ്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും ജയം വിജയലക്ഷ്യം പിന്തുടര്‍ന്നവര്‍ക്കൊപ്പമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് വിജയിച്ച ഏക ടീം ഓസ്‌ട്രേലിയയാണ്, ഇംഗ്ലണ്ടിനെതിരെ. പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും അനൂകൂല്യം ലഭിക്കുന്നതും ഫസ്റ്റ് ഇന്നിങ്‌സിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പേസര്‍മാര്‍ ഫസ്റ്റ് ഇന്നിങ്‌സില്‍ ഇതുവരെ അഹമ്മദാബാദില്‍ എറിഞ്ഞത് 115 ഓവറുകളാണ്. വീഴ്ത്തിയത് 24 വിക്കറ്റ്, ശരാശരി 26.16. രണ്ടാം ഇന്നിങ്‌സില്‍ 75.4 ഓവര്‍ എറിഞ്ഞപ്പോള്‍ ലഭിച്ചത് 11 വിക്കറ്റ് മാത്രം, ശരാശരിയാകട്ടെ അന്‍പതിനടുത്തു. സമാനമാണ് സ്പിന്നര്‍മാരുടെ കാര്യവും. ഫസ്റ്റ് ഇന്നിങ്‌സില്‍ 77.2 ഓവറില്‍നിന്ന് 14 വിക്കറ്റ്, ശരാശരി 25.78. സെക്കന്‍ഡ് ഇന്നിങ്‌സില്‍ 86.5 ഓവറില്‍നിന്ന് നേടിയത് എട്ട് വിക്കറ്റ്, ശരാശരി 55.25.
കണക്കുകള്‍ ഇങ്ങനെയൊക്കയാണെങ്കിലും ടോസ് ലഭിക്കുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതല്‍. കാരണം, ലോകകപ്പ് ഫൈനലിന്‌റെ സമ്മര്‍ദത്തെ അതിജീവിച്ച് വലിയ ടോട്ടലുകള്‍ പിന്തുടര്‍ന്ന് ജയിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. 315-330 വരെ സ്‌കോര്‍ ചെയ്യാനായാല്‍ ഏറെക്കുറെ കിരീടം ഉറപ്പിക്കാം.