CRICKET

CWC2023 | ഇന്ത്യയ്ക്ക് 'പരീക്ഷണ' സണ്‍ഡേ; ഇന്ന് ന്യൂസിലന്‍ഡിനെതിരെ

വെബ് ഡെസ്ക്

അജയ്യരായ രണ്ട് ടീമുകള്‍, ബാറ്റിങ്ങിലും ബൗളിങ്ങിലും ഏറെക്കുറെ തുല്യശക്തികളും. കരുത്തരായ ന്യൂസിലന്‍ഡും ഇന്ത്യയും ഇന്ന് ധരംശാലയില്‍ ഏറ്റമുട്ടുമ്പോള്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഒരു ടീമിന്റെ കുതിപ്പിന് കർട്ടന്‍ വീഴും. ഫോം പരിശോധിക്കുകയാണെങ്കില്‍ നേരിയ മുന്‍തൂക്കം ഇന്ത്യയ്‌ക്കൊപ്പമാണെന്ന് പറയാതെ വയ്യ. കാരണം, കഴിഞ്ഞ നാല് മത്സരങ്ങളിലും രോഹിത് ശർമയും കൂട്ടരും വിജയം നേടിയെടുത്തത് സമ്പൂർണ ആധിപത്യത്തോടെയായിരുന്നു.

ടോപ് ഓർഡറിനെ പൂർണമായി ആശ്രയിച്ചാണ് നാല് വിജയങ്ങളും ഇന്ത്യ ഉറപ്പിച്ചത്. രോഹിത്, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം മികച്ച ഫോമിലാണ്. മധ്യനിര യഥാർഥത്തില്‍ ഇതുവരെ പരീക്ഷണം നേരിട്ടിട്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലിലായിരുന്നു ഇന്ത്യയുടെ മധ്യനിര പരീക്ഷിക്കപ്പെട്ടത്. അന്ന് പരാജയമായിരുന്നു ഫലം.

അതുകൊണ്ടുതന്നെ, ന്യൂസിലന്‍ഡിന്റെ ഓപ്പണിങ് ബൗളർമാരായ ട്രെന്‍ ബോള്‍ട്ടിനേയും മാറ്റ് ഹെന്‍ട്രിയേയും രോഹിത്-ഗില്‍ സഖ്യം എങ്ങനെ നേരിടുമെന്നത് നിർണായകമാണ്. മികച്ച ബൗളിങ് നിരയെ തുടക്കത്തിലെ ആക്രമിച്ച് ആധിപത്യം സ്ഥാപിക്കുന്ന ശൈലി ന്യൂസിലന്‍ഡിനെതിരെയും രോഹിതിന് ആവർത്തിക്കാനായാല്‍ ഇന്ത്യയ്ക്ക് അനുകൂലമാകും കാര്യങ്ങള്‍.

ഹാർദിക് പാണ്ഡ്യയുടെ അഭാവം ടീം ഘടനയാകെ തെറ്റിച്ചിരിക്കുകയാണ്. ബാറ്റിങ് ഓള്‍ റൗണ്ടറായ ഹാർദിക്കിന്റെ അഭാവം രാഹുല്‍ ദ്രാവിഡ് എങ്ങനെ പരിഹരിക്കുമെന്നതും ന്യൂസിലന്‍ഡിനെതിരെ നിർണായകമാകും. പകരം ഏത് താരത്തെ നിരത്തിയാലും ഹാർദിക്കിലൂടെ ടീമിന് ലഭിക്കുന്ന സന്തുലിതാവസ്ഥ നിലനിർത്താന്‍ കഴിയില്ലെന്നതാണ് വാസ്തവം.

ജസ്പ്രിത് ബുംറ നയിക്കുന്ന ബൗളിങ് നിരയാണ് ന്യൂസിലന്‍ഡിന് മുകളില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്ന മറ്റൊരു ഘടകം. ബുംറയും മുഹമ്മദ് സിറാജും ലോകകപ്പില്‍ കൃത്യതയാർന്ന ബൗളിങ്ങിലൂടെ ബാറ്റർമാർക്ക് വെല്ലുവിളിയായിട്ടുണ്ട്. കുല്‍ദീപ് യാദവ് - രവീന്ദ്ര ജഡേജ സ്പിന്‍ ദ്വയത്തിന് മധ്യ ഓവറുകളില്‍ രോഹിതിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാനായിട്ടുണ്ട്.

മറുവശത്ത് ന്യൂസിലന്‍ഡും കൂറ്റന്‍ ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് എത്തുന്നത്. ഡെവോണ്‍ കോണ്‍വെയും വില്‍ യങ്ങും ചേരുന്ന ഓപ്പണിങ് നിരയെ പൂട്ടുക എന്ന വെല്ലുവളി ഇന്ത്യന്‍ ബൗളർമാർക്ക് മുന്നിലുണ്ട്. അവസാന ഓവറുകളില്‍ കത്തിക്കയറാന്‍ കെല്‍പ്പുള്ള ടോം ലാഥവു ഗ്ലെന്‍ ഫിലിപ്സുമെല്ലാം രോഹിതിന്റെ നായകമികവിനെ പരീക്ഷിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. പരുക്കേറ്റ കെയിന്‍ വില്യംസണ്‍ കളിക്കുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

ലോകകപ്പില്‍ ഇതുവരെ മൂന്ന് മത്സരങ്ങള്‍ക്കാണ് ധരംശാല ആതിഥേയത്വം വഹിച്ചത്. കഴിഞ്ഞ രണ്ട് കളികളിലും ആദ്യം ബാറ്റ് ചെയ്തവർക്കൊപ്പമായിരുന്നു ജയം. അതിനാൽ ടോസ് നിർണായകമാകുമെന്ന് തീർച്ച. ടൂർണമെന്റില്‍ ഇതുവരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്തിട്ടില്ലെന്ന മറ്റൊരു വസ്തുതയും നിലനില്‍ക്കുന്നു. ന്യൂസിലന്‍ഡ് പോലൊരു മികച്ച ബൗളിങ് നിരയ്ക്കെതിരെ ആദ്യ ബാറ്റ് ചെയ്ത് മികച്ച സ്കോർ കണ്ടെത്താനായാല്‍ ഇന്ത്യയുടെ ആത്മവിശ്വാസം വർധിക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും