കോഹ്ലി-രാഹുല്‍ മാസ്റ്റര്‍ക്ലാസ്! ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഓസ്ട്രേലിയ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 8.4 ഓവര്‍ ബാക്കി നില്‍ക്കെയാണ് മറികടന്നത്. രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് ബാറ്റിങ് തകര്‍ച്ച നേരിട്ടതിന് ശേഷമായിരുന്നു നീലപ്പടയുടെ തിരിച്ചുവരവ്. കെ എല്‍ രാഹുല്‍ (97*) - വിരാട് കോഹ്ലി (85) സഖ്യത്തിന്റെ 165 റണ്‍സ് കൂട്ടുകെട്ടാണ് വിജയത്തില്‍ നിര്‍ണായകമായത്.
ചെപ്പോക്കിലെ നീലക്കടല്‍ നിശബ്ദമാക്കിക്കൊണ്ടായിരുന്നു ഓസ്ട്രേലിയയുടെ തുടക്കം. തന്റെ കന്നി ലോകകപ്പില്‍ നേരിട്ട ആദ്യ പന്തില്‍ ഇഷാന്‍ കിഷന്‍ (0) പുറത്ത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഡ്രൈവിന് ശ്രമിച്ച കിഷന്‍ ഫസ്റ്റ് സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീനിന്റെ കൈകളിലെത്തി. നായകന്‍ രോഹിത് ശര്‍മയെ (0) ഇന്‍സ്വിങ്ങില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി ജോഷ് ഹെയ്സല്‍വുഡ് വക ആതിഥേയര്‍ക്ക് രണ്ടാം പ്രഹരം. നാലാമനായെത്തിയ ശ്രേയസ് അയ്യരിനും (0) ഹെയ്സല്‍വുഡിനെ അതിജീവിക്കാനായില്ല. വാര്‍ണറിന് ക്യാച്ച് നല്‍കിയാണ് അയ്യരുടെ മടക്കം.
രണ്ട് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റ്. നാല് മുന്‍നിര ബാറ്റര്‍മാരില്‍ മൂന്ന് പേരും റണ്ണൊന്നുമെടുക്കാതെ പവലിയനിലെത്തി. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇത് ആദ്യമയാണ് സംഭവിക്കുന്നത്. മൂന്ന് വിക്കറ്റ് വീണ് പിന്‍സീറ്റിലായ ഇന്ത്യയെ ഡ്രൈവിങ് സീറ്റിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമമായിരുന്നു പിന്നീട് വിരാട് കോഹ്ലിയും കെ എല്‍ രാഹുലും ചേര്‍ന്ന് നടത്തിയത്.
ഏഴാം ഓവറില്‍ കോഹ്ലി നല്‍കിയ അനായാസ ക്യാച്ച് മിച്ചല്‍ മാര്‍ഷ് വിട്ടുകളഞ്ഞതാണ് രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയ നേരിട്ട ആദ്യ തിരിച്ചടി. കോഹ്ലി 12 റണ്‍സില്‍ നില്‍ക്കെയായിരുന്നു മാര്‍ഷ് അവസരം പാഴാക്കിയത്. ആദ്യ പത്ത് ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 27-3 എന്ന നിലയില്‍ പ്രതിരോധത്തില്‍ തന്നെയായിരുന്നു. പിന്നീടാണ് കോഹ്ലി-രാഹുല്‍ സഖ്യം സ്കോര്‍ബോര്‍ഡ് ചലിപ്പിച്ച് തുടങ്ങിയത്.
മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരുടെ അഭാവവും ചെന്നൈയിലെ ഉഷ്ണാന്തരീക്ഷവും ഓസ്ട്രേലിയ്ക്ക് വെല്ലുവിളിയായി. മാക്സ്വെല്ലിനെ കരുതലോടെ നേരിട്ടപ്പോള്‍ അപകടകാരിയായ ആദം സാമ്പയ്ക്ക് മുകളില്‍ തുടക്കത്തിലെ തന്നെ സഖ്യം ആധിപത്യം സ്ഥാപിച്ചു. സാമ്പയുടെ ആദ്യ ഓവറില്‍ തന്നെ മൂന്ന് ബൗണ്ടറികളാണ് രാഹുല്‍ നേടിയത്. കോഹ്ലി 78 പന്തിലും രാഹുല്‍ 74 പന്തിലും അര്‍ദ്ധ സെഞ്ചുറി തികച്ചു.
100 റണ്‍സ് കൂട്ടുകെട്ടിലേക്കും ഇരുവരും എത്തിയതോടെയാണ് ഇന്ത്യന്‍ ക്യാമ്പില്‍ ആശ്വാസം വീണത്. ഇത് മൂന്നാം തവണയാണ് ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ഒരു ഇന്ത്യന്‍ സഖ്യം 100 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്ന്. 30 ഓവര്‍ വരെ അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെയായിരുന്നു രാഹുലും കോഹ്ലിയും ബാറ്റ് വീശിയത്. പിന്നീട് ഫീല്‍ഡിങ്ങിലെ വിള്ളലുകള്‍ മനസിലാക്കി ഇരുവരും അനായാസം ബൗണ്ടറികള്‍ നേടിത്തുടങ്ങി.
കോഹ്ലിയുടെ 48-ാം ഏകദിന സെഞ്ചുറിക്ക് കാത്തിരുന്ന ചെപ്പോക്കിലെ ആരാധകര്‍ക്ക് ഹെയ്സല്‍വുഡ് നിരാശ സമ്മാനിച്ചു. 85 റണ്‍സെടുത്ത താരം മിഡ് വിക്കറ്റില്‍ ലെബുഷെയ്ന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. 116 പന്തില്‍ ആറ്‍ ബൗണ്ടറികള്‍ ഉള്‍പ്പടെയായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. ഇതോടെ 165 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിക്കാനും ഓസീസിനായി. പിന്നീട് രാഹുലും ഹാര്‍ദിക്ക് പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയെ അനായാസം ലക്ഷ്യം മറികടത്തി. 97 റണ്‍സെടുത്താണ് രാഹുല്‍ പുറത്താകാതെ നിന്നത്. എട്ട് ഫോറും രണ്ട് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറില്‍ 199 റണ്‍സിന് പുറത്താവുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തിട്ടും ഇന്ത്യന്‍ സ്പിന്നര്‍മാരെ അതിജീവിക്കാന്‍ കഴിയാതെ പോയതാണ് ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയ്ക്ക് തിരച്ചടിയായത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും കുല്‍ദീപ് യാദവ്, ജസപ്രിത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. മുഹമ്മദ് സിറാജും ഹാര്‍ദിക്ക് പാണ്ഡ്യയുമാണ് മറ്റ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 46 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്താണ് ഓസീസ് ടോപ് സ്കോറര്‍.