CRICKET

'നിറകണ്ണുകളോടെ ഓടിയെത്തിയത് അഫ്ഗാനിയല്ല, ഇന്ത്യന്‍ ബാലന്‍'; വെളിപ്പെടുത്തി മുജീബ് ഉര്‍ റഹ്മാന്‍

കുട്ടി അഫ്ഗാന്‍ സ്വദേശിയായിരുന്നതിനാലാണ് വൈകാരികമായി വിജയത്തെ ഉള്‍ക്കൊണ്ടതെന്നായിരുന്നു നെറ്റിസണ്‍സിന്റെ വിലയിരുത്തല്‍

വെബ് ഡെസ്ക്

ക്രിക്കറ്റിനെ ഏറെ വൈകാരികമായി കാണുന്ന ജനതയാണ് ഇന്ത്യയുടേത്. പലപ്പോഴും അത് കളത്തിലേക്കും എത്താറുണ്ട്. പ്രിയ താരത്തിന്റെ അരികിലേക്ക് ഓടിയെത്തുന്നതും കാലില്‍ തൊട്ട് വണങ്ങുന്നതുമെല്ലാം കാലങ്ങളോളമായി ഇന്ത്യയിലെ ക്രിക്കറ്റ് മൈതാനങ്ങളില്‍ കണ്ടു വരുന്ന കാഴ്ചകളാണ്. പക്ഷെ കഴിഞ്ഞ ദിവസം ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്താന്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ചപ്പോള്‍ നിറകണ്ണുകളോടെ ഒരു കുട്ടി മുജീബ് ഉര്‍ റഹ്മാനെ ആശ്ലേഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

കുട്ടി അഫ്ഗാന്‍ സ്വദേശിയായിരുന്നതിനാലാണ് വൈകാരികമായി വിജയത്തെ ഉള്‍ക്കൊണ്ടതെന്നായിരുന്നു നെറ്റിസണ്‍സിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ അഫ്ഗാന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച മുജീബ് തന്നെ വ്യക്തത വരുത്തിയിരിക്കുകയാണിപ്പോള്‍. സമൂഹമാധ്യമമായ എക്സിലൂടെയാണ് മുജീബ് കുട്ടിയുടെ വിവരങ്ങള്‍ പങ്കുവച്ചത്.

‍"ഞങ്ങളുടെ വിജയത്തില്‍ സന്തോഷിച്ചത് ഒരു ഇന്ത്യന്‍ ബാലനായിരുന്നു. ഡല്‍ഹിയില്‍ വച്ച് കുട്ടിയെ കണ്ടുമുട്ടാനായതില്‍ അതിയായ സന്തോഷമുണ്ട്. ക്രിക്കറ്റൊരു കളി മാത്രമല്ല, വികാരം കൂടിയാണ്. ഞങ്ങളെ പിന്തുണയ്ക്കാന്‍ ഡല്‍ഹിയിലെത്തിയ എല്ലാ കാണികള്‍ക്കും നന്ദി. നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണ വിലമതിക്കാനാകാത്തതാണ്. ഡല്‍ഹിയുടെ സ്നേഹത്തിന് നന്ദി," മുജീബ് കുട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം എക്സില്‍ കുറിച്ചു.

യുദ്ധക്കെടുതികളും അധിനിവേശവും ഭൂകമ്പങ്ങളടക്കമുള്ള തുടര്‍ച്ചയായ പ്രകൃതിക്ഷോഭങ്ങളും മൂലം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അഫ്ഗാനിസ്താന്‍ ജനതയ്ക്കായിരുന്നു മുജീബ് വിജയം സമ്മാനിച്ചത്. ''ഇത്തരമൊരു അവസരത്തിന് വേണ്ടിയായിരുന്നു ദീര്‍ഘനാളായി ഞങ്ങള്‍ കഠിനാധ്വാനം ചെയ്തിരുന്നത്. ഭൂകമ്പബാധിതരായ ഞങ്ങളുടെ ജനങ്ങള്‍ക്ക് ഈ വിജയം സമര്‍പ്പിക്കുന്നു. ഒരു ടീമെന്ന നിലയിലും ഞങ്ങള്‍ക്കും ഒരു താരമെന്ന നിലയില്‍ എനിക്കും ചെയ്യാന്‍ കഴിയുന്നത് ഇതാണ്'' -മത്സര ശേഷം മുജീബ് പറഞ്ഞു.

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ കീഴടക്കിയായിരുന്നു 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ അട്ടിമറി അഫ്ഗാനിസ്താന്‍ സ്വന്തം പേരിലെഴുതിയത്. അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 40.3 ഓവറില്‍ 215 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുജീബ് ഉര്‍ റഹ്മാനും റാഷിദ് ഖാനുമാണ് അഫ്ഗാനിസ്താനായി തിളങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ റഹ്മാനുള്ള ഗുര്‍ബാസ് (80), ഇക്രം അലിഖില്‍ (58) എന്നിവരുടെ അര്‍ദ്ധസെഞ്ചുറി മികവിലാണ് ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ചത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി