CRICKET

CWC2023 | ഗില്‍ വക ശുഭാരംഭം, വീറോടെ കോഹ്ലി, ശ്രേയസുയര്‍ത്തി അയ്യര്‍; സെമിയില്‍ സ്വപ്‌നതുല്യ സ്‌കോറുമായി ഇന്ത്യ

വെബ് ഡെസ്ക്

വാങ്ക്ഡേയിലെ ചരിത്രമുറങ്ങുന്ന മൈതാനത്ത് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറെ സാക്ഷിയാക്കി കോഹ്ലിക്ക് 50-ാം ഏകദിന സെഞ്ചുറി. ഒപ്പം ശ്രേയസ് അയ്യരിന്റെ സെഞ്ചുറി, ശുഭ്മാന്‍ ഗില്‍, രോഹിത് ശർമ, കെഎല്‍ രാഹുല്‍ എന്നിവരുടെ തിളക്കമാർന്ന ഇന്നിങ്സുകള്‍. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ബാറ്റിങ് നിര എതിർപാളയത്തിലെ ബൗളർമാരെ കാഴ്ചക്കാരാക്കി മാറ്റിയപ്പോള്‍ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിന് മുന്നിലുയർന്നത് 398 റണ്‍സ് വിജയലക്ഷ്യം.

നായകന്‍ രോഹിത് ശർമയുടെ മിന്നലാക്രമണമായിരുന്നു വാങ്ക്ഡേയില്‍ ആദ്യം. ന്യൂസിലന്‍ഡ് ബൗളർമാരെ നിലയുറപ്പിക്കാന്‍ രോഹിത് അനുവദിച്ചില്ല. ട്രെന്‍ ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെർഗൂസണ്‍ മിച്ചല്‍ സാന്റ്നർ എന്നിവർക്ക് രോഹിതിന്റെ പ്രഹരത്തിന് മറുപടിയുണ്ടായിരുന്നില്ല. 29 പന്തില്‍ നാല് വീതം ഫോറും സിക്സും ഉള്‍പ്പടെ 47 റണ്‍സെടുത്ത് ഇന്ത്യയുടെ കളത്തിലെ നിലപാട് വ്യക്തമാക്കി രോഹിത് മടങ്ങി.

പിന്നാലെ ശുഭ്മാന്‍ ഗില്ലിന്റെ ഊഴമായിരുന്നു. കോഹ്ലി നിലയുറപ്പിക്കാന്‍ എടുത്ത സമയത്ത് ഗില്ലാക്രമണത്തിനായിരുന്നു വാങ്ക്ഡെ സാക്ഷ്യം വഹിച്ചത്. ഗില്ലിന്റെ ക്ലാസ് കിവി ബൗളർമാർ വീണ്ടും രുചിച്ചു 23-ാം ഓവറില്‍ പേശി വലിവിനെ തുടർന്ന് കളം വിടേണ്ടി വന്നു താരത്തിന്. 66 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ 80 റണ്‍സ് ഗില്‍ നേടി.

പിന്നാലെ എത്തിയ ശ്രേയസ് അയ്യരിനെ കൂട്ടുപിടിച്ച് കോഹ്ലി പതിവ് തുടർന്നു. ഇന്ത്യന്‍ ഇന്നിങ്സിനെ കെട്ടിപ്പടുക്കുക എന്ന ഉത്തരവാദിത്തം കൃത്യമായി കോഹ്ലി നിറവേറ്റി. തനതുശൈലിയില്‍ ബാറ്റ് വീശിയ താരം റെക്കോഡുകളിലേക്ക് അനായാസം നടന്നു കയറി. 34-ാം ഓവറില്‍ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (673) നേടുന്ന താരമെന്ന സച്ചിന്റെ റെക്കോഡ് കോഹ്ലി മറികടന്നു. ഗ്ലെന്‍ ഫിലിപ്‌സ് എറിഞ്ഞ മൂന്നാം പന്തില്‍ ബാക്ക്‌വേഡ് സ്‌ക്വയര്‍ ലെഗ്ഗിലേക്ക് തട്ടിയിട്ട് സിംഗിള്‍ നേടിയാണ് കോഹ്ലി അപൂര്‍വ നേട്ടത്തിലെത്തിയത്

കോഹ്ലി നിലയുറപ്പിച്ചപ്പോള്‍ രോഹിത്-ഗില്‍ ശൈലിയിലായിരുന്നു ശ്രേയസ് ബാറ്റ് വീശിയത്. മിച്ചല്‍ സാന്റ്നറും രച്ചിന്‍ രവീന്ദ്രയും പലകുറി വാങ്ക്ഡേയുടെ രണ്ടാം ടിയറിലെത്തി.

മത്സരത്തിന്റെ 42-ാം ഓവറിലായിരുന്നു ചരിത്ര മുഹൂർത്തം. 106-ാം പന്തില്‍ തന്റെ 50-ാം ഏകദിന സെഞ്ചുറി കോഹ്ലി സ്വന്തമാക്കി. പിന്നാലെ സച്ചിനെ അഭിവാദ്യം ചെയ്തായിരുന്നു റെക്കോഡ് ആഘോഷിച്ചത്. ഏകദിന ലോകകപ്പുകളിലെ കോഹ്ലിയുടെ അഞ്ചാം സെഞ്ചുറിയാണിത്. ഈ ലോകകപ്പില്‍ മാത്രം മൂന്ന് സെഞ്ചുറികളും കോഹ്ലി സ്വന്തമാക്കി.

ശതകം പിന്നിട്ടതോടെ കോഹ്ലിയും ശ്രേയസും ഒരേ പാത സ്വീകരിച്ചു. പക്ഷെ അധികനേരം തുടരാന്‍ കോഹ്ലിക്കായില്ല. 113 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്സും അടങ്ങിയ കോഹ്ലിയുടെ (117) ഇന്നിങ്സ് സൗത്തിയുടെ പന്തില്‍ കോണ്‍വെയുടെ കൈകളിലാണ് അവസാനിച്ചത്.

അടുത്ത ഊഴം ശ്രേയസിന്റേതായിരുന്നു. 67-ാം പന്തില്‍ ശ്രേയസും സെഞ്ചുറി തികച്ചു. ലോകകപ്പിലെ തുടർച്ചയായ രണ്ടാം ശതകമാണ് ശ്രേയസിന്റേത്. അവസാന ഓവറുകളില്‍ രാഹുലും ശ്രേയസും ചേർത്ത് ഫിഫ്ത്ത് ഗിയറിലേക്ക് എത്തിച്ചു. പക്ഷെ 49-ാം ഓവറില്‍ ശ്രേയസ് പുറത്തായി. 70 പന്തില്‍ 105 റണ്‍സാണ് ശ്രേയസ് നേടിയത്. നാല് ഫോറും എട്ട് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. 20 പന്തില്‍ 39 റണ്‍സെടുത്ത രാഹുലാണ് ഇന്ത്യന്‍ സ്കോർ 397ലെത്തിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും