ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താന്‍ - ഓസ്ട്രേലിയ മത്സരത്തിനിടെ പാകിസ്താനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ച ആരാധകനോട് കയർത്ത് പോലീസ് ഉദ്യോഗസ്ഥന്‍. പാകിസ്താന്റെ ജേഴ്സി അണിഞ്ഞെത്തിയ ആരാധകന്‍ പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലുണ്ടായത്.
പാകിസ്താനില്‍ നിന്ന് വന്ന ഞാന്‍ പാകിസ്താന്‍ സിന്ദാബാദ് എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്പാക് ആരാധകന്‍
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥനും ആരാധകനും വാക്കേറ്റത്തില്‍ ഏർപ്പെടുന്നതായി കാണാം. "ഞാന്‍ പാകിസ്താനിയാണ്. ഭാരത് മാതാ കി ജയ് എന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് വിളിക്കാം. പക്ഷെ എനിക്ക് ഇന്ത്യക്ക് പിന്തുണ നല്‍കാനാകില്ല. പാകിസ്താനില്‍ നിന്ന് വന്ന ഞാന്‍ പാകിസ്താന്‍ സിന്ദാബാദ് എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്," പാക് ആരാധകന്‍ ചോദിക്കുന്നു.
പാക് ആരാധകനോട് വാക്കേറ്റം ഒഴിവാക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. പാക് ആരാധകന്‍ ദൃശ്യങ്ങള്‍ പകർത്തുന്നുണ്ടെന്ന് മനസിലാക്കിയതോടെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ പിന്മാറിയത്.
അതേസമയം, പാകിസ്താനെ 62 റണ്‍സിന് തകർത്ത് ടൂർണമെന്റിലെ രണ്ടാം ജയം ഓസ്ട്രേലിയ സ്വന്തമാക്കി. കംഗാരുപ്പട ഉയർത്തിയ 368 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന് ആദം സാമ്പയുടെ സ്പിന്‍ മികവിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ബാബർ അസം, ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ നിർണായക വിക്കറ്റുകള്‍ സാമ്പ പിഴുതു. 305 റണ്‍സില്‍ പാകിസ്താന്‍ ഇന്നിങ്സ് അവസാനിച്ചു.