CRICKET

CWC2023 | ഇരട്ടസെഞ്ചുറിക്കരുത്ത്, ലങ്കയ്ക്ക് 'കുശാല്‍'; പാകിസ്താനെതിരേ ഒമ്പതിന് 344

വെബ് ഡെസ്ക്

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനെതിരെ 345 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ശ്രീലങ്ക. കുശാല്‍ മെന്‍ഡിസ് (122), സദീര സമരവിക്രമെ (108) എന്നിവരുടെ സെഞ്ചുറി മികവിലാണ് ലങ്ക കൂറ്റന്‍ സ്കോര്‍ കണ്ടെത്തിയത്. അര്‍ദ്ധ സെഞ്ചുറി നേടിയ പാത്തും നിസാങ്കയാണ് മറ്റൊരു പ്രധാന സ്കോറര്‍. പാകിസ്താനായി ഹസന്‍ അലി നാല് വിക്കറ്റ് നേടി.

രണ്ടാം ഓവറില്‍ കുശാല്‍ പെരേര പൂജ്യനായി മടങ്ങിയെങ്കിലും നിസാങ്കയും കുശാലും ചേര്‍ന്ന് പാകിസ്താന്‍ ബൗളിങ് നിരയെ ഹൈദരബാദില്‍ കണക്കിന് ശിക്ഷിച്ചു. ബൗളിങ്ങിന് കാര്യമായ പിന്തുണ നല്‍കാത്ത വിക്കറ്റില്‍ ഇരുവരും അനായാസമായിരുന്നു റണ്‍സ് കണ്ടെത്തിയത്. രണ്ടാം വിക്കറ്റില്‍ 102 റണ്‍സാണ് സഖ്യം ചേര്‍ത്തത്. നിസാങ്കയെ മടക്കി ഷദാബ് ഖാനാണ് കൂട്ടുകെട്ട് പൊളിച്ചത്.

നാലാമനായി സമരവിക്രമയെത്തിയെങ്കിലും കുശാലിന്റെ വെടിക്കെട്ട് തുടര്‍ന്നു. സമരവിക്രമെ സ്ട്രൈക്ക് കൈമാറി കുശാലിന് അവസരം ഒരുക്കി നല്‍കിയതോടെ പാകിസ്താന് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായി. ലോകകപ്പില്‍ തീ തുപ്പുമെന്ന് പ്രതീക്ഷിച്ച പാക് ബൗളര്‍മാര്‍ അപ്പാടെ കിതയ്ക്കുകയായിരുന്നു. 77 പന്തില്‍ 14 ഫോറും ആറ് സിക്സും ഉള്‍പ്പടെ 122 റണ്‍സാണ് കുശാലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

കുശാലിനേയും മടക്കിയത് ഹസന്‍ തന്നെയായിരുന്നു. താരം പുറത്താകുമ്പോള്‍ ശ്രീലങ്കയുടെ സ്കോര്‍ 28.5 ഓവറില്‍ 218-3 എന്ന നിലയിലായിരുന്നു. പിന്നീട് സമരവിക്രമയും മൂന്നക്കം കടന്നെങ്കിലും മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. 89 പന്തില്‍ 11 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 108 റണ്‍സ് നേടിയ സമരവിക്രമയുടെ വിക്കറ്റും ഹസനാണ് സ്വന്തമാക്കിയത്.

ചരിത് അസലങ്ക (1), ധനഞ്ജയ ഡി സില്‍വ (25), ദസുന്‍ ഷനക (12), ദുനിത് വെല്ലലാഗെ (10), മഹീഷ് തീക്ഷണ (0) എന്നിവരുടെ മോശം പ്രകടനം 344 എന്ന സ്കോറിലേക്ക് ലങ്കയെ ഒതുക്കി. ഹസന് പുറമെ ഹാരിസ് റൗഫ് രണ്ടും ഷഹീന്‍ അഫ്രിദി, മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും