ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനെതിരെ ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സാണെടുത്തത്. രച്ചിന്‍ രവീന്ദ്ര (108), കെയിന്‍ വില്യംസണ്‍ (95) എന്നിവരാണ് നിർണായക മത്സരത്തില് കിവീസിന് വേണ്ടി തിളങ്ങിയത്.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയിട്ടും ബൗളിങ് തിരഞ്ഞെടുത്ത നായകന്‍ ബാബർ അസമിന്റെ തീരുമാനം തെറ്റാണെന്ന തെളിയിക്കുന്നതായിരുന്നു ന്യൂസിലന്‍ഡിന്റെ ബാറ്റിങ് പ്രകടനം. ഒന്നാം വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെ - രച്ചിന്‍ രവീന്ദ്ര സഖ്യം 68 റണ്‍സാണ് ചേർത്തത്. കോണ്‍വെയെ പുറത്താക്കാന്‍ ഹസന്‍ അലിയിലൂടെ പാകിസ്താന് സാധിച്ചു. പക്ഷേ, പരുക്കില്‍ നിന്ന് മടങ്ങിയെത്തിയ കെയിന്‍ വില്യംസണിനെ കൂട്ടുപിടിച്ച് രച്ചിന്‍ കിവീസിനെ മുന്നോട്ട് നയിച്ചു.
രണ്ടാം വിക്കറ്റിനായി പാകിസ്താന്‍ ബൗളിങ് നിരയ്ക്ക് കാത്തിരിക്കേണ്ടി വന്നത് 35-ാം ഓവർ വരെയായിരുന്നു. 180 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ കിവീസ് നേടിയത്. സെഞ്ചുറിക്ക് അഞ്ച് റണ്‍സ് അകലെ വില്യംസണിനെ വിക്കറ്റിന് മുന്നില്‍ കുടിക്കി ഇഫ്തിഖർ അഹമ്മദാണ് ബാബറിന് ആശ്വാസം പകർന്നത്. വില്യംസണിന്റെ വിക്കറ്റ് വീഴുന്നതിന് മുന്‍പ് തന്നെ രച്ചിന്‍ ടൂർണമെന്റില്‍ മൂന്നാം തവണ ശതകം തൊട്ടു. 88 പന്തുകളില്‍ നിന്നായിരുന്നു താരത്തിന്റെ നേട്ടം.
94 പന്തില്‍ 15 ഫോറും ഒരു സിക്സും ഉള്‍പ്പടെ 108 റണ്‍സെടുത്ത രച്ചിനെ വില്യംസണിന് പിന്നാലെ തന്നെ പവലിയനിലേക്ക് മടക്കാനായെങ്കിലും റണ്ണൊഴുക്ക് തടയാന്‍ പാകിസ്താന്‍ ബൗളിങ് നിരയ്ക്കായില്ല. ഡാരില്‍ മിച്ചല്‍ (29), മാർക്ക് ചാപ്മാന്‍ (39), ഗ്ലെന്‍ ഫിലിപ്സ് (41), സാന്റ്നർ (26) എന്നിവരുടെ ക്യാമിയോകളാണ് കിവീസിനെ 400 കടത്തിയത്.
പാകിസ്താനായി മുഹമ്മദ് വസീം ജൂനിയർ മൂന്ന് വിക്കറ്റെടുത്തു. ഹാരിസ് റൗഫ്, ഹസന്‍ അലി, ഇഫ്തിഖർ എന്നിവരാണ് മറ്റ് വിക്കറ്റുകള്‍ വീഴ്ത്തിയത്.