CRICKET

CWC2023 | ഇന്ത്യ-പാക് പോരിന് കളമൊരുങ്ങുമോ? പാകിസ്താന്റെ സെമിഫൈനല്‍ സാധ്യതകള്‍ ഇങ്ങനെ

വെബ് ഡെസ്ക്

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവുമധികം കാണികളെ ആകർഷിച്ചതും ആവേശമുണ്ടാക്കിയതും ഇന്ത്യ-പാകിസ്താന്‍ മത്സരമായിരുന്നു. വീണ്ടുമൊരു ക്ലാസിക് പോരിന് കളം ഒരുങ്ങാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. അഫ്ഗാനിസ്താനെ കഴിഞ്ഞ ദിവസം ഓസ്ട്രേലിയ കീഴടക്കിയതോടെ സെമി ഫൈനലിന്റെ പാതി ചിത്രം തെളിഞ്ഞിരിക്കുകയാണ്. രണ്ടാം സെമിയില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇന്ത്യയുടെ എതിരാളികള്‍ ആരാകുമെന്നതാണ് ഇനിയുള്ള ചോദ്യം, പാകിസ്താനോ ന്യൂസിലന്‍ഡോ അഫ്ഗാനിസ്താനോ?

ന്യൂസിലന്‍ഡിനാണ് മുന്‍തൂക്കമെങ്കിലും പാകിസ്താനെ തള്ളിക്കളയാനാകില്ല. എട്ട് കളികളില്‍നിന്ന് എട്ട് പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബാബർ അസമും സംഘവും. പാകിസ്താന്റെ നെറ്റ് റണ്‍റേറ്റ് 0.036 ആണ്. ലീഗിലെ അവസാന മത്സരത്തില്‍ പാകിസ്താന്റെ എതിരാളികള്‍ ടൂർണമെന്റില്‍നിന്ന് ഇതിനോടകം പുറത്തായ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാർഡന്‍സില്‍ നവംബർ 11നാണ് മത്സരം.

ന്യൂസിലന്‍ഡാണ് നിലവില്‍ പട്ടികയില്‍ എട്ട് പോയിന്റുമായി നാലാമത്. 0.398 എന്ന നെറ്റ് റണ്‍ റേറ്റാണ് പാകിസ്താന് മുകളില്‍ കിവീസിനെ എത്തിച്ചത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നവംബർ ഒന്‍പതിന് ശ്രീലങ്കയുമായാണ് ന്യൂസിലന്‍ഡിന്റെ അവസാന മത്സരം.

എട്ട് പോയിന്റുള്ള അഫ്ഗാനിസ്താന്‍ ആറാമതാണ്, -0.338 ആണ് അഫ്ഗാന്റെ നെറ്റ് റണ്‍ റേറ്റ്. നവംബർ 10ന് ദക്ഷിണാഫ്രിക്കയുമായാണ് അഫ്ഗാനിസ്താന്റെ മത്സരം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കളി.

സാധ്യതകള്‍ ഇങ്ങനെ

ശ്രീലങ്കയെ ആധികാരികമായി കീഴടക്കിയാല്‍ ന്യൂസിലന്‍ഡിന് മുന്‍തൂക്കമുണ്ടാകും. പാകിസ്താനുമായുള്ള നെറ്റ് റണ്‍ റേറ്റിലെ വലിയ വ്യത്യാസവും ടീമിനെ തുണയ്ക്കുകയും ചെയ്യും.

ന്യൂസിലന്‍ഡ് വിജയിക്കുകയാണെങ്കില്‍ പാകിസ്താന്റെ സെമി ഫൈനല്‍ സ്വപ്നം പൂവണിയാന്‍ ഇംഗ്ലണ്ടിനെതിരെ വലിയ മാർജിനിലുള്ള വിജയം അനിവാര്യമാണ്. അല്ലെങ്കില്‍ ന്യൂസിലന്‍ഡ് പരാജയപ്പെടുകയും പാകിസ്താന്‍ ഇംഗ്ലണ്ടിനെ കീഴടക്കുകയും വേണം. ശ്രീലങ്ക-ന്യൂസിലന്‍ഡ് മത്സരം നടക്കുന്ന ബെംഗളൂരുവില്‍ മഴ സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

പാകിസ്താനും ന്യൂസിലന്‍ഡും പരാജയപ്പെടുകയാണെങ്കില്‍ അഫ്ഗാനിസ്താന് അനുകൂലമാകും കാര്യങ്ങള്‍. പക്ഷേ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയിക്കണമെന്ന് മാത്രം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും