CRICKET

CWC2023 | മുന്നും പിന്നും ദക്ഷിണാഫ്രിക്ക; ഒന്നല്ല മൂന്ന് തരം

ശ്രീലങ്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിലെ ദക്ഷിണാഫ്രിക്കന്‍ റണ്‍മഴയില്‍ കടപുഴകിയത് റെക്കോഡുകളുടെ നിര തന്നെയായിരുന്നു, ചിലത് സൃഷ്ടിക്കപ്പെടുകയും ചെയ്തു

വെബ് ഡെസ്ക്

കൂറ്റന്‍ സ്കോറുകള്‍ പടുത്തുയര്‍ത്തുക എന്നത് ശീലമാക്കിയ ഒരു ടീമാണ് ദക്ഷിണാഫ്രിക്ക. ലോകകപ്പ് കിരീടപ്പോരാട്ടത്തില്‍ പലപ്പോഴും പാതിവഴിയില്‍ വീണുപോയിട്ടുണ്ടെങ്കിലും റെക്കോഡുകളുടെ കണക്കുപുസ്തകത്തില്‍ എന്നും ദക്ഷിണാഫ്രിക്ക സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ന് നടന്ന ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. ഡല്‍ഹിയിലെ അരുണ്‍ ജെയിറ്റ്ലി സ്റ്റേഡിയത്തില്‍ പ്രോട്ടിയാസ് റണ്‍മഴ പെയ്യിച്ചപ്പോള്‍ ചില റെക്കോഡുകള്‍ കടപുഴകി വീണു, പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കപ്പെട്ടു.

2015 ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയ സ്ഥാപിച്ച റെക്കോഡാണ് മാര്‍ക്രവും സംഘവും തിരുത്തിയത്

ടോസ് നേടിയിട്ടും ബൗളിങ് തെരഞ്ഞെടുത്ത ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയുടെ കണക്കുകൂട്ടലുകള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ തെറ്റിച്ചു. ക്വിന്റണ്‍ ഡി കോക്ക് (100), റാസി വാന്‍ ഡെര്‍ ഡസന്‍ (108), ഐഡന്‍ മാര്‍ക്രം (106), ഡേവിഡ് മില്ലര്‍ (39*), ഹെന്‍റിച്ച് ക്ലാസന്‍ (32) എന്നിവരുടെ ബാറ്റുകള്‍ ആക്രമണത്തിന്റെ പര്യായമായപ്പോള്‍ ദക്ഷിണാഫ്രിക്ക നേടിയത് 428 റണ്‍സായിരുന്നു.

ഏകദിന ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന സ്കോറാണിത്. 2015 ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയ സ്ഥാപിച്ച റെക്കോഡാണ് മാര്‍ക്രവും സംഘവും തിരുത്തിയത്. അഫ്ഗാനിസ്ഥാനെതിരെ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 417 റണ്‍സായിരുന്നു അന്ന് ഓസ്ട്രേലിയ നേടിയത്. 49-ാം ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയന്‍ സ്കോര്‍ മറികടന്നു.

ലോകകപ്പില്‍ മൂന്നാം തവണയാണ് ദക്ഷിണാഫ്രിക്ക 400 റണ്‍സിലധികം സ്കോര്‍ ചെയ്യുന്നത്. ഈ നേട്ടവും ദക്ഷിണാഫ്രിക്കയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. 2015 ലോകകപ്പിലായിരുന്നു ഇതിന് മുന്‍പ് ദക്ഷിണാഫ്രിക്ക രണ്ട് തവണ 400 കടന്നത്. അയര്‍ലന്‍ഡിനെതിരെ 411-4, വെസ്റ്റ് ഇന്‍ഡീസിനെതിരെ 408-5 എന്നിങ്ങനെയാണ് മറ്റ് രണ്ട് സ്കോറുകള്‍.

ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ തിരുത്തപ്പെട്ട മറ്റൊരു റെക്കോഡ് ലോകകപ്പിലെ വേഗതയേറിയ സെഞ്ചുറിയാണ്. 2011 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ കെവിന്‍ ഒബ്രയാന്‍ 50 പന്തില്‍ സെഞ്ചുറി നേടി കുറിച്ച റെക്കോഡ് മറികടന്നത് ദക്ഷിണാഫ്രിക്കന്‍ നായകന്‍ മാര്‍ക്രമാണ്. 49 പന്തിലായിരുന്നു വലം കയ്യന്‍ ബാറ്റര്‍ മൂന്നക്കം കടന്നത്. 54 പന്തില്‍ 14 ഫോറും നാല് സിക്സും ഉള്‍പ്പടെ 106 റണ്‍സാണ് മാര്‍ക്രം നേടിയത്.

മൂന്ന് താരങ്ങള്‍ ഒരു ഇന്നിങ്സില്‍ സെഞ്ചുറി നേടുന്നതും ലോകകപ്പില്‍ ഇത് ആദ്യമായാണ്. ലോകകപ്പില്‍ ആദ്യമാണെങ്കിലും ക്രിക്കറ്റ് ചരിത്രത്തില്‍ നാലാം തവണയാണ് സംഭവിക്കുന്നത്. മൂന്ന് തവണയും ദക്ഷിണാഫ്രിക്കയായിരുന്നു നേട്ടത്തിന് പിന്നില്‍. 2015ല്‍ വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയുമാണ് പ്രോട്ടിയാസ് ബാറ്റിങ് മികവിന് ഇരകളായത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ