CRICKET

CWC2023 | ഒരു ദക്ഷിണാഫ്രിക്കന്‍ വീരഗാഥ; 'ട്രിപ്പിള്‍ സെഞ്ചുറി' മികവില്‍ അടിച്ചെടുത്തത് 428 റണ്‍സ്

2015 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ കുറിച്ച 417-6 എന്ന റെക്കോഡാണ് ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക തകര്‍ത്തത്

വെബ് ഡെസ്ക്

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ നാലാം മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ റണ്ണൊഴുക്കി ദക്ഷിണാഫ്രിക്ക. ക്വിന്റണ്‍ ഡി കോക്ക്, റാസി വാന്‍ ഡെര്‍ ഡസന്‍, ഐഡന്‍ മാര്‍ക്രം എന്നിവരുടെ സെഞ്ചുറി മികവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് 428 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.

രണ്ടാം ഓവറില്‍ നായകന്‍ ടെമ്പ ബാവുമയുടെ (8) വിക്കറ്റ് വീണശേഷം ഡി കോക്കും ഡസനും ചേര്‍ന്ന് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ബാറ്റിങ് വിരുന്നൊരുക്കുകയായിരുന്നു. തുടക്കം മുതല്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്ക് മുകളില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി ട്വന്റി 20 ശൈലിയിലായിരുന്നു ഇരുവരും ബാറ്റ് വീശിയത്. ഡി കോക്ക് ആക്രമണ ബാറ്റിങ് തുടര്‍ന്നപ്പോള്‍ ഡസന് പിന്തുണ നല്‍കുകയെന്ന ഉത്തരവാദിത്തമായിരുന്നു.

204 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഡി കോക്ക് - ഡസന്‍ സഖ്യം കണ്ടെത്തിയത്. ലോകകപ്പ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയുടെ നാലാമത്തെ ഉയര്‍ന്ന കൂട്ടുകെട്ടാണിത്. 18-ാം ഏകദിന സെഞ്ചുറി തികച്ചതിനുപിന്നാലെ തന്നെ ഡി കോക്ക് മടങ്ങി. 84 പന്തില്‍ 12 ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ 100 റണ്‍സായിരുന്നു ക്രീസ് വിടുമ്പോള്‍ ഇടം കയ്യന്‍ ബാറ്ററുടെ സമ്പാദ്യം. മതീഷ പതിരാനയായിരുന്നു ഡി കോക്കിനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചത്.

നാലാമനായി നായകന്‍ മാര്‍ക്രം എത്തിയതോടെ സ്കോറിങ്ങിന്റെ വേഗതയും കൂടി. ഡസനും വൈകാതെ സെഞ്ചുറി പിന്നിട്ടു. 110 പന്തില്‍ 13 ഫോറും രണ്ട് സിക്സും ഉള്‍പ്പടെ 108 റണ്‍സാണ് യുവതാരം നേടിയത്. ദുനിത് വെല്ലലാഗയാണ് ഡസനെ മടക്കിയത്. പിന്നീട് ഹെന്‍ റിച്ച് ക്ലാസനും മാര്‍ക്രവും ചേര്‍ന്ന് ശ്രീലങ്കന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. ബൗണ്ടറികള്‍ അനായാസം ഇരുവരുടെയും ബാറ്റുകളില്‍നിന്ന് പിറക്കുന്നതാണ് പിന്നീട് കണ്ടത്.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി എന്ന റെക്കോ‍‍ഡ് മാര്‍ക്രം സ്വന്തമാക്കി. 49 പന്തുകളില്‍ നിന്നായിരുന്നു നേട്ടം. ഇംഗ്ലണ്ടിനെതിരെ 50 പന്തില്‍ കെവിന്‍ ഒബ്രയാന്‍ കുറിച്ച റെക്കോഡാണ് താരം മറികടന്നത്. 54 പന്തില്‍ 14 ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ 106 റണ്‍സെടുത്ത് മാര്‍ക്രം പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 383-5.

അവസാന ഓവറുകളില്‍ ഡേവി‍ഡ് മില്ലര്‍ കില്ലര്‍ മില്ലറായപ്പോള്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറിലേക്ക് ദക്ഷിണാഫ്രിക്ക എത്തി. 21 പന്തില്‍ 39 റണ്‍സെടുത്ത മില്ലറിന്റെ ഫിനിഷിങ് മികവില്‍ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 428 റണ്‍സാണ് സ്കോര്‍ ചെയ്തത്. 2015 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ കുറിച്ച 417-6 എന്ന സ്കോറാണ് ദക്ഷിണാഫ്രിക്ക തകര്‍ത്തത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ