91-6 എന്ന സ്കോറില്‍ നിന്ന് 262 റണ്‍സിലേക്ക്! ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ഉജ്ജ്വല തിരിച്ചുവരവുമായി നെതർലന്‍ഡ്സ്. സിബ്രാന്‍ഡ് എംഗല്‍ബ്രെക്റ്റ് (70), ലോഗന്‍ വാന്‍ ബീക്ക് (59) എന്നിവരുടെ അർദ്ധ സെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്കോറിലേക്ക് ഓറഞ്ചുപട എത്തിയത്. ശ്രീലങ്കയ്ക്കായി കാസുന്‍ രജിതയും ദില്‍ഷന്‍ മദുഷനകയും നാല് വിക്കറ്റ് വീതം നേടി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അട്ടിമറി ജയത്തിന്റെ ആത്മവിശ്വാസത്തിലെത്തിയ നെതർലന്‍ഡ്സിന് ശ്രീലങ്കയ്ക്കു മുന്നില്‍ ആദ്യം അടിപതറി. മുന്‍നിര ബാറ്റർമാർക്ക് കാസുന്‍ രജിതയുടേയും ദില്‍ഷന്‍ മദുഷനകയുടേയും ബൗളിങ് മികവിന് മറുപടി നല്‍കാനാകാതെ പോയപ്പോള്‍ ശ്രീലങ്ക 21.2 ഓവറില്‍ 91-6 എന്ന നിലയിലേക്ക് വീണു. 29 റണ്‍സെടുത്ത കോളിന്‍ അക്കർമാന്‍ മാത്രമാണ് ആദ്യ ആറിലെ ടോപ് സ്കോറർ.
നെതർലന്‍ഡ്സിനെ ചെറിയ സ്കോറില്‍ ഒതുക്കാമെന്നുള്ള ലങ്കയുടെ കണക്കുകൂട്ടലുകള്‍ പിന്നീട് പിഴച്ചു. സിബ്രാന്‍ഡ് എംഗല്‍ബ്രെക്റ്റും ലോഗന്‍ വാന്‍ ബീക്കും ചേർന്ന് ഓറഞ്ചുപടയെ തകർച്ചയില്‍ നിന്ന് കരകയറ്റി. ഏഴാം വിക്കറ്റില്‍ 130 റണ്‍സാണ് ഇരുവരും ചേർത്തത്. 82 പന്തില്‍ 70 റണ്‍സെടുത്ത സിബ്രാന്‍ഡിന്റെ വിക്കറ്റ് തെറിപ്പിച്ച് മദുഷനകയാണ് കൂട്ടുകെട്ട് പൊളിച്ചത്. നാല് ഫോറും ഒരു സിക്സുമാണ് താരത്തിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടത്.
സിബ്രാന്‍ഡ് മടങ്ങിയതിന് ശേഷം വാന്‍ ഡെർവ് മേർവിനെ കൂട്ടുപിടിച്ചാണ് വാന്‍ ബീക്ക് നെതർലന്‍ഡ്സിന്റെ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത്. 49-ാം ഓവറില്‍ രജിതയുടെ പന്തില്‍ വാന്‍ ബീക്ക് പുറത്താകുമ്പോള്‍ നെതർലന്‍ഡ്സിന്റെ സ്കോർ 250 കടന്നിരുന്നു. 75 പന്തില്‍ ഒന്ന് വീതം ഫോറും സിക്സും ഉള്‍പ്പടെ 59 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
ഒന്‍പത് ഓവറില്‍ 50 റണ്‍സ് വഴങ്ങിയാണ് രജിത നാല് വിക്കറ്റെടുത്തത്. മദുഷനക 9.4 ഓവറില്‍ 49 റണ്‍ വിട്ടുകൊടുത്തായിരുന്നു നാല് വിക്കറ്റ് വീഴ്ത്തിയത്. മഹീഷ് തീക്ഷണയാണ് മറ്റൊരു വിക്കറ്റ് ടേക്കർ.